മാഞ്ചസ്റ്റർ: ലാ ലിഗയിലെ രാജാക്കന്മാർക്ക് മുന്നിൽ കവാത്ത് മറന്ന് സോൾഷ്യറുടെ ക ളിപ്പട്ടാളം. ആഴ്ചകൾക്കുമുമ്പ് പി.എസ്.ജിയെ മുക്കിയ ആവേശവുമായി സ്വന്തം കളിമുറ്റത ്തിറങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡ് തുടക്കത്തിൽ വഴങ്ങിയ ഏക സെൽഫ് ഗോളിനാണ് ചാമ്പ് യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയോട് തോൽവി വഴങ്ങിയത്. ഇതോ ടെ, അടുത്തയാഴ്ച ബാഴ്സയുടെ മൈതാനമായ നൗകാമ്പിൽ രണ്ടാംപാദ മത്സരത്തിനിറങ്ങുന്ന ഇ ംഗ്ലീഷ് ടീമിന് രണ്ടു ഗോൾ മാർജിനിൽ ജയിച്ചാലേ സെമിപ്രവേശം സ്വപ്നം കാണാനാകൂ.
സൂപ്പർ താരം ലയണൽ െമസ്സി നയിച്ച കറ്റാലൻ സംഘത്തിെൻറ ആക്രമണം കണ്ടാണ് കളി തുടങ്ങിയത്. മുനകൂർത്ത നീക്കങ്ങളുമായി തുടരെ എതിർ ഗോൾ മുഖം വിറപ്പിച്ച ബാഴ്സ 12ാം മിനിറ്റിൽ ഗോളും കണ്ടെത്തി. മധ്യനിരയിൽനിന്ന് ലഭിച്ച പന്ത് എതിർ ഡിഫെൻഡർമാരുടെ തലക്കു മുകളിലൂടെ മനോഹരമായി മെസി നൽകിയ പാസിൽ സുവാരസ് തലവെച്ചതാണ് ഗോളിനു വഴിതുറന്നത്. പോസ്റ്റിെൻറ ഇടതുമൂലയിലേക്ക് നീങ്ങിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച മാഞ്ചസ്റ്റർ താരം ലൂക് ഷായുടെ ശരീരത്തിൽ തട്ടി ഗോൾവര കടക്കുകയായിരുന്നു. ലൈൻ റഫറി ഒാഫ്സൈഡ് വിളിച്ചെങ്കിലും ‘വാർ’ തുണയായി. വിഡിയോ പരിശോധനയിൽ ഒാഫ്സൈഡ് അല്ലെന്ന് ഉറപ്പിച്ച റഫറി ഗോൾ അനുവദിക്കുകയായിരുന്നു.
അതോടെ, ചുകപ്പുപട കളി മുറുക്കിയെങ്കിലും ശക്തവും സുസജ്ജവുമായി ബാഴ്സ കാവൽനിര നിലയുറപ്പിച്ചതോടെ നീക്കങ്ങൾ പാളി. ടീമിൽ തിരിച്ചെത്തിയ പിക്വെ ഉജ്ജ്വലമായി പ്രതിരോധിച്ചത് കറ്റാലൻ ടീമിന് പണി എളുപ്പമാക്കി. ഇടക്ക് യുനൈറ്റഡ് പ്രതിരോധത്തിലെ ക്രിസ് സ്മാളിങ് ഇടിച്ചുവീഴ്ത്തിയ മെസ്സി മൂക്കിൽനിന്ന് ചോരയൊലിപ്പിച്ചുനിൽക്കുന്ന കാഴ്ച അപായ സൂചന നൽകിയെങ്കിലും പ്രാഥമിക ചികിത്സ സ്വീകരിച്ച് 90 മിനിറ്റും അദ്ദേഹം കളി തുടർന്നു. മറുവശത്താകെട്ട, 2014നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിനിറങ്ങുന്ന യുനൈറ്റഡ് ശക്തിയെക്കാൾ ദൗർബല്യങ്ങൾ പ്രകടമാക്കി. ഒറ്റത്തവണപോലും കൃത്യമായി ഗോളിലേക്ക് നിറയൊഴിക്കാൻ റാഷ്ഫോഡും േപാൾ പോഗ്ബയുമടങ്ങുന്ന പേരുകേട്ട യുൈനറ്റഡ് താരനിരക്കായതുമില്ല.
റാഷ്ഫോഡ് ഇടക്കു നടത്തിയ ചില സോളോ നീക്കങ്ങളും മനോഹരമായ ഷോട്ടുകളും മാത്രമായിരുന്നു സോൾഷ്യർക്ക് പ്രതീക്ഷക്ക് വക നൽകിയത്. അവയാകെട്ട, ഒന്നിനു പിറകെ ഒന്നായി മോഹം മാത്രം നൽകി ഗാലറിയിലോ ഗോളിയുടെ കരങ്ങളിലോ വിശ്രമിച്ചു.
പ്രീക്വാർട്ടറിൽ പി.എസ്.ജിയോട് ഒന്നാം പാദം ഏകപക്ഷീയമായ രണ്ടു ഗോളിന് തോറ്റിട്ടും ഉജ്ജ്വലമായി തിരിച്ചുവന്ന് 3-1െൻറ ജയവും എവേ ഗോളിെൻറ ആനുകൂല്യവുമായി ക്വാർട്ടറിലേക്കു നടന്നു കയറിയ അതേ അത്ഭുതത്തിനാണ് യുനൈറ്റഡ് അടുത്ത മത്സരത്തിലും കാത്തിരിക്കുന്നത്. അന്ന് പാരിസിൽ കുറിച്ച ചരിത്രം പക്ഷേ, നൗകാമ്പിൽ ആവർത്തിക്കാനാകുമോ എന്ന് കാത്തിരുന്നു കാണണം.
മൗറീഞ്ഞോയുടെ പകരക്കാരനായി കഴിഞ്ഞ ഡിസംബറിൽ യുനൈറ്റഡിനൊപ്പം ചേർന്ന സോൾഷ്യർക്കു കീഴിൽ അടുത്തിടെ ടീം നടത്തിയ വൻ തിരിച്ചുവരവ് ചാമ്പ്യൻസ് ലീഗിൽ ഏതുവരെ തുടരാനാകുമെന്നതും സംശയമാണ്. ലാ ലിഗയിൽ 11 പോയിൻറ് ലീഡുമായി ഇതിനകം കിരീടമുറപ്പിച്ചു കഴിഞ്ഞ ബാഴ്സയാകെട്ട, ഇത്തവണ യൂറോപ്പിെൻറ ചാമ്പ്യൻപട്ടവും സ്വന്തമാക്കുമെന്ന് കരുതപ്പെടുന്ന ടീമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.