തൃശൂർ: പൂരങ്ങളുടെ നാട്ടിൽനിന്നും ചതുരംഗക്കളത്തിൽ ലോകത്തിെൻറ നെറുകയിലെത്തി നിഹാൽ സരിൻ. രാജ്യാന്തര ചെസിലെ എലോ റേറ്റിങ്ങിൽ 2600 എന്ന മാന്ത്രിക നമ്പർ തൊടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരൻ എന്ന ബഹുമതി തൃശൂർ പൂത്തോളിൽനിന്നുള്ള 14കാരൻ നിഹാൽ സരിന് സ്വന്തം. സ്വീഡനിലെ മൽമോയിൽ നടക്കുന്ന സീഗ്മാൻ ആൻഡ് കോ ചെസ് ടൂർണമെൻറിെൻറ രണ്ടാം റൗണ്ടിൽ സമനില പിടിച്ചാണ് നിഹാൽ റേറ്റിങ് 2600ലെത്തിച്ചത്.
2598 പോയൻറുമായി സ്വീഡനിലെത്തിയ നിഹാൽ ആദ്യ റൗണ്ടിൽ യൂറോപ്യൻ ചാമ്പ്യൻ ഇവാൻ സരിച്ചിനെ സമനിലയിൽ തളച്ച് ചരിത്രനേട്ടത്തിനരികിലെത്തി. ഏഴു മണിക്കൂർ നീണ്ട മത്സരത്തിൽ ജയത്തിനരികിൽ നിന്നായിരുന്നു നിഹാൽ സമനിലയിലേക്കു വീണത്. രണ്ടാം റൗണ്ടിൽ കറുപ്പിൽ കളിച്ച മലയാളി താരം, ജർമൻ ഗ്രാൻഡ്മാസ്റ്റർ ലിവ്യൂ ദീത്തർ നിസിപ്പേനുവിനെയും സമനിലയിൽ കുരുക്കി. സിസിലിയൻ ഡിഫൻസിലെ സ്വെഷിനികോവ് ശൈലിയിൽ കളിച്ചായിരുന്നു തന്നേക്കാൾ ഏറെ മുന്നിലുള്ള ജർമൻ താരത്തെ പിടിച്ചുകെട്ടിയത്.
കരിയറിൽ ആദ്യമായാണ് നിഹാൽ ഇൗ ശൈലിയിൽ കരുക്കൾ നീക്കുന്നത്. എന്നാൽ, 28ാം നീക്കത്തിൽ ജർമൻ താരത്തിന് വിജയസാധ്യത തെളിഞ്ഞെങ്കിലും ഭാഗ്യം നിഹാലിനൊപ്പം നിന്നു. പ്രതിരോധം ആയുധമാക്കിയപ്പോൾ നിർണായകസമയത്ത് സമനില വിളിച്ചു.
‘‘തുടക്കത്തിൽ അൽപം പരിഭ്രമമുണ്ടായിരുന്നെങ്കിലും, സമ്മർദം ഒഴിവാക്കി കളിക്കാൻ കഴിഞ്ഞു’’ -മത്സരത്തെക്കുറിച്ച് നിഹാൽ പറഞ്ഞു. അഞ്ചു മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ലോക ചെസിെൻറ നെറുകയിലേക്കുള്ള നീക്കങ്ങൾ നിഹാൽ പുറത്തെടുത്തത്. ലോക ചെസിലെ ആദ്യ നൂറു താരങ്ങളിലൊരാൾ എന്ന നേട്ടമാണ് നിഹാൽ സരിൻ എലോ റേറ്റിങ്ങിൽ 2600 പോയൻറ് നേടിയതിലൂടെ കരസ്ഥമാക്കിയത്.
2018-19ൽ മാത്രം 115 ടൂർണമെൻറിലാണ് അണ്ടർ 10 മുൻ ലോക ചാമ്പ്യനായ നിഹാൽ സരിൻ പങ്കെടുത്തത്. ഇതിൽ 42 എണ്ണത്തിൽ വിജയിച്ചു. 57 സമനില. 17 മത്സരങ്ങളിൽ പൊരുതിത്തോറ്റു. തൃശൂർ പൂത്തോൾ ‘ശ്രുതി’യിൽ ഡോ. സരിൻ-ഡോ. ഷിജി ദമ്പതികളുടെ മൂത്തമകനാണ് നിഹാൽ. തൃശൂർ ദേവമാത സെൻട്രൽ സ്കൂൾ വിദ്യാർഥിയാണ്. സഹോദരി നേഹ.
ഗ്രാൻഡ്മാസ്റ്റർ നിഹാൽ കുതിരയെയും ആനയെയും വരച്ചു നടക്കേണ്ട പ്രായത്തിൽ ചതുരംഗക്കളത്തിൽ എതിരാളിയെ വരിഞ്ഞുമുറുക്കിയവനാണ് നിഹാൽ സരിൻ. തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജിലെ അസിസ്റ്റൻറ് പ്രഫസർ അയ്യന്തോൾ ശ്രുതിയിൽ ഡോ. എ. സരിെൻറയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിൻ എ. ഉമ്മറിെൻറയും മകനായ നിഹാൽ കുഞ്ഞുനാളിലെ ബന്ധുക്കളെയും നാട്ടുകാരെയും വിസ്മയിപ്പിച്ചു.
191 രാജ്യങ്ങളുടെ പേരും പതാകയും മൂന്നുവയസ്സിനു മുേമ്പ കാണാപ്പാഠമാക്കിയവൻ, 150 നാടോടിക്കഥകൾ മനഃപാഠമാക്കിയും ചിത്രശലഭങ്ങളുടെ ശാസ്ത്രനാമം തെറ്റാതെ പറഞ്ഞും അഞ്ചു വയസ്സിനുള്ളിൽ നാട്ടുകാരെ ഞെട്ടിച്ചു. എല്ലാ കളികളുമായി വികൃതിയായി നടന്നവനെ ആറാം വയസ്സിൽ വല്ല്യൂപ്പ എ.എ ഉമ്മറാണ് ചതുരംഗം പരിചയപ്പെടുത്തുന്നത്. സ്കൂളിലെത്തിയപ്പോൾ കോച്ച് മാത്യൂ ജോസഫ് പൂത്തോറ വഴികാട്ടിയായി.
2011ൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അണ്ടർ ഏഴ് വിഭാഗത്തിൽ കിരീടം നേടുകയും ദേശീയതലത്തിൽ 12ാം സ്ഥാനത്ത് എത്തുകയും ചെയ്ത് ശ്രദ്ധനേടി. ലോക അണ്ടർ 10 വിഭാഗം ബ്ലിറ്റ്സ് ചാമ്പ്യൻ, ഏഷ്യൻ അണ്ടർ 10 ബ്ലിറ്റ്സ്, റാപ്പിഡ് ചാമ്പ്യൻ, ദേശീയ അണ്ടർ ഒമ്പതു വിഭാഗം ചാമ്പ്യൻ, നാലുവട്ടം അണ്ടർ ഏഴ്, ഒമ്പത്, 11 വിഭാഗങ്ങളിൽ സംസ്ഥാന ചാമ്പ്യൻ തുടങ്ങി 70ലേറെ സംസ്ഥാനതല കിരീടങ്ങൾ. 2014 ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 10 വിഭാഗം കിരീടം. 2015ൽ അണ്ടർ 12ൽ വെള്ളി.
2016ൽ ഗ്രാൻഡ് മാസ്റ്ററെ അട്ടിമറിച്ച് ആദ്യ ഇൻറർനാഷനൽ നോം. അടുത്തവർഷം രണ്ടും മൂന്നും നോം നേടി. വർഷാവസാനം ഗ്രാൻഡ്മാസ്റ്റർ നോംനേടുന്ന പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി. ആനന്ദും കരാകിനും ഉൾപ്പെടെയുള്ള താരങ്ങളെ സമനിലയിൽ തളച്ച നിഹാലിന് ഇപ്പോഴിതാ 2600 എലോ റേറ്റിങ്ങും.
ഇന്ത്യയിൽ ഒന്നാമൻ ശനിയാഴ്ച രാത്രിയിൽ 2600 എലോ റേറ്റിങ്ങിലെത്തുേമ്പാൾ നിഹാലിന് പ്രായം 14 വയസ്സും ഒമ്പതു മാസവും 22 ദിവസവും. ഇൗ നേട്ടത്തിലെത്തുന്ന ഇന്ത്യയുടെ ഏറ്റവും പ്രായംകുറഞ്ഞ താരം. പരിമർജാൻ നേഗിയുടെ റെക്കോഡാണ് നിഹാൽ തിരുത്തിയത്. 15 വയസ്സും 11 മാസവുമുള്ളപ്പോഴാണ് നേഗി 2600െലത്തിയത്. േലാക ചെസിൽ നിഹാൽ രണ്ടാമനായി. ചൈനീസ് ഗ്രാൻഡ്മാസ്റ്റർ വേയ് യീയുടെ പേരിലാണ് ലോക റെക്കോഡ്. 14 വയസ്സും നാലു മാസവുമായിരുന്നു വേയ് യീയുടെ പ്രായം.
എലോ റേറ്റിങ് ലോക ചെസിലെ റേറ്റിങ് സംവിധാനമാണ് എലോ. താരങ്ങളുടെ റാങ്കിങ് കണക്കാക്കാൻ ഫിഡെ ഉൾപ്പെടെ ലോകത്തെ ചെസ് ഫെഡറേഷനുകൾ എലോ റേറ്റിങ്ങാണ് പിന്തുടരുന്നത്.
2700+ -വേൾഡ് ചാമ്പ്യൻഷിപ് മത്സരാർഥികൾ (ലോക ചെസിൽ 2800ന് മുകളിൽ റേറ്റിങ് നേടിയത് 13 താരങ്ങൾ മാത്രം. വിശ്വനാഥൻ ആനന്ദ്, ഗാരി കാസ്പറോവ് തുടങ്ങിയവർ. ഏറ്റവും ഉയർന്ന റേറ്റിങ് കാൾസന് -2882)
2500-2700 ഗ്രാൻഡ്മാസ്റ്റേഴ്സ്
2400-2500 ഇൻറർനാഷനൽ മാസ്റ്റേഴ്സ്, ഏതാനും ജി.എം
2300-2400 ഫിഡെ മാസ്റ്റേഴ്സ്
2200-2300 ഫിഡെ കാൻഡിഡേറ്റ് മാസ്റ്റേഴ്സ്
2000-2200 കാൻഡിഡേറ്റ് മാസ്റ്റേഴ്സ്
1800-2000 ക്ലാസ് എ, കാറ്റഗറി 1
1600-1800 ക്ലാസ് ബി, കാറ്റഗറി 2
1400-1600 ക്ലാസ് സി, കാറ്റഗറി 3
1200-1400 ക്ലാസ് ഡി, കാറ്റഗറി 4
1200ന് താഴെ -പുതുമുഖം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.