ദോഹ: ഖത്തറിെൻറ ഹൃദയമായ ദോഹ കോർണിഷിൽ ഞായറാഴ്ച രാത്രിയിൽ ഉയരുന്ന നാഴികമണിയുടെ സൂചികൾക്ക് വേഗം കൂടണേയെന്നാണ് ലോകത്തിെൻറ പ്രാർഥന. നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും കടന്ന് ഒരാണ്ടുകൂടി വേഗം കടന്നുവരണേയെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇങ്ങ് ദോഹയിലും അങ്ങ് സാവോ പോളോയിലും ബ്വേനസ് എയ്റിസിലും ടോക്യോയിലും നമ്മുടെ മലപ്പുറത്തും നൈനാംവളപ്പിലുമെല്ലാം പ്രാർഥന ഒന്നുതന്നെ.
2022 നവംബർ 21 ആണ് ആ ദിവസം. ലോകം ഒരു പന്തായി മാറി, ഖത്തറിൽ തമ്പടിക്കുന്ന വിശ്വമേളയുടെ നാളുകൾ. ആ ദിവസത്തിലേക്ക് ഇന്നു മുതൽ കൃത്യം ഒരു വർഷം. അറബ് മണ്ണും പശ്ചിമേഷ്യയും ആദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പ് ഫുട്ബാളിെൻറ ഔദ്യോഗിക കൗണ്ട്ഡൗണിന് ഞായറാഴ്ച രാത്രി ദോഹയിൽ േക്ലാക്ക് ചലിച്ചുതുടങ്ങും. ഒരുക്കങ്ങളെല്ലാം നേരത്തെ പൂർത്തിയായി. ലോകകപ്പിെൻറ എട്ടു വേദികളും മത്സരസജ്ജമായി. ഓരോ സ്റ്റേഡിയത്തെയും വലയം ചെയ്ത് ഏഴും എട്ടും പരിശീലന മൈതാനങ്ങളും ഒരുങ്ങി. ലോകത്തിെൻറ വിവിധ കോണുകളിൽനിന്ന് ഒഴുകിയെത്തുന്ന ദശലക്ഷം കാണികളെ വരവേൽക്കാനും ഖത്തർ തയാറെടുത്തു. താമസത്തിനുള്ള ഹോട്ടലുകൾ, നവീകരണം പൂർത്തിയാവുന്ന റോഡുകളും പാർക്കുകളും മെട്രോ സർവിസുകളും ട്രാമും ഇലക്ട്രിക് ബസുകളുമായി അത്യാധുനികവത്കരിക്കുന്ന പൊതു ഗതാഗത സൗകര്യങ്ങൾ... അങ്ങനെ അടിമുടി ഒരുങ്ങി ഖത്തർ ലോകത്തെ വരവേൽക്കുകയാണ്.
ഫുട്ബാൾ ആവേശത്തിലേക്കാണ് ഖത്തർ കൗണ്ട്ഡൗൺ എണ്ണിത്തുടങ്ങുന്നത്. ലോകകപ്പിെൻറ ട്രയൽ റൺ എന്ന് വിശേഷിപ്പിച്ച ഫിഫ അറബ് കപ്പിന് നവംബർ 30ന് കിക്കോഫ് കുറിക്കുന്നതോടെ, ലോകകപ്പ് സ്റ്റേഡിയങ്ങളുടെയും അനുബന്ധ സജ്ജീകരണങ്ങളുടെയും പരീക്ഷണവുമാവും. ലോകകപ്പിനായി ഒരുക്കിയ എട്ട് സ്റ്റേഡിയങ്ങളിൽ അഞ്ചിലും പന്തുരുണ്ടു തുടങ്ങി. ഏറ്റവുമൊടുവിൽ ഒക്ടോബർ 22ന് തൊപ്പിയുടെ മാതൃകയിൽ നിർമാണം പൂർത്തിയായ അൽ തുമാമ സ്റ്റേഡിയവും കായിക ലോകത്തിന് സമർപ്പിക്കപ്പെട്ടു. മരുഭൂമിയിലെ ടെൻറിെൻറ മാതൃകയിൽ നിർമിച്ച അൽ വക്റയിലെ അൽബെയ്ത് സ്റ്റേഡിയവും ഷിപ്പിങ് കണ്ടെയ്നറുകൾ അടുക്കിവെച്ച് ഒരുക്കിയ റാസ് അബൂഅബൂദ് സ്റ്റേഡിയവും നവംബർ 30ന് ഫിഫ അറബ് കപ്പ് മത്സരങ്ങൾക്ക് വേദിയാവുന്നതോടെ കായികലോകത്തിന് സ്വന്തമായി മാറും.
ലോകകപ്പ് ഫൈനലിെൻറ വേദിയായ, ഖത്തറിെൻറ 'മാറക്കാന'യെന്ന വിശേഷണമുള്ള ലുസൈൽ ഐകോണിക് സ്റ്റേഡിയം മാത്രമാണ് ഉദ്ഘാടനത്തിന് ബാക്കിയുള്ളത്. നിർമാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കിയ ലുസൈൽ ഏതാനും മിനുക്കുപണികളോടെ 2022 ആരംഭത്തിൽതന്നെ ഉദ്ഘാടനം ചെയ്യുമെന്നാണ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിക്കുന്നത്. ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം എന്നിവ നേരത്തെതന്നെ വിവിധ മത്സരങ്ങൾക്കായി വേദിയായിക്കഴിഞ്ഞു. ചുരുക്കത്തിൽ, ലോകകപ്പിന് ഒരു വർഷം മുമ്പുതന്നെ, നാളെയെങ്കിൽ നാളെ എന്ന നിലയിൽ വിശ്വമേളക്ക് നിലമൊരുക്കാൻ ഖത്തർ സജ്ജമായിക്കഴിഞ്ഞു.
എണ്ണിയാൽ തീരാത്ത ഒരുപിടി പ്രത്യേകതകളുമായാണ് ഖത്തർ ലോകകപ്പിന് വേദിയൊരുക്കുന്നത്. കൊച്ചുരാജ്യമെന്നത് പരിമിതിയായി ചൂണ്ടിക്കാട്ടിയ പടിഞ്ഞാറൻ മാധ്യമങ്ങൾക്കു മുന്നിൽ, അതിനെ ഏറ്റവും മികച്ച അവസരമാക്കിയാണ് ഖത്തർ ലോകകപ്പിനെ വരവേൽക്കുന്നത്.
മുൻകാല ലോകകപ്പുകളിൽ സ്റ്റേഡിയങ്ങൾക്കിടയിൽ ആയിരം കിലോമീറ്റർ വരെ ദൈർഘ്യമുണ്ടായപ്പോൾ, 70 കിലോമീറ്റർ ദൂരത്തിനുള്ളിൽ എട്ട് സ്റ്റേഡിയങ്ങളും തയാറാക്കി ഏറ്റവും ഒതുക്കമുള്ള ലോകകപ്പായി (മോസ്റ്റ് കോമ്പാക്ടബിൾ) ഖത്തർ മാറി. പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പ്, ഏറ്റവും കൂടുതൽ ഇന്ത്യക്കാരുടെ സാന്നിധ്യം, സുസ്ഥിരതക്ക് ഊന്നൽ നൽകിയുള്ള നിർമാണം, ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ കാലാവസ്ഥയിലും കളിക്കാനുള്ള സൗകര്യമൊരുക്കുന്ന ശീതീകരണ സംവിധാനങ്ങളോടെയുള്ള വേദികൾ, നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ആദ്യ ലോകകപ്പ്, പൊതു ഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങൾ... നീണ്ടുകിടക്കുന്നു ഖത്തർ വിശേഷങ്ങൾ. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേതെന്ന് പറഞ്ഞ ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോയുടെ വാക്കുകൾ അക്ഷരംപ്രതി ശരിവെക്കുന്നതാണ് ഈ വിശ്വമേള.
ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും ഒതുക്കമുള്ള ലോകകപ്പിനാണ് ഖത്തർ ആതിഥ്യമരുളുക. കാണികൾ, താരങ്ങൾ, ഒഫീഷ്യലുകൾ എന്നിവർക്ക് സ്റ്റേഡിയവും പരിശീലന സ്ഥലങ്ങളും ഫാൻസോണുകളും താമസ സ്ഥലങ്ങളും ചുറ്റുവട്ടങ്ങളിലാവും. രണ്ട് ടൂർണമെൻറ് വേദികൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 70 കിലോമീറ്റർ മാത്രമായിരിക്കും. റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയവും ഖത്തർ ഫൗണ്ടേഷനിലെ എജുക്കേഷൻ സിറ്റി സ്റ്റേഡിയവും തമ്മിലുള്ള ദൂരം കേവലം അഞ്ച് കിലോമീറ്ററും. കാണികൾക്ക് ഒരേ ദിവസം ഒന്നിലധികം മത്സരങ്ങൾ വീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഖത്തറിെൻറ ഏറ്റവും വലിയ സൗകര്യം.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നാണ് ലോകകപ്പ് പ്രാദേശിക സംഘാടക സമിതിയുടെ പേര്. ആ പേരിലുമുണ്ടൊരു ഖത്തറി ടച്ച്. ശതകോടികൾ മുടക്കി നിർമിക്കുന്ന വേദികൾ ലോകകപ്പും ഒളിമ്പിക്സും പോലെയുള്ള രാജ്യാന്തര മേളകൾ കഴിയുേമ്പാൾ ബാധ്യതയായി മാറുന്ന വാർത്തകൾക്കിടയിലാണ് ഖത്തർ വേറിട്ട മാതൃക സൃഷ്ടിക്കുന്നത്. ലോകകപ്പിെൻറ എട്ടിൽ ഒരു വേദിയായ റാസ് അബൂ അബൂദ് സ്റ്റേഡിയം പൂർണമായും അഴിച്ചു മാറ്റി, അവിടം പാർക്കായി മാറും. മറ്റ് ഏഴു സ്റ്റേഡിയങ്ങളും പകുതിയോളം ഇരിപ്പിടങ്ങൾ ഒഴിവാക്കി മുഖം മാറിയാവും ലോകകപ്പിനു ശേഷം നവീകരിക്കപ്പെടുക. ഇവയിൽ അഴിച്ചുമാറ്റപ്പെടുന്ന ഇരിപ്പിടങ്ങളും മറ്റു സംവിധാനങ്ങളും ആഫ്രിക്കയിലും ഏഷ്യയിലും വിവിധ രാജ്യങ്ങളിൽ സ്റ്റേഡിയങ്ങളും ആതുരാലയങ്ങളുമായി മാറും.
നവീകരിക്കുന്ന സ്റ്റേഡിയങ്ങളുടെ മുകൾനിലകളാവട്ടെ ആശുപത്രികൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, സ്പോർട്സ് സെൻററുകൾ തുടങ്ങി വിവിധോദ്ദേശ്യ കേന്ദ്രങ്ങളായി മാറും. ലോകകപ്പ് കഴിഞ്ഞാലും ഖത്തർ പകരുന്ന 'ലെഗസി'ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലുമായി പടരും.
ലുസൈൽ െഎകോണിക് സ്റ്റേഡിയം
ഖത്തറിെൻറ ഭാവി നഗരമായി മാറാൻ ഒരുങ്ങുന്ന ലുസൈലിെൻറ തിലകക്കുറിയാണ് 80,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകകപ്പ് ഫൈനൽ വേദിയായ കൂറ്റൻ സ്റ്റേഡിയം. രൂപ ഭംഗിയിലും നിർമാണ സാങ്കേതികത്വത്തിലും എൻജിനീയറിങ് വൈദഗ്ധ്യത്തിലും അത്ഭുതമാണ് ദോഹയിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള ഈ കളിമുറ്റം. ലോക പ്രശസ്ത ആർക്കിടെക്ട് കമ്പനിയായ ഫോസ്റ്റർ ആൻഡ് പാർട്ണേഴ്സാണ് സ്റ്റേഡിയം രൂപകൽപന ചെയ്തത്. അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാണ് ലുസൈൽ സ്റ്റേഡിയത്തിെൻറ നിർമാണം. ചരിത്രപാരമ്പര്യത്തിെൻറ പ്രതിഫലനമായ ഫാനർ റാന്തൽ വിളക്കും മധുരസ്മരണകളുയർത്തുന്ന അതിെൻറ നേർത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച്, ഒരു പുരാതന യാനപാത്രത്തിെൻറ ആകൃതിയിലാണ് ലുസൈൽ സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ലോകകപ്പിനു ശേഷം, 20,000 സീറ്റുകളിലേക്ക് ചുരുക്കി ഖത്തറിെൻറ ലെഗസി തുടരും. സ്റ്റേഡിയത്തിെൻറ അതേ രൂപഭംഗി നിലനിർത്തി കമ്യൂണിറ്റി ഹബും ഹെൽത്ത് ക്ലിനിക്കും മറ്റുമായി മാറും.
അൽ ബെയ്ത് സ്റ്റേഡിയം
അതിവിശാലമായ മരുഭൂമിയിൽ വലിച്ചുകെട്ടിയ ടെൻറാണ് ആദ്യ കാഴ്ചയിലെ അൽ ബെയ്ത് സ്റ്റേഡിയം. അരികിലെത്തുേന്താറും വിസ്മയമായിമാറുന്ന നിർമാണം. ലോകകപ്പിെൻറ ഉദ്ഘാടന മത്സര വേദികൂടിയാണ് ദോഹയിൽ നിന്നും 48 കിലോമീറ്റർ അകലെയുള്ള ഈ കളിമുറ്റം. മരുഭൂമികളിലെ സഞ്ചാരികളായ ആദ്യ കാല അറബികൾ രാപ്പാർക്കുന്ന ടെൻറുകളുടെ മാതൃകയിൽ സ്റ്റേഡിയം ഒരുക്കിയാണ് സംഘാടകർ വിസ്മയിപ്പിച്ചത്. പുറം കാഴ്ചയിൽ മാത്രമല്ല, ഗാലറികാഴ്ചയിലും ടെൻറിെൻറ മാതൃകയും പാരമ്പര്യവും അതേപടി പകർത്തിക്കൊണ്ട് നിർമാണം. 60,000 സീറ്റിങ് കപ്പാസിറ്റിയുമായി പന്തുരുളാൻ ഒരുങ്ങി നിൽകുന്ന അൽ ബെയ്ത് ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ്പോടെ കളിയാരാധകർക്ക് മുമ്പാകെ കൺ തുറക്കും.
അൽ തുമാമ സ്റ്റേഡിയം
അറബ് കൗമാരക്കാർ അണിയുന്ന ഗഫിയ എന്ന തലപ്പാവിെൻറ മാതൃക, സ്റ്റേഡിയം നിർമിതിയിലേക്ക് പകർത്തിയപ്പോൾ അതിശയിച്ചുപോയത് ലോകമെങ്ങുമുള്ള കളിപ്രേമികളും സംഘാടകരുമാണ്. കണ്ടുശീലിച്ച ഫുട്ബാൾ മൈതാനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ആശയം. ഖത്തർ ആർകിടെക്ടായ ഇബ്രാഹിം എം. ജെയ്ദയായിരുന്നു ഈ ഡിസൈനിനു പിന്നിൽ പ്രവർത്തിച്ചത്. ഒക്ടോബർ 22ന് അമീർ കപ്പ് ഫൈനലോടെയാണ് 40,000 ഇരിപ്പിട സൗകര്യമുള്ള തുമാമ സ്േറ്റഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം
ഖത്തറിെൻറ കായിക പാരമ്പര്യമെല്ലാം ഇവിടെയുണ്ട്. 1975ൽ നിർമാണം പൂർത്തിയാക്കിയ ഈ മണ്ണിെൻറ ആദ്യ കളിമുറ്റം. 2006 ഏഷ്യൻ ഗെയിംസ് മുതൽ ഒരു പിടി കായിക മത്സരങ്ങൾക്ക് വേദിയായ ഇടം. ഈ ലോകകപ്പിൽ ഖത്തറിെൻറ തലയെടുപ്പുകളിൽ ഒന്ന് ഈ വേദിയായിരിക്കും. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്, ഫിഫ ക്ലബ് ലോകകപ്പ്, പാൻ അറബ് ഗെയിംസ്, ഏഷ്യാകപ്പ് ഫുട്ബാൾ അങ്ങനെ ഒരു പിടി മത്സരങ്ങളുടെ അലയൊലികൾ ഇന്നും തങ്ങി നിൽക്കുന്ന കൂടാരമാണ് ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയം.
റാസ് അബൂഅബൂദ് സ്റ്റേഡിയം
സ്റ്റേഡിയ നിർമിതിയിൽ സമാനതകളില്ലാത്ത പരീക്ഷണമാണ് ലോകകപ്പിനായി കോർണിഷിനോട് ചേർന്ന് സംഘാടകർ ഒരുക്കിയത്. എൻജിനീയറിങ് വിസ്മയം എന്നു വിശേഷിപ്പിക്കാവുന്ന സ്റ്റേഡിയം. 1930 മുതലുള്ള ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ടൂർണമെൻറിനു ശേഷം പൂർണമായും പൊളിച്ചുകളയുന്ന വേദി എന്ന പ്രത്യേകത റാസ് അബൂഅബൂദിനു മാത്രമാണ്. ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് സ്റ്റേഡിയത്തിെൻറ നിർമാണം.
എജുക്കേഷൻ സിറ്റി സ്റ്റേഡിയം
രൂപഭംഗികൊണ്ട് മരുഭൂമിയിലെ വജ്രം എന്നാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തെ വിളിക്കുന്നത്. ഡയമണ്ടിെൻറ മാതൃകയിലാണ് സ്റ്റേഡിയത്തിെൻറ ഡിസൈൻ. ആകെയുള്ള 40,000 സീറ്റ് ലോകകപ്പ് മത്സരത്തിനു ശേഷം 20,000 ആയി ചുരുക്കും.
അഹമ്മദ് ബിൻ അലി സ്റ്റേഡിയം
ഖത്തർ സ്റ്റാർസ് ലീഗിലെ കരുത്തരായ അൽ റയ്യാൻ എഫ്.സിയുടെ ഹോം ഗ്രൗണ്ട്. ലോകകപ്പിനായി കൂടുതൽ േമാടിയോടെ പുതുക്കിപ്പണിതാണ് ഈ കളിമുറ്റം കാണികളെ വരവേൽക്കുന്നത്. 2016ൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ രണ്ടു വർഷം മുമ്പ് പൂർത്തിയാക്കി, 2020ലെ അമീർ കപ്പ് ഫൈനലോടെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം വീണ്ടും മത്സര സജ്ജമായി.
അൽ ജനൂബ് സ്റ്റേഡിയം
ഖത്തർ ലോകകപ്പിെൻറ നിർമാണ വിസ്മയങ്ങളിലെ മറ്റൊരേടാണ് അൽ വക്റയിലെ അൽ ജനൂബ് സ്റ്റേഡിയം. പണ്ടുകാലം മുതലേ അറബുകളുടെ ജീവിതത്തിെൻറ ഭാഗമായ പായ്ക്കപ്പലിെൻറ രൂപഭംഗി ഒരു സ്റ്റേഡിയത്തിലേക്ക് പകർത്തിയെടുത്ത നിർമാണ വൈഭവം. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ദൃശ്യഭംഗിയൊരുക്കിയ ആ ആർകിടെക്ട് ഖത്തറിൽ പന്തുരുളുേമ്പാഴേക്കും ഓർമയായി എന്നതാണ് ഇൗ ഉത്സവത്തിനിടയിലെ നൊമ്പരം. ഇറാഖി- ബ്രിട്ടീഷ് ആർകിടെക്ടായ സഹ ഹദിദായിരുന്നു ആ ഡിസൈനർ. 2019ൽ ഉദ്ഘാടനം ചെയ്യപ്പെട്ട അൽ ജനൂബ് സ്റ്റേഡിയം 40,000 കാണികൾക്കാണ് ഇരിപ്പിടമൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.