ക്രാസ്നോദർ: ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരം സ്പെയിൻ ജയത്തോടെയും ഫ്രാൻസ് സമനിലയോടെയും അവസാനിപ്പിച്ചു. സ്പെയിൻ തുനീഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചപ്പോൾ ഫ്രാൻസിനെ അമേരിക്ക 1-1ന് പിടിച്ചുകെട്ടി.
കളിമറന്നു കളിച്ച സ്പെയിനിനെ ലോങ് വിസിലിന് ഏഴു മിനിറ്റ് മാത്രം ബാക്കിനിൽക്കെ പകരക്കാരനായിറങ്ങിയ സെൽറ്റവിഗോ താരം ഇയാഗോ അസ്പാസ് നേടിയ ഗോളാണ് രക്ഷപ്പെടുത്തിയത്. ഡീഗോ കോസ്റ്റയായിരുന്നു അസിസ്റ്റ്. മത്സരത്തിലെ പ്രകടനത്തിലൂടെ സെൻറർ ഫോർവേഡ് സ്ഥാനത്തെ സ്ഥിരപ്രതിഷ്ഠക്കായുള്ള കോച്ചിെൻറ തിരച്ചിലിന് അവസാനം കണ്ടുവെന്നാണ് പ്രതീക്ഷ. ഗോളിന് വഴിയൊരുക്കിയതു കൂടാതെ തുനീഷ്യൻ പ്രതിരോധ നിരക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കാനും അത്ലറ്റികോ സൂപ്പർ താരമായ കോസ്റ്റക്ക് സാധിച്ചിരുന്നു. മത്സരത്തിലുടനീളം ആധിപത്യം പുലർത്താനായെങ്കിലും തുനീഷ്യക്ക് മികച്ച ചില അവസരങ്ങൾ സൃഷ്ടിക്കാനായി. ജയത്തോടെ കോച്ച് ജുലൻ ലോപറ്റഗൂയിക്ക് കീഴിൽ ടീം പരാജയമറിയാതെ 20 മത്സരങ്ങൾ പൂർത്തിയാക്കി.
ലോകകപ്പിൽ കണ്ണുംനട്ട് പ്രതിഭാശാലികളുടെ സംഘവുമായി റഷ്യയിലെത്തുന്ന ഫ്രാൻസിനെ അമേരിക്കയാണ് സമനിലയിൽ തളച്ചത്. ഗ്രൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അവസരങ്ങളൊന്നും ഗോളാക്കിമാറ്റാൻ ദിദിയർ ദെഷാംപ്സിെൻറ ഫ്രഞ്ച്പടക്കായില്ല. നിനച്ചിരിക്കാതെ 44ാം മിനിറ്റില്‍ ജൂലിയന്‍ ഗ്രീൻ നേടിയ ഗോളിലൂടെ അമേരിക്കയാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് ആക്രമണം കടുപ്പിച്ച ഫ്രാൻസിനായി 78ാം മിനിറ്റില്‍ പി.എസ്.ജിയുെട യുവതാരം കെയ്ലിയൻ എംബാപെ ഗോൾ മടക്കി. എട്ടുതവണ പോസ്റ്റ് ലക്ഷ്യംവെച്ച ഫ്രഞ്ചുകാർക്ക് ഒരു തവണ മാത്രമാണ് വല ഭേദിക്കാനായത്. മറ്റു മത്സരങ്ങളില്‍ സെര്‍ബിയ 5-1ന് ബൊളീവിയയെയും ഡെന്മാര്ക് 2-0ത്തിന് മെക്സികോയെയും മൊറോക്കോ 3-1ന് എസ്തോണിയയെയും ആസ്ട്രേലിയ 2-1ന് ഹംഗറിയെയും തോൽപിച്ചപ്പോള് സ്വീഡന്-പെറു മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.