കൊച്ചി: അച്ഛന്റെ ചിതയുടെ ചൂടാറും മുമ്പേ എം. തീർത്ഥു സാംദേവ് നീന്തിയെത്തിയത് റെക്കോഡിലേക്ക്. കായികമേളയുടെ രണ്ടാംദിനത്തില്‍ കണ്ണീരുമായാണ് തീർത്ഥു നീന്തലില്‍ റെക്കോഡ് വേഗം കുറിച്ചത്.
തീർത്ഥുവിന്റെ പിതാവ് ഫ്രൂട്ട്സ് കച്ചവടക്കാരനായ ചിന്നറാവു ആന്ധ്രപ്രദേശിലെ വിജയവാഡയിൽ കാറിടിച്ചാണ് മരിച്ചത്. മീറ്റിനായുള്ള പരിശീലനത്തിനായിരുന്ന തീർത്ഥുവും അനുജൻ യത്നസായിയും അമ്മ നവ്യ ദീപികക്കൊപ്പം നാട്ടിലേക്ക് കുതിച്ചു. നാട്ടിലെത്തിയ ഇവർക്ക് പിതാവിന്റെ ചേതനയറ്റ ശരീരമാണ് കാണാനായത്. അന്ത്യ കർമ്മങ്ങൾക്കായി അനുജൻ യത്ന സായിയെ ചുമതലപ്പെടുത്തി തീർത്ഥുവും അമ്മയും തിങ്കളാഴ്ച കേരളത്തിലെത്തി. കരൾ പിളരും വേദനയിലും മീറ്റ് റെക്കോർഡോടെ സ്വർണം നീന്തിയെടുത്ത് അച്ചന് ബലിതർപ്പണവും നൽകി. ശേഷിക്കുന്ന കർമ്മങ്ങൾക്കായി വീണ്ടും ഇവർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങും. ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഇനത്തിലാണ് തിരുവനന്തപുരം എം.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിയായ ഈ മിടുക്കൻ സ്വർണം നേടിയത്. നിലവിലുള്ള വേഗതയായ 4.19.76 മിനിറ്റ് മറികടന്നാണ് പുതിയ റെക്കോഡായ 4.16.25 ലേക്ക് നീന്തിക്കയറിയത്. 2023ലെ സ്വന്തം റെക്കോഡാണ് തീർത്ഥു മറികടന്നത്. 4.36.92 മിനിറ്റ് കുറിച്ച് ഗവ. എച്ച് എസ് എസ് നെടുവേലിയിലെ ഐ എസ് ഇര്ഫാന് മുഹമ്മദ് രണ്ടാംസ്ഥാനത്തെത്തി. മൂന്നാംസ്ഥാനം ഗവ. എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് കളമശ്ശേരിയിലെ ആര്യന് മേനോന് (4.51.94 മിനിറ്റ് ) കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.