ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ ഹർഭജൻ സിങ് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരങ്ങളിൽ ഇതിഹാസ താരം അനിൽ കുംബ്ലെയ്ക്ക് പിന്നിലായി രണ്ടാമതാണ് ഭാജി. സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ച കാലത്തെ പ്രധാനതാരങ്ങളിലൊരാളായിരുന്നു അദ്ദേഹം.
23 വർഷം നീണ്ട കരിയറിൽ ഗാംഗുലി-മഹേന്ദ്ര സിങ് ധോണി എന്നീ നായകൻമാർക്ക് കീഴിൽ കളിച്ച ഭാജി ഇരുവരെയും കുറിച്ച് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ്.
ഞാൻ ഒന്നുമല്ലാത്ത കാലത്താണ് സൗരവ് ഗാംഗുലി തന്നെ ചേർത്തുപിടിച്ചതെന്നും, എന്നാൽ, ധോണി നായകനായപ്പോഴേക്കും ഞാൻ ആരെങ്കിലുമൊക്കെ ആയതായും ഭാജി പറഞ്ഞു. 'ഞാൻ പ്രതിഭയുള്ള താരമായിരുന്നു എന്ന് ഗാംഗുലിക്ക് ബോധ്യമുണ്ടായിരുന്നു. എന്നാൽ, എനിക്ക് മികച്ച റിസൾട്ട് നൽകാനാവുമോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നു. അതേസമയം ധോണിയുടെ കാലഘട്ടത്തിലേക്ക് മാറിയപ്പോൾ, ഞാൻ ഒരുപാട് കാലം ടീമിലുണ്ടായ താരമാണെന്നും ടീമിന് സംഭാവനകൾ നൽകുമെന്നും അയാൾക്കറിയാമായിരുന്നു.
ജീവിതത്തിലും തൊഴിൽ മേഖലയിലും നിങ്ങൾക്ക് അതുപോലൊള്ള ആളുകളെ ആവശ്യമാണ്. അവർ ശരിയായ സമയത്ത് നിങ്ങളെ മുന്നോട്ട് നയിക്കും. സൗരവ് എനിക്ക് അത്തരമൊരു ആളായിരുന്നു. സൗരവ് എനിക്ക് വേണ്ടി പോരാടി എന്നെ ടീമിൽ ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ, ആർക്കറിയാം, ഇന്ന് നിങ്ങൾ. എന്റെ ഈ അഭിമുഖം എടുത്തേക്കില്ല, എന്നെ ഞാനാക്കിയ നായകനാണ് സൗരവ്," അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ നായകനെന്ന നിലയിൽ ഗാംഗുലിയെ തെരഞ്ഞെടുത്തെങ്കിലും 2007-ലും 2011-ലും ലോകകപ്പ് നേടിയ ധോണി മികച്ചൊരു ക്യാപ്റ്റനാണെന്ന് ഭാജി വ്യക്തമാക്കി. ധോണി ഗാംഗുലിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുകയും തന്‍റെ നായകത്വത്തിലൂടെ ഇന്ത്യയെ അവിസ്മരണീയമായ വിജയങ്ങളിലേക്ക് എത്തിക്കുകയും ചെയ്തതായി ഭാജി പറഞ്ഞു. മൂന്ന് പ്രധാന ലിമിറ്റഡ് ഓവർ ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.