ന്യൂഡല്‍ഹി: ഫുട്ബാള്‍ താരം സി.കെ. വിനീതിനെ ഏജീസ് ഓഫിസില്‍നിന്നു പിരിച്ചുവിട്ട നടപടിയിൽ കേന്ദ്ര കായിക മന്ത്രാലയം റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം കൺേട്രാളർ ആൻഡ് ഒാഡിറ്റർ ജനറലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഇത് പരിശോധിച്ച് വിഷയത്തില്‍ അനന്തര നടപടിയെടുക്കുമെന്നും കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ പറഞ്ഞു.
വിനീത് മികച്ച ഫുട്ബാള്‍ താരമാണ്. സര്‍ക്കാര്‍ താരങ്ങള്‍ക്കൊപ്പം നില്ക്കും. ആവശ്യമെങ്കിൽ കായിക താരങ്ങളുടെ ഹാജരുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ വിനീത് കായിക മന്ത്രാലയത്തെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏജീസ് ഓഫിസിെൻറ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. നന്നായി കളിക്കുകയും രാജ്യത്തിനായി നേട്ടങ്ങള്‍ കൊണ്ടുവരുകയുമാണ് താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം. അവർക്ക് പരമാവധി ഇളവുകള്‍ നല്‍കണം. വിനീതിനെ തനിക്കു സഹായിക്കാനാകുമെന്ന് പിരിച്ചുവിട്ടയുടനെ മന്ത്രി പ്രതികരിച്ചിരുന്നു.
മതിയായ ഹാജര്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് വിനീതിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കായികമന്ത്രി അടക്കമുള്ളവര്‍ സി.എ.ജി ശശികാന്ത് ശര്‍മക്ക് കത്തയച്ചെങ്കിലും നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.