വാര്യര്‍ പറയുംപോലെ ഇതയാളുടെ കാലമാണ്, രോഹിത് ശർമയുടെ. വൈറ്റ്ബാൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ നായകത്വം ഏറ്റെടുത്തതിനു പിന്നാലെ കളിച്ച രണ്ടു പരമ്പരകളിലും എതിരാളികളെ ഒരു മത്സരത്തിൽപോലും തലയുയർത്താൻ അനുവദിക്കാതെയാണ് രോഹിതിന്റെ ഇന്ത്യ ആധിപത്യമുറപ്പിച്ചത്. വിൻഡീസിനെതിരായ ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും 3-0 മാർജിനിലാണ് രോഹിതും സംഘവും സ്വന്തമാക്കിയത്.
കഴിഞ്ഞവർഷാവസാനം ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പര 3-0ത്തിന് തൂത്തുവാരിയതും കണക്കിലെടുത്താൽ രോഹിതിന്റെ തുടർച്ചയായ മൂന്നാം വൈറ്റ്വാഷാണിത്. താൽക്കാലിക നായകനായപ്പോൾ 2017ൽ ശ്രീലങ്കക്കെതിരെയും 2018ൽ വിൻഡീസിനെതിരെയും ട്വന്റി20 പരമ്പരകൾ രോഹിതിന്റെ നായകത്വത്തിൽ ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയിരുന്നു.
ഏറ്റവും കൂടുതൽ ട്വന്റി20 പരമ്പരകൾ തൂത്തുവാരിയതിന്റെ റെക്കോഡിൽ അഫ്ഗാനിസ്താൻ നായകൻ അസ്ഗർ അഫ്ഗാനൊപ്പമെത്തി രോഹിത്. അഞ്ചു പരമ്പരകളിൽ വൈറ്റ്വാഷുമായി പാകിസ്താന്റെ സർഫറാസ് അഹ്മദാണ് മുന്നിൽ.
ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച റെക്കോഡാണ് ക്യാപ്റ്റൻ രോഹിതിന്. 25 കളികളിൽ 21ഉം ജയിച്ചു. ഇതുകൂടാതെ ഏകദിനത്തിലും മുമ്പ് നായക അവസരം ലഭിച്ചപ്പോൾ മിന്നിത്തിളങ്ങിയിട്ടുണ്ട് രോഹിത്. 2018ൽ നിഹാദാസ് ട്രോഫിയിലും ഏഷ്യ കപ്പിലും രോഹിതിന്റെ നേതൃത്വത്തിലാണ് ഇന്ത്യ മുത്തമിട്ടത്. കഴിഞ്ഞവർഷത്തെ ട്വന്റി20 ലോകകപ്പിനു പിന്നാലെയാണ് കോഹ്ലിക്കു പകരം രോഹിത് വൈറ്റ്ബാൾ ക്രിക്കറ്റിൽ നായകനായത്. അടുത്തമാസം ശ്രീലങ്കക്കെതിരായ പരമ്പരയോടെ ടെസ്റ്റിലും രോഹിത് ടീം ഇന്ത്യയുടെ അമരത്തെത്തുകയാണ്.
മികച്ച ക്രിക്കറ്റ് തലച്ചോറും തന്ത്രങ്ങളും കൈമുതലായുള്ള രോഹിതിന്റെ നായകമികവ് ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിലേക്കുള്ള ചൂണ്ടുപലകയാണ് വിൻഡീസിനെതിരായ വിജയങ്ങൾ.
ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യ തലപ്പത്ത്
ദുബൈ: ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ അഞ്ചുവർഷത്തെ ഇടവേളക്കുശേഷം ഇന്ത്യ ഒന്നാമത്. വിൻഡീസിനെതിരായ പരമ്പരയിലെ 3-0 വിജയത്തോടെ 269 റേറ്റിങ്ങുള്ള ഇന്ത്യ നേരത്തേ ഒന്നാമതുണ്ടായിരുന്ന ഇംഗ്ലണ്ടിനൊപ്പമെത്തി. ഇരുടീമുകളും കളിച്ച മത്സരങ്ങളുടെ എണ്ണത്തിലും (39) തുല്യതയിലാണ്. എന്നാൽ, മൊത്തം പോയന്റിൽ മുൻതൂക്കമുള്ളതാണ് (10,484) ഇന്ത്യക്ക് തുണയായത്. ഇംഗ്ലണ്ടിന് 10,474 പോയന്റാണുള്ളത്.
പാകിസ്താൻ (266), ന്യൂസിലൻഡ് (255), ദക്ഷിണാഫ്രിക്ക (253) ആസ്ട്രേലിയ (249), വിൻഡീസ് (235), അഫ്ഗാനിസ്താൻ (232), ശ്രീലങ്ക (231), ബംഗ്ലാദേശ് (231) എന്നീ ടീമുകളാണ് തുടർ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.