മുംബൈ: കാൽപന്തിെൻറ ലോകപോരാട്ടത്തിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മലയാളി ആരാധകരെ തേടി സങ്കടവാർത്ത. ബ്രസീലിയൻ ഫുട്ബാളിലെ അത്ഭുത ബാലൻ വിനീഷ്യസ് ജൂനിയറിെൻറ മാന്ത്രികത കൺനിറയെ കാണാനുള്ള മലയാളിയുടെ മോഹങ്ങൾക്ക് െഫ്ലമിങ്ങോ ക്ലബിെൻറ പരുക്കൻ ഫൗൾ. അണ്ടർ 17 ലോകകപ്പിനുള്ള ബ്രസീൽ ടീമിനൊപ്പം ചേരാനായി റിയോ ഡെ ജനീറോയിൽനിന്ന് വെള്ളിയാഴ്ച വിമാനം കയറാനിരിക്കെയാണ് സൂപ്പർതാരത്തെ വിട്ടുകൊടുക്കേണ്ടെന്ന് െഫ്ലമിങ്ങോ തീരുമാനിച്ചത്. ഇന്ത്യയിലേക്കുള്ള വിസ, മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. വിനീഷ്യസ് ശനിയാഴ്ച ടീമിനൊപ്പം ചേരുമെന്നായിരുന്നു ബ്രസീൽ അണ്ടർ 17 കോച്ച് കാർലോസ് അമാഡിയോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
വെള്ളിയാഴ്ച നടന്ന കോപ ഡി ബ്രസീൽ ചാമ്പ്യൻഷിപ് ഫൈനലിൽ െഫ്ലമിങ്ങോ തോറ്റതാണ് വിനീഷ്യസിെൻറ ലോകകപ്പ് മോഹങ്ങളുടെ ചിറകരിയാൻ കാരണമായത്. റൊബീന്യോയും റഫീന്യയും കളിക്കുന്ന ക്രൂസിയേറോക്കെതിരായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് (5-3) െഫ്ലമിങ്ങോ തോറ്റത്. കിരീടം കൈവിട്ടതോടെ കോച്ച് റെയ്നാൾഡോ റ്യൂഡ വിനീഷ്യസിനെ ദേശീയ ടീമിലേക്ക് വിട്ടുനൽകേണ്ടെന്ന് തീരുമാനിച്ചു.
നെയ്മറിെൻറ പിൻഗാമിയെന്ന് വിശേഷിപ്പിച്ച വിനീഷ്യസില്ലാതെയായിരുന്നു െഫ്ലമിങ്ങോ ഫൈനലിനിറങ്ങിയത്. തോൽവി ടീമിന് തിരിച്ചടിയായെന്നും വരാനിരിക്കുന്ന ‘സീരി എ’ ലീഗ് മത്സരങ്ങളിൽ വിനീഷ്യസ് ടീമിലെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിയാണ് കോച്ച് താരത്തിെൻറ ഇന്ത്യൻ യാത്രക്ക് ചുവപ്പു കാർഡ് കാണിച്ചത്. െഫ്ലമിങ്ങോ ‘കോപ ഡി ബ്രസീൽ’ കിരീടം നേടിയാൽ ഇന്ത്യയിലേക്ക് പോകാമെന്നായിരുന്നു കോച്ചും വിനീഷ്യസും തമ്മിലെ ധാരണയെന്നാണ് റിപ്പോർട്ട്.
ലോകകപ്പ് യോഗ്യത മത്സരമായ തെക്കനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോററായി ബ്രസീലിനെ ജേതാക്കളാക്കിയ വിനീഷ്യസിനെ 45 ദശലക്ഷം യൂറോ പ്രതിഫലത്തിന് സ്പാനിഷ് കരുത്തരായ റയൽ മഡ്രിഡ് സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.