ന്യൂഡൽഹി: രണ്ടു കളി, ഒരു ഗോൾ, രണ്ട് തോൽവി. അദ്ഭുതങ്ങളൊന്നും നടന്നില്ലെങ്കിലും ഇന്ത്യയുടെ കൗമാരം ലോകഫുട്ബാളിെൻറ ഹൃദയത്തിലേക്കാണ് ഗോളടിച്ചിരിക്കുന്നത്. ഗ്രൂപ് ‘എ’യിൽ അമേരിക്ക (3-0), കൊളംബിയ (2-1) എന്നിവരോട് ജീവന്മരണ പോരാട്ടം നടത്തിയ കൗമാരക്കാർക്കായി യൂറോപ്പിലെ വമ്പൻ ക്ലബുകൾ വലവിരിച്ചുകഴിഞ്ഞു. തിങ്കളാഴ്ച ന്യൂഡൽഹി സ്റ്റേഡിയത്തിലുണ്ടായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സ്കൗട്ടിങ് ടീം അഞ്ചു പേരെ പരിഗണിച്ചതായാണ് സൂചന. മലയാളി താരം കെ.പി. രാഹുലും ഇവരിൽ ഒരാളായുണ്ട്. കോമൾ തട്ടാലിനായി യുനൈറ്റഡ് ടൂർണമെൻറ് കിക്കോഫിന് മുേമ്പ വലവിരിച്ചിരുന്നു.
കൗമാരക്കാരെ റാഞ്ചാൻ മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ബാഴ്സലോണ, റയൽ മഡ്രിഡ് തുടങ്ങിയ ക്ലബുകളുടെ സ്കൗട്ടിങ് സംഘങ്ങൾ വിവിധ വേദികളിലുണ്ട്.
ധീരജ് സിങ് മൊയ്റാങ്തം
കൗമാര ലോകകപ്പിലെ കണ്ടെത്തലാണ് ഗോൾവലക്കു കീഴിലെ ഇൗ വണ്ടർ കിഡ്. രണ്ടു കളിയിൽ അഞ്ചു ഗോൾ വഴങ്ങിയെങ്കിലും ധീരജ് രക്ഷപ്പെടുത്തിയ ഡസനിലേറെ ഗോളുകളാണ് ഇപ്പോൾ താരം. കൊളംബിയയുടെ എണ്ണംപറഞ്ഞ ലോങ്റേഞ്ച് ഷോട്ടുകൾ അക്രോബാറ്റിക് സേവിലൂടെ തട്ടിയകറ്റിയതും കൃത്യമായ പൊസിഷനിങ്ങും ചടുലമായ നീക്കങ്ങളും ധീരജിെന പട്ടികയിൽ മുമ്പനാക്കുന്നു.
ബോറിസ് സിങ് താങ്ജാം
ലോകകപ്പിന് കിക്കോഫ് കുറിക്കും മുമ്പ് ഇൗ മണിപ്പൂരുകാരനിൽ ആരുടെയും കണ്ണുടക്കിയില്ല. പക്ഷേ, കൊളംബിയക്കെതിരായ ഒരു കളിയിലെ പ്രകടനം കൊണ്ടുമാത്രം ബോറിസിെൻറ ഭാവി മാറുകയാണ്. വലതു ബാക്കിൽ നിറഞ്ഞുകളിച്ച ബോറിസ് കൊളംബിയൻ സ്െട്രെക്കർ ലിയനാർഡോ കമ്പാസിനെ പിടിച്ചുകെട്ടിയ മിടുക്ക് എതിരാളികളുടെയും കൈയടി നേടി. എതിർതാരത്തിൽനിന്ന് പന്തെടുക്കാനും ആക്രമണത്തിെൻറ മുനയൊടിക്കാനും ഒപ്പം വിങ്ങിലൂടെ മുന്നേറ്റത്തിന് തുടക്കം കുറിക്കാനുമുള്ള മികവ് ബോറിസിന് പുതിയ ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു.
അൻവർ അലി
ലെഫ്റ്റ് ബാക്കിൽനിന്ന് സെൻറർ ബാക്കിലേക്ക് മാറിയ അൻവർ അലി കോച്ച് നോർട്ടെൻറ പട്ടികയിലെ ആദ്യ പേരുകാരനാണ്. കഴിഞ്ഞ രണ്ടു കളിയിലും 90 മിനിറ്റ് നിറഞ്ഞുകളിച്ച അൻവർ അലി, പ്രതിരോധത്തിെൻറ ബുദ്ധികേന്ദ്രവുമായി. ടാക്ലിങ്, ക്ലിയറൻസ്, അറ്റാക്ക്- ഇന്ത്യൻ ആരാധകരുടെ മനസ്സിലേക്കാണ് അൻവർ അലിയെന്ന പഞ്ചാബുകാരൻ ഇടിച്ചുകയറിയത്.
ജീക്സൺ സിങ്
രാജ്യത്തിെൻറ ആദ്യ ലോകകപ്പ് ഗോളിനുടമയായ ജീക്സൺ സിങ് മിഡ്ഫീൽഡ് ജനറലായി ഒരു കളിയിലൂടെ താരമായി മാറി. സഹതാരങ്ങൾക്ക് പന്ത് വിതരണം ചെയ്യുന്ന ശൈലിയും മൈതാനത്തെ അച്ചടക്കവുമാണ് ജീക്സെൻറ ആകർഷക ഘടകമായത്.
കെ.പി. രാഹുൽ
കൊളംബിയക്കെതിരെ കോച്ച് മാറ്റിസ് നാലു മാറ്റങ്ങൾ വരുത്തിയപ്പോൾ, മലയാളി താരം കെ.പി. രാഹുലിെൻറ ഇടം ഉറപ്പിച്ചിരുന്നു. രണ്ടു കളിയിലും മുഴുസമയം നിറഞ്ഞുകളിച്ച രാഹുൽ അമേരിക്കക്കെതിരെയെന്ന പോലെ കൊളംബിയക്കെതിരെയും കൈയടി നേടി. ആദ്യ കളിയിൽ വിങ്ങും പ്രതിരോധവും ഭംഗിയാക്കിയ രാഹുൽ, തിങ്കളാഴ്ച മുന്നേറ്റത്തിലും നിറസാന്നിധ്യമായി. എതിർ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താനുള്ള മിടുക്കും പൊസഷൻ ഗെയിമും മലയാളി താരത്തിെൻറ മിടുക്ക്. കഴിഞ്ഞ ദിവസത്തെ ഇടങ്കാലൻ വോളി വല തുളച്ചിരുന്നെങ്കിൽ രാഹുൽ രാജ്യത്തിെൻറ താരമായി മാറിയേനെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.