മലപ്പുറം: ഐ.എസ്.എൽ ആവേശത്തിനൊപ്പം സെവൻസ് മൈതാനങ്ങളിലും ഇനി കളിയുടെ പൂരം. ഈ വർഷത്തെ ആദ്യ ടൂർണമെൻറിന് ഞായറാഴ്ച മമ്പാട് ഫ്രൻഡ്സ് സ്റ്റേഡിയത്തിൽ പന്തുരുളുന്നതോടെ ജില്ലയിലെ സെവൻസ് ഫുട്ബാൾ ടൂർണമെൻറുകൾക്ക് ഒൗദ്യോഗിക തുടക്കമാകും. സെവൻസ് ഫുട്ബാൾ അസോസിയേഷെൻറ അംഗീകാരത്തോടെ 22 ടൂർണമെൻറുകളാണ് നടക്കുക.
ഒരു ടീമിൽ അഞ്ച് വിദേശതാരങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും മൂന്നുപേർക്കേ കളിക്കാനാവൂ. വിദേശ താരങ്ങൾക്ക് പരിക്കോ മറ്റു കാരണങ്ങളാലോ കളിക്കാൻ കഴിയാതെ വന്നാൽ മറ്റു രണ്ടുപേർക്ക് ഇറങ്ങാം. ചുവപ്പ് കാർഡ് സംബന്ധിച്ചുള്ള നിയമം ഇത്തവണ പരിഷ്കരിച്ചിട്ടുണ്ട്. ചുവപ്പ് കാർഡ് കിട്ടിയ കളിക്കാരനെ തുടർന്നുള്ള ഒരു മത്സരത്തിൽനിന്ന് മാറ്റിനിർത്തും. സി.സി.ടി.വി കാമറകളും ടൈമറും എല്ലാ മൈതാനങ്ങളിലും സ്ഥാപിക്കും. ഫ്രൻഡ്സ് മമ്പാട് ടൂർണമെൻറ് ഡിസംബർ 19ന് അവസാനിക്കും. 24 ടീമുകൾ പങ്കെടുക്കും. വൈകീട്ട് ഏഴിന് മെഡിഗാർഡ് അരിക്കോടും ലിൻഷാ മണ്ണാർക്കാടും തമ്മിലാണ് ആദ്യമത്സരം. എല്ലാ ദിവസവും അണ്ടർ 17 ടീമുകളുടെ മത്സരങ്ങളും നടക്കും.
ഉദ്ഘാടന ദിവസം വൈകീട്ട് അഞ്ചിന് മമ്പാട് ടൗണിൽനിന്ന് ഘോഷയാത്രയും തുടർന്ന് 6.30ന് ഗാനമേളയും നടക്കുമെന്ന് എസ്.എഫ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്റഫ്, ജില്ല പ്രസിഡൻറ് യാഷിഖ്, ടൂർണമെൻറ് കമ്മിറ്റി കൺവീനർ സലാഹുദ്ദീൻ, അഷ്റഫ്, നൗഫൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.