മരണാനന്തരം വി .പി . സത്യൻ അംഗീകരിക്കപ്പെടുമോ?

കോഴിക്കോട്​:  ഇന്ത്യൻ ഫുട്​ബാളിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ കളിക്കാരൻ വി.പി സത്യന്​ മരണാനന്തരവും നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച്​ തുറന്ന്​ പറഞ്ഞ്​ ഭാര്യ അനിത. ഫേസ്​ബുക്ക്​ കുറിപ്പിലൂടെയാണ്​ അനിത മനസ്സ്​ തുറന്നത്​. 2011ലും 2012ലും സത്യന്​ അർജുന അവാർഡിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നുവെന്ന് അവർ പറയുന്നു.

മരണശേഷമുള്ള അപേക്ഷയായതിനാൽ നിരസിക്കുകയായിരുന്നുവെന്നാണ്​ അറിയാൻ കഴിഞ്ഞതെന്നും അവർ  വ്യക്​തമാക്കുന്നു. ഗുസ്​തി താരം കെ.ഡി ജാദവിന്​ 2000ൽ മരണാനന്തര ബഹുമതിയായി അവാർഡ്​ നൽകിയിട്ടുണ്ടെന്നും ഇന്ത്യൻ ഫുട്​ബാളിനെ വാനോളം ഉയർത്തിയ പ്രതിഭ അംഗീകരിക്കപ്പെടണമെന്ന്​ ആഗ്രഹിക്കുന്നവരെല്ലാവരും പിന്തുണക്കണമെന്നും അനിത സത്യൻ  അഭ്യർഥിക്കുന്നു.

അനിത സത്യൻെറ ഫേസ്​ബുക്ക്​ കുറിപ്പിൻെറ പൂർണ്ണരൂപം

മരണാനന്തരം വി .പി . സത്യൻ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുമോ?

1986 മുതൽ ഒരു പതിറ്റാണ്ടിലേറെക്കാലം 80ൽ പരം ഇന്റർനാഷണൽ മത്സരങ്ങളിൽ 90 മിനിറ്റും നിറഞ്ഞ് നിന്നു കളിച്ച വി. പി സത്യൻ 10 തവണ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായിട്ടുണ്ട്. 1995ലെ സാഫ് ഗെയിംസിൽ ഇന്ത്യ ഗോൾഡ് മെഡൽ നേടിയത് വി. പി സത്യന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹം ക്യാപ്റ്റനായിരുന്ന കാലത്ത് ഇന്ത്യയുടെ ഫിഫ റാങ്ക് 99 ആയിരുന്നു.

96ലെ മെർദേക്ക കപ്പിൽ ദക്ഷിണ കൊറിയയുമായുളള അവസാനത്തെ ഗ്രൂപ്പ് മാച്ചിൽ 80ാം മിനിറ്റിൽ 3 - 3 സമനിലയിൽ നിന്ന കളി വി. പി സത്യന്റെ ഗോളിൽ ഇന്ത്യ ജയിച്ചത് ഇന്ത്യക്കാർക്കും, മലയാളികൾക്കും മറക്കാൻ കഴിയാത്ത അവിസ്മരണീയമായ മുഹൂര്‍ത്തമാണ്.

1995-ൽ എ.ഐ.എഫ്.എഫ് പ്ലെയർ ഓഫ് ദി ഇയർ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ൽ കേരളത്തിലെ മികച്ച ഫുട്ബോളർക്കുള്ള 'ജി വി രാജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ ബഹ്റൈൻ, കൊറിയ, കാമറൂൺ, ലെബനൻ ടീമുകൾക്കെതിരേയും ഗോളടിച്ചിട്ടുണ്ട്. നാല് സാഫ് ഗെയിംസിൽ പങ്കെടുത്ത ഏക മലയാളി താരം വി. പി സത്യനായിരുന്നു.

നീണ്ട 19 വർഷങ്ങൾക്ക് ശേഷം 1992ൽ കോയമ്പത്തൂരിൽ രണ്ടാമത് കേരളം സന്തോഷ് ട്രോഫി നേടിയത് വി. പി സത്യന്റെ നേതൃത്വത്തിലായിരുന്നു. അതിന് ശേഷം 15 സന്തോഷ് ട്രോഫികളിൽ അദ്ദേഹം കേരള ടീമിന്റെ ഭാഗമായിരുന്നു. കേരള ടീമിനേയും, ഇന്ത്യൻ ടീമിനേയും ഒരുപോലെ നയിച്ച വി. പി സത്യൻ 86ൽ നെഹ്‌റു കപ്പ്, മലേഷ്യയിൽ നടന്ന മെർദേക്ക ടൂർണ്ണമെന്റ്, 87ൽ സാഫ് ഗെയിംസ് ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീം അംഗം, 98ൽ ധാക്കയിൽ നടന്ന പ്രസിഡന്റ് ഗോൾഡ് കപ്പ്, 91ലെ കൊളംബോ സാഫ് ഗെയിംസ്, 91ലെ ലോകകപ്പ് ക്വാളിഫെെയിംഗ് മത്സരത്തിൽ ഇന്ത്യൻ നായകൻ, 93ലെ മദ്രാസ് നെഹ്‌റു കപ്പിൽ ഇന്ത്യൻ നായകൻ തുടങ്ങിയ ഇന്ത്യൻ ഫുട്‌ബോളിന്റെ ജെെത്രയാത്രയുടെ ചുക്കാന്‍പിടിക്കുന്നതിൽ വി. പി സത്യൻ നിർണ്ണായകമായ പങ്ക് വഹിച്ചു.

1994ൽ ബേറൂട്ടിൽ നടന്ന വേള്‍ഡ് കപ്പ് ക്വാളിഫെെയിംഗ് മത്സരത്തിൽ വളരെ നിര്‍ണായകമായ ഗോൾ നേടി 2 - 2 സ്കോറിൽ ലെബനെ തളച്ചിട്ടു. 1991ൽ സാഫ് ഗെയിംസിൽ കോച്ച് ജോസഫ് ഗലി കൊളംബോയിൽ എത്തിയ ഉടനെ ക്യാപ്റ്റൻസി സത്യജിത്ത് ചാറ്റര്‍ജിക്ക് നൽകുകയും ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തത് സഹ കളിക്കാരേയും, ഫുട്ബോൾ പ്രേമികളേയും ഒന്നടങ്കം വേദനിപ്പിച്ച നടപടിയെ വളരെ നിശബ്ദനായ് നേരിട്ടത് അദ്ദേഹത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന സംഭവമായിരുന്നു. കഠിനാധ്വാനത്തിലൂടെയും, ആത്മാർത്ഥതയിലൂടെയും മാത്രമാണ് വി. പി സത്യൻ ഇന്ത്യൻ ഫുട്ബോളിലും, കേരള ഫുട്ബോളിലും നിറഞ്ഞ് നിന്നിരുന്നത്.

കളിയിൽ നിന്നും വിരമിച്ചതിനു ശേഷം (FIFA, AIFF affiliated course conducted in Button and Goa respectively,C license, B license attendance) പരിശീലനത്തിനുള്ള ലെെസൻസ് എടുത്ത് കോച്ചായും പ്രവൃത്തിച്ചിരുന്നു. 2002 ൽ സൗത്ത് കൊറിയൻ ടൂറിൽ ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചായും ഇന്ത്യയെ നയിക്കുകയും. പിന്നീട് മരണം വരേ ഇന്ത്യൻ ബാങ്ക് ടീം കോച്ചായും, ഇന്ത്യൻ ടീം സെലക്ടറായും (1994) പ്രവർത്തനം തുടർന്നു. മറ്റു ടീമുകൾക്കൊപ്പം ഇന്ത്യൻ ബാങ്ക് ടീമിനെ നാഷണൽ ലീഗിൽ ഫസ്റ്റ് ഡിവിഷനിൽ മികവുറ്റ ടീമാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

ഏകദേശം 2002 മുതൽ വി. പി സത്യൻ കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. പിന്നീടുളള വർഷങ്ങളിൽ ശാരീരികവും, മാനസികവുമായ വേദനകൾ കടിച്ചമർത്തിയാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഓരോ കളിയിലും കുത്തിവക്കേണ്ടിവന്ന വേദന സംഹാരികളും, മരുന്നുകളുമാണ് അദ്ദേഹത്തെ വിഷാദ രോഗിയാക്കി മാറ്റിയത് എന്ന് വി. പി സത്യനെ ചികിത്സിച്ച ചെന്നൈയിലെ ഡോ: ആനന്ദ പ്രതാപ് പറഞ്ഞതാണ്. വിഷാദ രോഗത്തോടൊപ്പം തെെറോയിഡ് ഗ്രന്ധിയുടെ പ്രവർത്തനവും വി. പി സത്യന്റെ മാനസിക നില ഗുരുതരാവസ്ഥയിലാക്കിയിരുന്നു. കുടുംബ സ്നേഹിയും, രാജ്യസ്നേഹിയുമായിരുന്ന വി. പി സത്യൻ ഫുട്ബോൾ എന്ന കായിക മികവിനെ ഗൗരവപൂര്‍വ്വം വീക്ഷിക്കുകയും, ആത്മാർത്ഥമായ് പരിശ്രമിക്കുകയും, ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചക്ക് ആവശ്യമുളള ഭാവി പരിപാടികളും, ടെക്നിക്കുകളും ആവിഷ്കരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നു. 1992 മുതൽ മരണം വരേ ഇടതുകാലിൽ സ്റ്റീൽ റാഡിട്ടാണ് പല പ്രധാന നേട്ടങ്ങളും കെെവരിച്ചിരുന്നത് എന്ന വസ്തുത ഒരു അത്ഭുതമായ് അവശേഷിക്കുന്നു. വി. പി സത്യൻ എന്നും ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണ് എന്ന് നിസംശയം തെളിയിച്ചുകഴിഞ്ഞതാണ്. കേരളപോലീസിൽ ആ കാലത്തുണ്ടായ ചില മേലധികാരികളുടെ കളിയോടുളള അവഗണന സഹിക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് അദ്ദേഹം കേരളം വിട്ടത്. അതിന്റെ പേരിൽ പലരും അധിക്ഷേപിക്കുകയുണ്ടായി. പക്ഷേ കേരളത്തിനെതിരെ സന്തോഷ് ട്രോഫി കളിക്കേണ്ടി വന്നില്ലല്ലോ എന്ന അദേഹം ആശ്വാസിച്ചിരുന്നു. കേരളത്തിനെതിരെ കളിക്കുന്നത് മരണത്തിന് തുല്ല്യമായാണ് അദ്ദേഹം കണ്ടിരുന്നത്.

18ാം വയസ്സിൽ കേരളപോലീസിൽ ചേർന്ന് 30 വയസ്സ് വരേ കേരളത്തിനും, ഇന്ത്യക്കും വേണ്ടിയും പിന്നീട് മരണം വരേ ഇന്ത്യൻ ബാങ്കിനു വേണ്ടിയും അഹോരാത്രം പരിശ്രമിക്കുകയും, കളിക്കാരൻ, പരിശീലകൻ, സെലക്ടർ എന്നീ നിലകളിൽ പ്രവൃത്തിക്കുകയും ഫുട്ബോൾ വികാസ പരിണാമങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്തിരുന്ന വി. പി സത്യൻ ഒടുവിൽ അംഗീകാരങ്ങളുടെ ബലമില്ലാതെ വിഷാദ രോഗം പിടിപെട്ട് മരണശേഷം തന്റേതല്ലാത്ത കുറ്റത്തിന് പഴികേൾക്കേണ്ടിവന്നു.

വി. പി സത്യനേപ്പോലെ ഉൾക്കാഴ്ച്ചയും, ബുദ്ധിയും, ദീർഘവീക്ഷണവുമുളള പൂർണ്ണതയാർജ്ജിച്ച ഒരു ഫുട്ബോളർക്ക് വേണ്ടി ഞാൻ 2011ലും, 2012ലും അർജുന അവാര്‍ഡിന് അപേക്ഷ നൽകി എങ്കിലും അവാര്‍ഡ് ലഭിച്ചില്ല. മരണ ശേഷമുളള അപേക്ഷയായതിനാലാണ് ആ അപേക്ഷകൾ പരിഗണിക്കപ്പെടാതെ പോയത് എന്നാണറിഞ്ഞത്. എന്നാൽ ഗുസ്തി താരം കെ. ഡി ജാദവിന് 2000- ത്തിൽ മരണാനന്തര ബഹുമതിയായ് അർജുന അവാര്‍ഡ് നൽകിയിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിനെ ലോകത്തോളം ഉയർത്തിയ, ഫുട്ബോളിനെ ജീവനും, ജീവിതവുമാക്കിയ വി. പി സത്യൻ എന്ന അതുല്യ പ്രതിഭയെ ദേശീയതലത്തിൽ അംഗീകരിക്കണം എന്നാഗ്രഹിക്കുന്നവർ സപ്പോർട്ട് ചെയ്യണം.

അനിത സത്യൻ

LATEST VIDEO

Full View
Tags:    
News Summary - V.P Sathyan wife facebook post-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.