കൊച്ചി: നീണ്ട ഇടവേളക്കുശേഷം കേരള ഫുട്ബാള്‍ അസോസിയേഷനിലേക്ക് (കെ.എഫ്.എ) നടന്ന തെര ഞ്ഞെടുപ്പിൽ ഇടുക്കി അറക്കുളം പഞ്ചായത്ത് പ്രസിഡൻറ് ടോം ജോസ് കുന്നേല്‍ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ. പ്രദീപ്കുമാറിനെ തോൽപിച്ചാണ് 2 9 വോട്ടുകൾ നേടിയ ടോം ജോസ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുപതിറ്റാണ്ടിന് ശേഷമാണ് കെ.എഫ്.എയിൽ തെരഞ്ഞെടുപ്പ് നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പ്രദീപ്കുമാറിനെ വിജയിപ്പിക്കാന്‍ സി.പി.എം സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും 11 വോട്ടേ നേടാനായുള്ളൂ.
ആറ് വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്കും രണ്ട് ജോയൻറ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്. വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിലേക്ക് ഏഴുപേരാണ് മത്സരിച്ചത്. കെ.പി. സണ്ണി, കെ.കെ. ഗോപാലകൃഷ്ണന് (കൊല്ലം), രഞ്ജി കെ. ജേക്കബ് (പത്തനംതിട്ട), എ.വി. മോഹനന് (കണ്ണൂര്‍), അബ്ദുല്‍കരീം (മലപ്പുറം), പി. പൗലോസ് (എറണാകുളം) എന്നിവര്‍ വിജയിച്ചു.
ജോ. സെക്രട്ടറിമാരായി മുഹമ്മദ് റഫീഖ് ടി.കെ.എം (കാസർകോട്), അച്ചു എസ്. (കോട്ടയം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച എം.വി. വിജയകുമാറും (ആലപ്പുഴ), ജോയൻറ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഗീവര്ഗീസും (തിരുവനന്തപുരം) തോറ്റു. പാലക്കാട് നിന്നുള്ള എം. ശിവകുമാറിനെ വോട്ടെടുപ്പില്ലാതെയാണ് ട്രഷററായി തെരഞ്ഞെടുത്തത്.
മുന്‍ കമ്മിറ്റിയില്‍ വൈസ് പ്രസിഡൻറുമാരായിരുന്നു ടോം ജോസും പ്രദീപ്കുമാറും. ഇടുക്കി ജില്ല ഫുട്ബാള്‍ അസോസിയേഷൻ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ടോം ജോസ്. പ്രായപരിധി കഴിഞ്ഞതിനാൽ രണ്ട് ദശാബ്ദം കെ.എഫ്.എയെ നയിച്ച കെ.എം.ഐ. മേത്തര്‍ മത്സരരംഗത്തുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ ഓണററി പ്രസിഡൻറായി പുതിയ ഭരണസമിതി നോമിനേറ്റ് ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്ലാത്തതിനാല്‍ നിലവിലെ സെക്രട്ടറി അനില്‍കുമാര്‍തന്നെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.