മഡ്രിഡ്: 11 വർഷക്കാലം ഇളക്കമില്ലാതെ നിലനിർത്തിയ റെക്കോഡിെൻറ കനവുമായാണ് ജിയാൻലൂയിജി ബുഫണും സംഘവും മഡ്രിഡിൽ വിമാനമിറങ്ങിയത്. 2006ന് ശേഷം ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു കളിയും തോൽക്കാത്ത ഇറ്റലി. പക്ഷേ, ആ കുതിപ്പിന് ഇക്കുറി സ്പാനിഷ് പട തടയിട്ടു. ലോകകപ്പ് യൂറോപ്യൻ യോഗ്യത റൗണ്ടിലെ ഗ്രൂപ് ‘ജി’ മത്സരത്തിൽ 3-0ത്തിന് ഇറ്റലിയെ തരിപ്പണമാക്കിയ സ്പെയിൻ ഒന്നാമതെത്തി യോഗ്യതക്കരികിലെത്തി. റയൽ മഡ്രിഡിെൻറ സൂപ്പർ താരം ഇസ്കോ രണ്ടുവട്ടം ബുഫണിനെ കബളിപ്പിച്ചപ്പോൾ, ചെൽസി സ്ട്രൈക്കർ അൽവാരോ മൊറാറ്റയാണ് മറ്റൊരു ഗോൾ നേടിയത്. ജയത്തോടെ, പോയൻറ് പട്ടികയിൽ ഒപ്പത്തിനൊപ്പമായിരുന്ന ഇറ്റലിയെ മറികടന്ന് സ്പെയിൻ (19) ഒന്നാമതെത്തി. ഇറ്റലി (16) രണ്ടും അൽേബനിയ (12) മൂന്നും സ്ഥാനത്താണ്.
കഴിഞ്ഞ യൂറോകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനിനെ 2-0ത്തിന് തോൽപിച്ചതിെൻറ ആത്മവിശ്വാസത്തിലാണ് ഇറ്റലി മഡ്രിഡിലേക്ക് പറന്നത്. എന്നാൽ, ലോകകപ്പിലും യൂറോകപ്പിലും തോറ്റ സ്പെയിൻ അല്ലായിരുന്നു ഇത്തവണ. മധ്യനിരയിൽ കളിനെയ്ത് ഇടതടവില്ലാതെ ആക്രമണം നടത്തിക്കൊണ്ടിരുന്ന സ്പെയിനിനെ തളക്കാൻ ഇറ്റലി നന്നായി പാടുപെട്ടു. ലിയനാർഡോ ബനൂച്ചി, ആന്ദ്രെ ബർസാഗ്ലി, മാറ്റിയോ ഡാർമിയാൻ തുടങ്ങിയ കേളികേട്ട പ്രതിരോധം കോട്ടകെട്ടിയെങ്കിലും ചോർച്ച തടയാനായില്ല. ഇസ്കോയെ കേന്ദ്രീകരിച്ചായിരുന്നു സ്പാനിഷ് കോച്ച് യൂലിയൻ ലോപെറ്റിഗ് കളി മെനഞ്ഞത്. 13ാം മിനിറ്റിൽ ബുഫണിനെ നിഷ്പ്രഭമാക്കിയ ഫ്രീകിക്ക് ഗോളിൽ ഇസ്കോ സ്റ്റേഡിയം കുലുക്കി. 40ാം മിനിറ്റിലായിരുന്നു ഇസ്കോയുടെ രണ്ടാം േഗാൾ. മനോഹരമായ ലോങ്റേഞ്ച് ഷോട്ടിലൂടെയാണ് ഇക്കുറി ബുഫണിനെ കീഴ്പ്പെടുത്തിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ചെൽസി താരം മൊറാറ്റ പട്ടിക തികച്ചു. റയൽ മഡ്രിഡ് പ്രതിരോധതാരം റാമോസിെൻറ ഉഗ്രൻ ക്രോസിന് കാൽവെച്ച മൊറാറ്റ സ്കോർ ബോർഡ് മൂന്നാക്കി. ടീമിൽ തിരിച്ചെത്തിയ വെറ്ററൻ താരം ഡേവിഡ് വിയ്യ 88ാം മിനിറ്റിൽ കളത്തിലിറങ്ങിയിരുന്നു. ‘ അതിഗംഭീര പ്രകടനം’ എന്നാണ് ഇസ്കോയുടെ മികവിനെ സ്പാനിഷ് കോച്ച് വിശേഷിപ്പിച്ചത്.
ഗ്രൂപ് ഡിയിൽ തുടർച്ചയായ അഞ്ച് സമനിലക്കൊടുവിൽ വെയിൽസ് ആദ്യ ജയം നേടി. 74ാം മിനിറ്റിൽ ബെൻവുഡ്ബണിെൻറ ഗോളിൽ ഒാസ്ട്രിയക്കെതിരെ 1-0ത്തിനായിരുന്നു ജയം. ഏഴ് കളിയിൽ രണ്ടാം ജയവുമായി വെയിൽസ് മൂന്നാം സ്ഥാനത്താണ്. ഇതേ ഗ്രൂപ്പിൽ മൾഡോവയെ 3-0ത്തിന് തോൽപിച്ച െസർബിയ 15 പോയൻറുമായി ഒന്നാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.