കൊച്ചി: ബുധനാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലൂടെ കൊച്ചിയുടെ മണ്ണിലേക്കിറങ്ങി വരുേമ്പാൾ അത്ര പ്രസന്നരായിരുന്നില്ല ജർമൻ ടീം. കൗമാര ലോകകപ്പിലെ വമ്പൻ നിരകളിലൊന്നെന്ന പകിട്ടുമായെത്തിയ യൂറോപ്യൻ കരുത്തർക്ക് കഴിഞ്ഞ ദിവസം ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിലേറ്റ പ്രഹരത്തിെൻറ ഞെട്ടൽ മാറിയിട്ടില്ലെന്ന് മുഖഭാവങ്ങളിൽ വ്യക്തമായിരുന്നു. താരതമ്യേന ദുർബലരെന്ന വിശേഷണവുമായിറങ്ങിയ ഇറാനാണ് മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് സീനിയർ ലോകചാമ്പ്യന്മാരുടെ കൗമാരക്കൂട്ടത്തെ നാണക്കേടിൽ മുക്കിക്കളഞ്ഞത്. യൂറോപ്പിലെ പ്രബല ടീമുകളിലൊന്നിന് കളിയിൽ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഏഷ്യൻ രാജ്യങ്ങളിലൊന്നിെൻറ ഇളമുറസംഘത്തിൽനിന്നേറ്റ ദയനീയ തോൽവി ലോക ഫുട്ബാളിെൻറ തന്നെ സംസാരവിഷയമായിക്കഴിഞ്ഞു.
അപ്രതീക്ഷിതമായ അട്ടിമറിയിൽ വിറച്ചുപോയ ജർമനി അവസാന 16ൽ കടക്കാനുള്ള പെടാപ്പാടിലാണിപ്പോൾ. വെള്ളിയാഴ്ച ഗ്വിനിയക്കെതിരെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിെൻറ അങ്കത്തട്ടിലിറങ്ങുേമ്പാൾ അവർക്ക് ജയിച്ചേ തീരൂ. ഗ്രൂപ് ‘സി’യിൽ ആദ്യ മത്സരത്തിനിറങ്ങിയ ജർമനി അവസാന നിമിഷ ഗോളിൽ കോസ്റ്ററീകയെ 2-1ന് കഷ്ടിച്ച് മറികടക്കുകയായിരുന്നു. ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരങ്ങൾ ഒരേസമയം നടത്തുന്നതിെൻറ ഭാഗമായാണ് ജർമനിയുടെ കളി കൊച്ചിയിലേക്ക് മാറ്റിയത്. കൊച്ചിയിൽ കളിച്ച ബ്രസീലും നൈജറും ഗ്രൂപ് ‘ഡി’യിലെ അവസാന അങ്കത്തിനായി ഗോവയിലെത്തി. പ്രീ ക്വാർട്ടർ ബർത്തുതേടി സ്പെയിൻ വെള്ളിയാഴ്ച കൊച്ചിയിൽ വ.കൊറിയയെ നേരിടും.
ബയേൺ മ്യൂണിക്, ബയേർ ലെവർകുസൻ, ഹാംബർഗർ, ലീപ്സിഷ്, വോൾവ്സ്ബർഗ് തുടങ്ങിയ പ്രബല ടീമുകളിലെ യുവതാരങ്ങളെ അണിനിരത്തിയ ജർമനിക്കാണ് ഇറാനിൽനിന്ന് മുഖമടച്ച് അടികിട്ടിയത്. ജർമനിക്കെതിരെ രണ്ടുഗോൾ നേടുകയും ഒരു ഗോളിന് ചരടുവലിക്കുകയും ചെയ്ത യൂനസ് ഡെൽഫി യൂറോപ്പിലെ വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളിയായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.