ആലുവ: വാർധക്യത്തെ തോൽപിച്ച് പെരിയാറിൽ അവർ ചരിത്രമെഴുതി. ചെറുപ്പത്തിെൻറ ആവേശത്തിലേക്ക് മനസ്സിനെ തിരികെ നടത്തിച്ച് പുഴയിലെ മരണക്കുഴികളെ തോൽപിച്ചാണ് അവർ നീന്തിക്കടന്നത്. ആലുവ തായിക്കാട്ടുകര സ്വദേശിനിയും 69കാരിയുമായ ആരിഫ, അന്നമനട സ്വദേശിയും 70 കാരനുമായ വിശ്വംഭരൻ എന്നിവരാണ് ആലുവപ്പുഴയുടെ ഏറ്റവും വീതിയേറിയതും അപകടം ഒളിഞ്ഞിരിക്കുന്നതുമായ ഭാഗം പരിശീലകനൊപ്പം മുറിച്ചുകടന്നത്.
ആലുവ ആശ്രമം കടവ് മുതൽ മണപ്പുറം വരെ 30 മിനിറ്റുകൊണ്ടാണ് ശനിയാഴ്ച ഇരുവരും നീന്തിക്കടന്നത്. നഗരസഭ വൈസ് ചെയർപേഴ്സൻ ജെബി മേത്തർ രാവിലെ 8.55ന് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാംഗങ്ങളായ പി.എസ്. പ്രീത, മിനി ബൈജു എന്നിവരും സംബന്ധിച്ചു. 30 അടിയോളം താഴ്ചയുള്ള ഭാഗങ്ങളിലൂടെയാണ് 500 മീറ്റർ നീന്തി 9.25 ന് ആലുവ മണപ്പുറത്ത് എത്തിച്ചേർന്നത്. പരിശീലകൻ സജി വാളാശ്ശേരിയും ഇരുവർക്കുമൊപ്പം നീന്തിയിരുന്നു. നഗരസഭ കൗൺസിലർ വി.എൻ. സുധീഷ് ഇരുവരെയും സ്വീകരിച്ചു.
ഐ.ആർ.ഡബ്ല്യു വളന്റിയർമാർ അടക്കം വള്ളങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഇതടക്കമുള്ള ശക്തമായ സുരക്ഷ സംവിധാനങ്ങളോടെയാണ് നീന്തൽ നടന്നത്. ആലുവ മണപ്പുറം ദേശം കടവിലാണ് ഇരുവരും പരിശീലനം പൂർത്തിയാക്കിയത്. ആലുവ തായിക്കാട്ടുകര മനക്കപ്പറമ്പിൽ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യയാണ് ആരിഫ. തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി ജില്ല സെക്രട്ടറിയാണ്. മാള അന്നമനട ചെറുവാളൂർ സ്വദേശിയാണ് കാട്ടുകണ്ടത്തിൽ വിശ്വംഭരൻ.
മക്കളിൽനിന്ന് ആവേശംകൊണ്ട് ആരിഫ; വെള്ളത്തോടുള്ള ഭയം അകറ്റാൻ വിശ്വംഭരൻ
ആലുവ: മക്കളായ സിറാജുദ്ദീൻ, ഷിഹാബുദ്ദീൻ, സിറാജുദ്ദീെൻറ മകൾ സബീഹ എന്നിവർ സജി വാളാശ്ശേരിയുടെ കീഴിൽ 2021 ഫെബ്രുവരിയിൽ പരിശീലനം നേടി പെരിയാർ നീന്തിക്കടന്നിരുന്നു. അന്ന് അതിൽ ആവേശംകൊണ്ട ആരിഫ ഉടൻ നീന്തൽ പരിശീലനം ആരംഭിച്ചു. മാർച്ചിൽ പുഴ നീന്തിക്കടക്കാൻ ഒരാഴ്ച അവശേഷിക്കെയാണ് ലോക്ഡൗൺ മൂലം പരിശീലനം അവസാനിപ്പിക്കേണ്ടി വന്നത്. പിന്നീട് കുറച്ചുനാൾ മുമ്പ് പരിശീലനം പുനരാരംഭിക്കുകയായിരുന്നു.
വിശ്വംഭരൻ 15ാം വയസ്സിൽ പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിപ്പോയിരുന്നു. ഒരുകണക്കിന് ജീവൻ തിരിച്ചുകിട്ടിയ വിശ്വംഭരന് ഈ സംഭവത്തെത്തുടർന്ന് വെള്ളത്തെ ഭയമായിരുന്നു. 2018 ലെ വെള്ളപ്പൊക്കത്തിൽ ചെറിയ വഞ്ചിയിലാണ് വീട്ടിൽനിന്ന് ക്യാമ്പിലേക്ക് പോയത്. അത് ഒരു പേടിസ്വപ്നമായിരുന്നു. അതേതുടർന്നാണ് വെള്ളത്തോടുള്ള ഭയം മാറ്റണമെന്നും നീന്തൽ പഠിക്കണമെന്നുമുള്ള ആഗ്രഹമുണ്ടായത്. സമൂഹ മാധ്യമങ്ങളിൽ സജി വാളാശ്ശേരിയുടെ നീന്തൽ പരിശീലനത്തിെൻറ വിഡിയോ കണ്ടതോടെയാണ് അദ്ദേഹത്തിന് കീഴിൽ പരിശീലനം നേടാൻ തീരുമാനിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.