1938 ഏപ്രിൽ രണ്ട്... വിയന്നയിലെ തന്‍റെ മുറിയിലേക്കുള്ള ആ നടത്തം പെട്ടെന്ന് തീർന്നുവെന്ന് സിൻഡിലെർക്ക് തോന്നി. മന സ്സിൽ ഭാരമേറിയതെന്തോ എരിഞ്ഞു കത്തുന്ന പോലെ... അയാൾ നടക്കാനാവാതെ, ഇരിക്കാനാവാതെ, ഒന്ന് ശ്വസിക്കാൻ പോലുമാവാതെ ആ റ ൂമിൽ നിന്നു. എല്ലാത്തിൽ നിന്നും ഓടിമറയുവാൻ അയാൾക്ക് തോന്നി... ഒടുവിൽ ഉറക്കമില്ലാത്ത ആ രാത്രി കഴിച്ചു കൂട്ടവെ അയ ാളുടെ കണ്ണിൽ നിന്നും ചൂട് ലാവ ഒഴുകിയിറങ്ങി, മനസ്സിൽ നിന്നും ചുടുചോരയും...
'നാളെ, 1938 ഏപ്രിൽ മൂന്ന്, അന്നാണ് ആ മത് സരം. വിഖ്യാതരായ ഓസ്ട്രിയൻ ദേശീയ ടീം; വണ്ടർ ടീം എന്ന വിളിപ്പേര് ലോകം നൽകിയ ആ ടീമിന്‍റെ അവസാനത്തെ മത്സരം... അതാവട്ട െ ഓസ്ട്രിയ കീഴടക്കിയ ഹിറ്റ്ലറിന്‍റെ ഫാഷിസ്റ്റ് ജർമൻ ടീമിനെതിരെ. പിന്നെ ഓസ്ട്രിയൻ ടീമില്ല, ജർമൻ ടീം മാത്രം...'
തന്‍റെ രാജ്യം, താൻ ജനിച്ചു വളർന്ന, പണിയെടുത്ത വിയന്നയിലെ തെരുവുകൾ, അന്തമില്ലാതെ പന്ത് തട്ടിയ ചേരികൾ, കൂട്ടുകാ ർ... എല്ലാം നഷ്ടപ്പെടുന്നതോർക്കവേ സിൻഡിലെറുടെ ഉള്ളിൽ നിന്നും സ്നേഹത്തിന്‍റെയും, സങ്കടത്തിന്‍റെയും, കനിവിന്‍റ െയും, കനവിന്‍റെയും, പകയുടെയും, മിശ്രണം പതഞ്ഞു പൊങ്ങി...
എന്നാലത് പുറത്തേക്ക് വരാതെ തൊണ്ടക്കുഴിയിൽ തടഞ്ഞു നി ൽക്കുകയും അയാളൊരു ഭ്രാന്തനെ പോലെ ചിരിക്കുകയും ചെയ്തു, തൊട്ടടുത്ത നിമിഷം തന്‍റെ നിസ്സഹായാവസ്ഥയോർത്ത് അയാൾ തലക ുമ്പിട്ടിരുന്നു...
1905ൽ സിൻഡിലെറിന്‍റെ രണ്ടാം വയസ്സിൽ ആണ് കുടുംബം വിയന്നയിലേക്ക് കുടിയേറിയത്. വിയന്ന എന്നും ഒരു കൊയ്ത്തുപാടം ആയിരുന്നു. ബീതോവൻ, മൊസാർട്ട് പോലുള്ള പ്രതിഭകളുടെ, ഫ്രുയ്‌ഡ്, ഷിനിട്സ്ലെർ, ഹയേക് തുടങ്ങിയ അമൂ ല്യരത്നങ്ങളുടെ കൊയ്ത്തുപാടം. വിയന്നയിലെങ്ങും പന്തലിച്ചു കിടന്നിരുന്ന കോഫീ ഷോപ്പുകളിൽ ലോകത്തു നടക്കുന്ന എല് ലാത്തിനെയും പറ്റിയും ആളുകൾ ചർച്ച ചെയ്തു. അത്രയും ലിബറൽ ആയ ഒരിടമായിരുന്നു സംസ്കാര സമ്പന്നമായ വിയന്ന. സയൻസും, കല യും, സാഹിത്യവും, മാർക്സിനെയും ചർച്ച ചെയ്യപ്പെടുമ്പോഴും വിയന്നയിലെ കോഫീ ഷോപ്പുകൾ കാല്പന്തുകളിയും ചർച്ച ചെയ്തി രുന്നു.
വിയന്നയിലെ കാല്പന്തുകളി അവരുടെ സംസ്കാരം പോലെ ഒരേസമയം സർഗാത്മകവും ആസൂത്രിതവും ആയിരുന്നു... വിയന്നയ ിലെ ഈ കൊയ്ത്തുപാടങ്ങൾക്കിടയിൽ സിൻഡിലെർ വളർന്നു. സുന്ദരമായ വിയന്ന നഗരം പോലെ അയാളുടെ ചിന്തയും കളിയും രണ്ടും അസൂ യാവഹമായി ഉയർന്നു നിന്നു. 1924ൽ സിൻഡിലെറുടെ കളിമികവ് കണ്ട് എഫ്.കെ. ഓസ്ട്രിയ വിയന്ന അയാളെ വാങ്ങി. തുടർച്ചയായ ഓസ്ട്രി യൻ കപ്പ് വിജയങ്ങൾ (1925, 1926, 1933, 1935, 1936 വർഷങ്ങളിൽ), 1926ലെ ലീഗ് വിജയവും, അക്കാലത്തെ യൂറോപ്പ്യൻ മത്സരങ്ങളിൽ ഏറ്റവും മത്സരം കാ ണാറുള്ള മിട്രോക്ക കപ്പ് വിജയങ്ങളും (1933, 1936) സിൻഡലെറിലൂടെ ക്ലബ് നേടി.
സിൻഡിലെർ എന്ന കുടിയേറ്റ ബാലന്‍റെ ജീവിതം അക്കാലത്തെ വിയന്നയിൽ അതീവ ദുഷ്കരം ആവാനേ തരമുള്ളു. ബൂർഷ്വാ ഭരണത്തിന് കീഴിൽ വിയന്നയിലെ പാർശ്വവത്കരിക്കപ്പെട്ട വർ നരകിച്ചു ജീവിച്ചു. വംശീയതയും, അവസരനിഷേധവും, സമത്വമില്ലായ്മയും വിയന്നയുടെ ഒരു ഭാഗത്തെ അടയാളപ്പെടുത്തി. ഭക്ഷ ണവും താമസസൗകര്യങ്ങളും ലഭിക്കാതെ ബഹുഭൂരിപക്ഷവും വീർപ്പുമുട്ടി ജീവിക്കുവാൻ വിധിക്കപ്പെട്ടു.
1919 ലെ ഒന്നാം ലോ കയുദ്ധത്തിന്‍റെ അവസാനം ആസ്ട്രോ - ഹംഗേറിയൻ സാമ്രാജ്യത്തിന്‍റെയും അവസാനമായിരുന്നു. പുതിയ ഓസ്ട്രിയയിൽ നിറഞ്ഞു ന ിന്നത് സോഷ്യലിസ്റ്റുകളും യാഥാസ്ഥികരും ആയിരുന്നു. വിയന്നയിലെ വർക്കിങ് ക്ലാസ്സിന്‍റെ പിന്തുണയിൽ സോഷ്യലിസ്റ്റ ുകൾ തിരഞ്ഞെടുപ്പിൽ തുടർച്ചായി ആധിപത്യം സ്ഥാപിച്ചപ്പോൾ, യാഥാസ്ഥിതികർ വിയന്നയ്ക്ക് പുറത്ത് ശക്തി പ്രാപിച്ചു. ച ർച്ചിന്‍റെയും, നാസികളുടെയും, കോർപ്പറേറ്റുകളുടെയും സഹായം അവർക്കുണ്ടായിരുന്നു.
സോഷ്യലിസ്റ്റ് പാർട്ടി ചരിത്രത്തിലാദ്യമായി വിയന്ന സിറ്റി പാർലിമെന്‍റിൽ അധികാരമേറിയപ്പോൾ അവർക്ക് പാർശ്വവത്കരിക്കപ്പെട്ടവരോട്, വർക്കിങ് ക്ലാസ്സിനോട് എടുക്കേണ്ട സമീപനം എന്ത് എന്നതിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. അവർ മേൽപറഞ്ഞവരുടെ വീടില്ലായ്മക്ക് പരിഹാരമായി പടുകൂറ്റൻ ഹൗസിങ്ങ് കോംപ്ലക്സുകൾ നിർമിച്ചു നൽകി. അതാവട്ടെ ചുരുങ്ങിയ വാടകയ്ക്കും. അതിന്‍റെ നിർമിതി തന്നെ ഫെമിനിസ്റ്റ് മാർക്സിസ്റ്റ് ചിന്തകൾ ആധാരമാക്കി ആയിരുന്നു. ജോലി ഉറപ്പുവരുത്താനും കൂടി പാർട്ടി ശ്രദ്ധിച്ചപ്പോൾ വിയന്നയുടെ തൊഴിലാളി വർഗം സോഷ്യലിസ്റ്റ് പാർട്ടിയുടെ കൂടെ നിന്നു.
അതേ സമയം വിയന്ന സാംസ്‌കാരിക സമ്പന്നതയുടെ വിളനിലമായി തീർന്നു. ശാസ്ത്രജ്ഞന്മാരും, കലാകാരന്മാരും ചിന്തകരും വിയന്നയിലേക്കെത്തി. ചുരുങ്ങിയ കാലം കൊണ്ട് വിയന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരമായി പേരെടുത്തു.
സിൻഡിലെർ താൻ വളർന്ന സാഹചര്യങ്ങൾ കൊണ്ട്, ആ നഗരം പ്രദാനം ചെയ്ത ഹാലോ കൊണ്ട്, രാഷ്ട്രീയമായി താൻ സോഷ്യലിസ്റ്റ് ആണെന്ന് അടയാളപ്പെടുത്തിയിരുന്നു. സിൻഡിലെർ ഒരു അസാമാന്യ മനുഷ്യനും കളിക്കാരനും ആയിരുന്നു... ആ നഗരം പഠിപ്പിച്ച പോലെ അയാൾ ലിബറൽ ചിന്താഗതിക്കാരനായിരുന്നു. തനിക്കാവുന്ന ഇടങ്ങളിൽ ഒക്കെയും അയാൾ തന്‍റെ രാഷ്ട്രീയം പറഞ്ഞു, സംവദിച്ചു... അയാളുടെ ചിന്തകൾ പോലെ തന്നെയായിരുന്നു കളിക്കളത്തിൽ അയാളുടെ നീക്കങ്ങളും. മറ്റാരും ചിന്തിക്കാത്തത് അയാൾ കളിച്ചു കാട്ടി. അപാരമായ വേഗതയും, അതുല്യമായ ഡ്രിബ്ലിങ്ങും അയാളിൽ സമ്മേളിച്ചു. വേണ്ടത്ര ഉയരമില്ലാഞ്ഞിട്ടും, പേപ്പർ പോലെ മെലിഞ്ഞിട്ടും അയാൾ കളിക്കളത്തിലെ രാജാവായി വാണു.
തീരെ ചെറിയ ഇടങ്ങൾ മതിയായിരുന്നു അയാൾക്ക് പന്തുമായി മുന്നോട്ട് കുതിക്കാൻ, ഒരു പേപ്പർ പോലെ അയാൾ ഫ്ലെക്സിബിൾ ആയിരുന്നു. അത് കൊണ്ടാവണം കാണികൾ അയാളെ സ്നേഹത്തോടെ 'പേപ്പർ മാൻ' എന്ന് വിളിച്ചു. സംഗീതം പോലെ ഇമ്പമാർന്നതായിരുന്നു അയാളുടെ കേളീശൈലി. അയാളുടെ കളികൾ ക്രീയേറ്റീവും എന്നാൽ അതേസമയം ആസൂത്രിതവുമായിരുന്നു. വിയന്നയിലെ കാണികൾ അവർക്ക് കിട്ടിയ രണ്ടാം മൊസാർട്ട് ആണിതെന്നു വിശ്വസിച്ചു.
1926ൽ ഓസ്ട്രിയൻ ടീമിൽ അരങ്ങേറിയ സിൻഡിലെർക്ക് പക്ഷെ ടീമിൽ സ്ഥാനമുറപ്പിക്കാൻ സാധിച്ചില്ല. 1931ൽ ഓസ്ട്രിയൻ ജനങ്ങളുടെ, വിശേഷിച്ച് വിയന്നയിലെ ജനങ്ങളുടെ ആവർത്തിച്ചുള്ള മുറവിളിക്കൊടുവിൽ പരിശീലകൻ അയാളെ തിരികെ വിളിച്ചു. വിയന്നയ്ക്ക് അത്രമേൽ പ്രിയമായിരുന്നു സിൻഡിലെറിനെ.
എന്തായാലും അതൊരൊന്നന്നര വരവായിരുന്നു. വാൾട്ടർ നൗസ്ച്ചും, സ്വാഭാവിക പ്രതിഭയായ ജോസഫ് സ്മിസ്റ്റികും പോലുള്ള കളിക്കാരും, അവർക്കൊപ്പം തന്നെ മികവുള്ള സഹതാരങ്ങളും കൂടിയ ഓസ്ട്രിയൻ ടീമിലേക്ക് അവരുടെ താരം മടങ്ങിയെത്തിയപ്പോൾ ലോകം അവരെ വണ്ടർ ടീം എന്ന് വിളിച്ചു. സിൻഡിലെർ കളത്തിൽ അവരെ നയിക്കുവാനെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ കാല്പന്തുകളി വേറെയേതോ തലത്തിലേക്ക് ഉയർത്തപ്പെട്ടു.
അക്കാലത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ സ്കോട്ട്ലാൻഡിനെ 5 - 0ന് തകർത്തെറിഞ്ഞു സിൻഡിലെർ തന്‍റെ പടയോട്ടം തുടങ്ങി. 18 മത്സരങ്ങൾ വണ്ടർ ടീം നേടിയെടുത്തു, തുടർച്ചയായ 18 മാച്ചുകളിൽ തോൽവിയറിഞ്ഞതേയില്ല. എല്ലാ വിജയങ്ങളും മൃഗീയമായിരുന്നു. വേഗതയാർന്ന പാസിങ് ഗെയിം കളിച്ച വണ്ടർ ടീം ജർമനിയെ 6-0ന് തകർത്തുവിട്ടു. സ്വിറ്റ്‌സർലാൻഡ് കെട്ടുകെട്ടിയത് 8-1നായിരുന്നു. ഹംഗറിയെ കശക്കിയെറിഞ്ഞത് 8-2നും. ഫ്രാൻസ് 4-0 എന്ന നിലയിൽ തോറ്റമ്പി.
ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ തോൽക്കാറില്ല എന്നഹങ്കരിച്ച ഇംഗ്ലണ്ട് ടീമിനെതിരെയുള്ള മത്സരം അവിശ്വസനീയമായിരുന്നു. ആദ്യ പകുതിയിൽ ഇതുവരെ കാണാത്ത പോലെ ഗോൾകീപ്പർ പതറിയപ്പോൾ, രണ്ടു ഗോളുകൾ വഴങ്ങിയ വണ്ടർ ടീം രണ്ടാം പകുതിയിൽ വിശ്വരൂപം പുറത്തെടുത്തു. സിൻഡിലെർ മുന്നിൽ നിന്നും നയിച്ചപ്പോൾ വണ്ടർ ടീം തനതു ഗെയിം കാഴ്‌ചവെച്ചു. ഇംഗ്ലണ്ട് സത്യത്തിൽ കാഴ്ചക്കാർ മാത്രമായി തീർന്നു. 4 -3 എന്ന സ്‌കോറിൽ ഇംഗ്ലണ്ട് ജയിച്ചെങ്കിലും ഇംഗ്ലീഷ് മാധ്യമങ്ങളും കാണികളും വണ്ടർ ടീം ആണ് വിജയിച്ചതെന്നു പ്രഖ്യാപിച്ചു.
ഡെയിലി ഹെറാൾഡ് 'നന്നായി കളിച്ച ടീം തോൽവി ഏറ്റുവാങ്ങി' എന്നും, 'ഏറ്റവും അസഹ്യമായ വിജയം' എന്നുമെഴുതി. സിൻഡിലെറിനെ ലോകം ജീനിയസ് എന്ന് വാഴ്ത്തി. ആ മത്സരത്തിൽ രണ്ടു ഡിഫെൻഡേഴ്സിനെ ഡ്രിബിൾ ചെയ്തു നേടിയ ഗോൾ ചരിത്രത്തിൽ ഇന്നേവരെ കാണാത്തതായിരുന്നു എന്ന് റഫറി സാക്ഷ്യപ്പെടുത്തി.
ഫാഷിസം പക്ഷെ വിയന്നയുടെ സൗന്ദര്യവും ഭാവനയും ഉത്സാഹവും നിറഞ്ഞ ഓസ്ട്രിയൻ വണ്ടർ ടീമിനോട് കരുണ കാണിച്ചില്ല. ഏറ്റവും നന്നായി കളിച്ചിട്ടും, മുസോളിനി നേരിട്ട് ഫലം നിർണയിച്ച 1934ലെ ആ ലോകകപ്പിൽ ഇറ്റലിയോട് സെമിയിൽ തോൽപ്പിക്കപ്പെട്ടു പുറത്തായി. സിൻഡിലെർ ആ ടൂർണമെന്‍റിൽ അതിക്രൂരമായി ഫൗൾ ചെയ്യപ്പെട്ടു. തുടർന്നും വണ്ടർ ടീം മികച്ച പ്രകടനം തുടർന്നു.
1934ലെ സിവിൽ വാറിൽ സോഷ്യലിസ്റ്റുകളെ ആസ്ട്രോ ഫാഷിസ്റ്റുകൾ കീഴ്‌പ്പെടുത്തി, കാറൽ മാർക്സിന്‍റെ പേരിലുള്ള ഹൗസിങ് കോംപ്ലക്സിൽ നിരവധി തൊഴിലാളികൾ നിർദയം കുരുതിക്കിരയായി. രാജ്യം, തന്‍റെ നഗരം പഴയ ബൂർഷ്വാസി ഭരണത്തിലേക്ക് പോവുമോ എന്ന് സിൻഡിലെർ ഭയപ്പെട്ടു. ജർമനി ഫാഷിസത്തിലേക്ക് വഴുതിവീണതും, ജർമൻ അനുകൂല ഓസ്ട്രിയൻ പക്ഷം ശക്തിപ്രാപിച്ചതും വിയന്നയിലെ അന്തരീക്ഷം ഭീതിജനകമാക്കി. ഒടുവിൽ 1938 മാർച്ചിൽ ജർമനി ഓസ്ട്രിയയെ കീഴടക്കി.
ജർമനിയുടെ ഓസ്ട്രിയൻ അധിനിവേശം വളരെ എളുപ്പമായിരുന്നു എന്ന് ചരിത്രം നമ്മോടു പറയും. ഓസ്ട്രിയ, ഹിറ്റ്ലറിന്‍റെ നാസിപ്പടക്ക് മുന്നിൽ കമിഴ്ന്നുകിടന്നു അവരെ സ്വാഗതം ചെയ്തു എന്ന വാദം ഏറെക്കുറെ ശരിയുമാണ്. എങ്കിലും എല്ലാവരെയും പോലെയായിരുന്നില്ല സിൻഡിലെർ. അയാൾ, താൻ വളർന്ന നാടിനെ അത്രയും സ്നേഹിച്ചു. അയാൾക്ക് ജർമൻ അധിനിവേശവും, സങ്കുചിതമായ ജൂതവിരോധവും ഒരുകാലത്തും അംഗീകരിക്കാനാവുന്നതായിരുന്നില്ല.
ജർമൻ - ഓസ്ട്രിയൻ ടീം ഫുട്ബാളിൽ ഇനി ഒരു ടീം ആണെന്നും, അതിനാൽ ജർമൻ സാമ്രാജ്യത്തിന്‍റെ ഫുട്ബാൾ ടീമിലേക്കുള്ള ഓസ്ട്രിയൻ ടീമിന്‍റെ 'കൂടിച്ചേരൽ' , ഓസ്ട്രിയൻ രാജ്യത്തിന്‍റെ, അതിന്‍റെ പൂർവികരിലേക്കുള്ള 'തിരിച്ചുവരവ്' ആഘോഷിക്കുവാൻ ഒരു ഫുട്ബാൾ മത്സരം നടത്തുവാൻ തീരുമാനിക്കപ്പെട്ടു. മഹത്തായ ഓസ്ട്രിയൻ വണ്ടർ ടീമും, ജർമൻ ടീമുമായുള്ള മത്സരം... വണ്ടർ ടീമിന്‍റെ അവസാന മത്സരം.
മതിയാസ് സിൻഡിലെർ, അന്ന് ലോകത്തിലെ ഏറ്റവും മികച്ച കാല്പന്തുകളി ടീമിന്‍റെ കരുത്തുറ്റ നായകനായിരുന്നു... ലോകം കാൽക്കീഴിലൊതുക്കിയ ഓസ്ട്രിയൻ 'അത്ഭുത ടീമിന്‍റെ' മാന്ത്രികനായ നായകൻ. അയാൾ അന്നത്തെ, ലോകയുദ്ധങ്ങളുടെ നശിച്ച കാലത്തേ ഏറ്റവും മികച്ച കാല്പന്തുകളിക്കാരൻ ആയിരുന്നു.
തന്‍റെ കാലഘട്ടങ്ങൾക്കു മുൻപേക്ക് മുൻപേ സഞ്ചരിച്ച കാല്പന്തുകളിയിലെ അവധൂതനായിരുന്നു സിൻഡിലെർ. യുദ്ധാനന്തരം കാല്പന്തുകളി പെലെയുടെതായിരുന്നുവെങ്കിൽ, അതിനുമുമ്പുള്ള സമയം സിൻഡിലെറുടേതായിരുന്നു. ആ കാലത്തിന്‍റെ മെസ്സിയായിരുന്നു സിൻഡിലർ.
അവസാന മത്സരത്തിന്‍റെ തലേന്ന്, നാസികൾ ഓസ്ട്രിയൻ ടീമിന്‍റെ ഡ്രസിങ് റൂമിൽ എത്തി. 'നയതന്ത്രപരമായ' റിസൾട്ട് ആണ് മത്സരത്തിൽ ഉണ്ടാവേണ്ടതെന്നും, ഗോളുകൾ സ്കോർ ചെയ്യരുത് എന്നും, മത്സരം 0-0 എന്ന നിലയിൽ തീരണം എന്നും കൽപ്പിച്ചു.
60,000ൽ അധികം വരുന്ന കാണികൾക്കു മുന്നിൽ വിസിൽ മുഴങ്ങി. ഭൂരിഭാഗം വരുന്ന ഓസ്ട്രിയൻ കാണികളും ഉള്ളുകൊണ്ടു അവരുടെ ദേശീയ ടീമിന് പിന്നാലെയായിരുന്നുവെങ്കിലും നാസികളെ ഭയന്ന് അവരുടെ ആവേശവും പിന്തുണയും ആർപ്പുവിളിയും തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞു നിർത്തി... ആർത്തിരമ്പലുകൾ ഇല്ലാതെ കളി പുരോഗമിച്ചു. വണ്ടർ ടീമിന്‍റെ നിലവാരത്തിന് ഏഴയലത്ത് എത്താതെ ജർമൻ ടീം പലപ്പോഴും കിതച്ചു നിന്നു. മികച്ച പാസിങ് ഗെയിം പുറത്തെടുത്ത വണ്ടർ ടീമിന് മുന്നിൽ ജർമൻകാർ ഒട്ടേറെ സമയം കാണികൾ തന്നെയായി തീർന്നു. സിൻഡിലർ ആവട്ടെ തനിക്കു കിട്ടിയ സുവർണാവസരങ്ങളുടെ ചാകരയെ അതിവിദഗ്ധമായി നിയന്ത്രിച്ചു നിർത്തി, പന്ത് പലപ്പോഴും പുറകോട്ട് തന്നെ മറിച്ചു നൽകി. തനിക്കു നൽകിയ നിർദേശമനുസരിച്ചു ഡ്രിബിൾ ചെയ്തു കയറിയപ്പോഴൊക്കെയും
സിൻഡിലെർ പോസ്റ്റിലേക്ക് ഷോട്ട് എടുത്തില്ല... സൂചിമുന പഴുത് കിട്ടിയാൽ ഗോളടിക്കുന്ന ആ വിഖ്യാത നായകൻ തനിക്കു കിട്ടിയ കനകാവസരങ്ങൾ എലിമീശ വണ്ണത്തിൽ പുറത്തേക്ക് അടിച്ചു.
കളിയുടെ 70 മിനുട്ട് കഴിഞ്ഞപ്പോൾ പതഞ്ഞു പൊങ്ങിയ ദേശസ്നേഹവും, സഹജീവിയനുകമ്പയും, നാസികളോടുള്ള അമർഷവും കാല്പന്തുകളിയോടുള്ള നീതിബോധവും സിൻഡെലറിനെ കരയിപ്പിച്ചു. ഉള്ളിൽ അയാൾ ചുട്ടുപഴുത്തു. ഒരു മണിക്കൂറിലധികം തുടർന്ന പൂച്ചയും എലിയും കളി നിർത്തി, ആരാണ് 'ബോസ്' എന്ന് കാണിച്ചു കൊടുക്കുവാൻ സമയം ആയി എന്നയാൾക്ക് തോന്നി... തന്‍റെ ജനതയെ നിഷ്കരുണം തകർത്ത, കൂട്ടുകാരെ കൊല്ലാക്കൊല ചെയ്യുന്ന, വംശീയമായി ഉയർന്നവരാണ് തങ്ങളെന്ന് കരുതുന്ന ജർമൻ ഹുങ്കിനെതിരെ തന്നെക്കൊണ്ടാവുന്ന തരത്തിൽ പ്രതികരിക്കണമെന്ന് സിൻഡിലെർ എന്ന മെലിഞ്ഞു കുറുതായ കുടിയേറ്റ - തൊഴിലാളി - സോഷ്യലിസ്റ്റ് മനുഷ്യന്‍റെ ഒരിക്കലും കീഴങ്ങാത്ത മനസ് മന്ത്രിച്ചു...
പിന്നത്തെ നിമിഷത്തിൽ അയാൾ തന്‍റെ മുന്നിൽ വന്ന പന്തുമായി വേലിയേറ്റ മാല പോലെ കുതിച്ചു. ഇടംകാലും വലംകാലും പന്തിനെ തഴുകിനിർത്തി. തന്നെക്കാളും എത്രയോ കരുത്തുള്ള, ഉയരമുള്ള ജർമൻ പ്രതിരോധത്തെ കടലാസ്സ് പാറും പോലെ അനായാസ സുന്ദരമായി മറികടന്നു... താൻ കളിച്ചുവളർന്ന തെരുവുകൾ, അന്തിയുറങ്ങിയ ചുവന്ന വിയന്നയിലെ വീട്, അതിരില്ലാത്ത സൗഹൃദങ്ങൾ, കളിമുഹൂർത്തങ്ങൾ ഒക്കെയും അയാൾക്ക് മുന്നിൽ നിരനിരയായ് വന്നു നിന്നു. അതിനിടയിൽ എപ്പോഴോ
ചാട്ടുളി പോലൊരു ഷോട്ട് ജർമൻ പോസ്റ്റിന്‍റെ വലയിലേക്ക് തുളഞ്ഞു കയറി... ജർമൻ അഹങ്കാരത്തിന്‍റെ തലക്ക് സിൻഡിലെർ എന്ന പച്ചമനുഷ്യൻ തീവെച്ചു... അതുവരെയും മിണ്ടാതെയിരുന്ന് ഓസ്ട്രിയ ജയിക്കാൻ
മനസ്സിൽ മാത്രം ആർപ്പുവിളിച്ച അറുപതിനായിരം കാണികൾ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു... വിയന്നയെന്ന നഗരം ആർത്തിരമ്പി...
ജർമൻ ആർപ്പുവിളികളാൽ മുഖരിതമായ സ്റ്റേഡിയത്തിൽ നിന്നും ഒരു പയ്യൻ ഉറക്കെ വിളിച്ചു കൂവി 'ഓസ്ട്രിയ ഓസ്ട്രിയ' സ്റ്റേഡിയം ആർത്തിരമ്പി. ഒരുമണിക്കൂറിലധികം മിണ്ടാതെയിരുന്ന കാണികൾ ഉച്ചത്തിലുച്ചത്തിൽ വിളിച്ചു പറഞ്ഞു 'ഓസ്ട്രിയ ഓസ്ട്രിയ'.
സ്റ്റാർസി അല്പസമയത്തിനു ശേഷം ഒരു ഗോൾ നേടിയതോടെ സ്കോർ 2 - 0 എന്നായി. കനംവീണ മുഖവുമായി വി.ഐ.പി ബോക്സിൽ ഇരുന്ന നാസി അധികാരികളുടെ മുന്നിലേക്കോടിച്ചെന്ന സിൻഡിലെറും സ്റ്റാർസിയും അവരുടെ മൂക്കിന് താഴെ നിന്നുകൊണ്ട് വിജയനൃത്തം ചവിട്ടി. അതുംകൂടി കണ്ടതോടെ കാണികൾ ഉന്മാദികളായി തീർന്നു. ഇതാ അവരുടെ സ്വന്തം 'സിൻഡി' വിയന്നക്കു വേണ്ടി, ഓസ്ട്രിയക്ക് വേണ്ടി, ജർമൻ പടയെ, സാക്ഷാൽ ഹിറ്റ്ലറിനെ തോൽപ്പിച്ചിരിക്കുന്നു... കാണികൾ പിന്നെയും പിന്നെയും ഓസ്ട്രിയ എന്ന് കൂവിയാർത്തു... അനേകമനേകം നാസി പട്ടാളക്കാർക്കും അധികാരികൾക്കും മുന്നിൽ ജനങ്ങൾ അവരുടെ കടുത്ത ദേശസ്നേഹം, അതിലും കടുത്ത അമർഷം തുറന്നുകാട്ടി... ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതായിരുന്നു ആ പ്രതിഷേധം.
ആ ഗോളും ആ വിജയാഹ്ളാദവും. സിൻഡിലെർ എന്ന മനുഷ്യന് അതിനു നൽകേണ്ടിവന്ന വില വളരെ വളരെ വലുതായിരുന്നു...
ആറു മാസങ്ങൾക്കു ശേഷം ഒരു ഹോട്ടൽ മുറിയിൽ സിൻഡിെലർ അയാളുടെ കാമുകിയോടൊപ്പം മരിച്ചു കിടന്നു. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണം എന്ന് റിപ്പോർട്ടിൽ ഇന്നും ഉണ്ട്. ചരിത്രം കള്ളമാണോ എന്നറിയില്ല, നിരന്തരം ആവശ്യപ്പെട്ടിട്ടും ജർമൻ ടീമിൽ കളിക്കുവാൻ സിൻഡിലെർ വിസമ്മതിച്ചിരുന്നു. ജർമൻ കോച്ച് നേരിട്ടെത്തി പറഞ്ഞിട്ടും അയാൾ കളിക്കാൻ തയ്യാറായില്ല.
പുതിയ നിയമപ്രകാരം ഒരു ജൂതസുഹൃത്തിനു നഷ്ടപ്പെടുമായിരുന്ന ബാർ സിൻഡി നല്ലൊരു തുക കൊടുത്തു തന്നെ തന്‍റെ പേരിൽ വാങ്ങിയിരുന്നു. നാസി അനുകൂല പോസ്റ്ററുകൾ ആ ബാറിൽ പതിപ്പിക്കാൻ സിൻഡി വിസമ്മതിച്ചു. അയാൾ സോഷ്യൽ ഡെമോക്രാറ്റ് ആണെന്നും ജൂത അനുകൂലി ആണെന്നും ഗെസ്റ്റപ്പോ റിപ്പോർട്ട് ചെയ്തു. തുടർന്നയാൾ ഗെസ്റ്റപ്പോ എന്ന കിരാതരുടെ നിരീക്ഷണത്തിൽ ആയിരുന്നു. ജർമൻ രാജ്യത്ത് ഹിറ്റ്ലറിന്‍റെ ഗെസ്റ്റപ്പോയുടെ നോട്ടപ്പുള്ളിയായൊരാൾക്ക് എന്താവും സ്ഥിതി എന്നത് ഊഹിക്കാമല്ലോ. സിൻഡിലർ കൊല്ലപ്പെട്ടു എന്നതിനേക്കാൾ ആത്മഹത്യ ചെയ്തു എന്ന് പറയാൻ ആണെനിക്കിഷ്ടം. അയാൾ വിയന്നയുടെ പ്രൗഢിയായിരുന്നു. മകനായിരുന്നു. വിയന്നയെ ആ മകൻ പിന്തുടർന്ന് സ്വയം മരിച്ചു എന്ന് പറയാൻ ആണെനിക്കിഷ്ടം. ഭഗത്സിങ്ങിനെ പോലെ ധീരനായൊരാൾക്ക് പിന്നെ എങ്ങനെയാണ് മരണത്തെ പുൽകുവാനാവുക...
എല്ലാവരും മറന്നുപോയ അയാളുടെ, പുല്ലുകൾ മൂടിയ കല്ലറക്കടുത്തു നിൽക്കുമ്പോൾ എന്‍റെ കൈകളും കാലുകളും വിറക്കുന്നുണ്ട്... ഭൂതവും വർത്തമാനവും അയാളെ വഞ്ചിച്ചത് പോലെ തന്നെ, ആരും ഒന്നോർക്കുക പോലും ചെയ്യാത്ത ഭാവിയും അയാളെ ചതിക്കുകയാണ് ചെയ്യുന്നത്. സമാനതകൾ ഇല്ലാതെ ചരിത്രം അയാളോട് നെറികേട് കാട്ടുമ്പോൾ 'സിൻഡിലറുടെ കാലുകളിൽ ആയിരുന്നു അയാളുടെ തലച്ചോറ്' എന്ന ആൽഫ്രഡ് പോൾഗറിന്‍റെ വാക്കുകൾ ലോകത്തെ നോക്കി പല്ലിളിക്കും... വിയന്നയിലെ അന്നത്തെ, ആ വിലാപയാത്ര, അത് വിയന്നയുടെ ആദ്യത്തെയും അവസാനത്തെയും ഫാഷിസ്റ്റ് വിരുദ്ധ മാർച്ച് ആയിരുന്നു എന്ന സത്യം നമ്മെ മൂഢന്മാരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.