സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ഗോൾ നേടിയ

കാലിക്കറ്റ് എഫ്.സിയുടെ അബ്ദുൽ ഹക്കുവിന്റെ ആഹ്ലാദം -ഫോട്ടോ: പി.ബി. ബിജു

സൂപ്പർ ലീഗിൽ കാലിക്കറ്റിന് സൂപ്പർ ജയം

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സിക്ക് രണ്ടാം ജയം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തുരത്തിയാണ് തുടർച്ചയായ മൂന്ന് സമനിലകൾക്ക് ശേഷം കാലിക്കറ്റ് വിജയവഴിയിൽ തിരിച്ചുകയറിയത്. കാലിക്കറ്റിനായി മലയാളി താരങ്ങളായ മുഹമ്മദ് റിയാസും അബ്ദുൽ ഹക്കുവും വിദേശതാരം ഏണസ്റ്റ് ബർഫോയും ബെൽഫോർട്ടും ഗോൾ അടിച്ചപ്പോൾ ബ്രസീലുകാരൻ ഡേവിഡ് കുനിന്‍റെ വകയായിരുന്നു കൊമ്പൻസിന്‍റെ ആശ്വാസഗോൾ.

ആദ്യപകുതിയിൽ തന്നെ കാലിക്കറ്റ് മൂന്നുഗോളുകൾ മുന്നിലെത്തിയിരുന്നു. 12ാം മിനിറ്റിലാണ് ആദ്യവെടി കാലിക്കറ്റ് ഉതിർത്തത്. മധ്യനിരയിൽ മുഹമ്മദ് ഖനി വലതുവിങ്ങിലേക്ക് നീട്ടിനൽകിയ പാസ് തോയ്സിങ്ങ് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. തോയിസിങ്ങിന്‍റെ ക്രോസിൽ തലവെക്കുന്ന ദൗത്യം മാത്രമേ മുഹമ്മദ് റിയാസിനുണ്ടായിരുന്നുള്ളൂ. 21 ാം മിനിറ്റിൽ കോർണറിൽ നിന്നും ഖനി തൊടുത്തുവിട്ട പന്തിലേക്ക് പറന്നിറങ്ങിയ അബ്ദുൽ ഹക്കു വല കുലുക്കുകയായിരുന്നു. രണ്ടുഗോളുകൾ വീണതോടെ കൊമ്പന്മാരും തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ആദ്യപകുതിയിലെ അധികസമയത്ത് കോഴിക്കോടിന്‍റെ മൂന്നാം ഗോളും പിറന്നു. വലതുവശത്ത് നിന്ന് തോയ്സിങ് നൽകിയ പന്ത് മുഹമ്മദ് റിയാസ് ഹെഡ് ചെയ്ത് ഏണസ്റ്റ് ബർഫോക്ക് നൽകുകയായിരുന്നു. ഗോളി പവൻകുമാറിനെ നോക്കുകുത്തിയാക്കി പന്ത് വലയിൽ.

രണ്ടാം പകുതിയിൽ കൊമ്പൻസിന്‍റെ തിരിച്ചടികണ്ടാണ് ഗാലറി ഉണർന്നത്. 47ാം മിനിറ്റിൽ പാട്രിക് മോട്ടയുടെ ഫ്രീകിക്ക് പ്രതിരോധതാരം പാപ്പുവെ ഗോൾമുഖത്തേക്ക് വലതുകാൽകൊണ്ടു ഡേവിഡ് കുനിന് മറിച്ചുനൽകി. പന്ത് നെഞ്ചിലേക്ക് ഏറ്റുവാങ്ങിയ ഡേവി പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി ഗോൾവലകുലുക്കി. എന്നാൽ കൊമ്പൻസിന്‍റെ അതിക്രമത്തിന് 58ാം മിനിറ്റിൽ ബെൽഫോർട്ടിലൂടെയായിരുന്നു കാലിക്കറ്റിന്‍റെ മറുപടിയെത്തി. വിജയത്തോടെ ടൂർണമെന്‍റിൽ തോൽവിയറിയാതെ 10 പോയന്‍റുമായി കാലിക്കറ്റ് രണ്ടാം സ്ഥാനത്തെത്തി. 12 പോയന്‍റുമായി കണ്ണൂർ വാരിയേഴ്സാണ് മുന്നിൽ.

Tags:    
News Summary - Super League Kerala: Super Win for Calicut FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.