സ്കോ​ട്ട്ല​ൻ​ഡി​നെതിരെ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഗോൾ

യുവേഫ നേഷൻസ് ലീഗ്: പോർച്ചുഗലിനും സ്പെയിനിനും ക്രൊയേഷ്യക്കും ജയം

ലിസ്ബൻ: 39ാം വയസ്സിൽ ഗോളടി തുടരുന്ന ഇതിഹാസ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ യുവേഫ നേഷൻസ് ലീഗിലെ രണ്ടാം മത്സരത്തിലും പോർചുഗലിന് ജയം. സ്കോട്ട്ലൻഡിനെ 2-1നാണ് തോൽപിച്ചത്. കളിയുടെ തുടക്കത്തിൽതന്നെ മുന്നിലെത്തിയ എതിരാളികൾക്കെതിരെ പോർചുഗീസുകാർ രണ്ടാം പകുതിയിൽ സമനില പിടിച്ചിരുന്നു. കളി 1-1ൽ അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ക്രിസ്റ്റ്യാനോയിലെ സൂപ്പർ സബ് സ്വരൂപം കാട്ടിയത്.

വ്യാഴാഴ്ച ക്രൊയേഷ്യക്കെതിരെ ക്രിസ്റ്റ്യാനോ നേടിയത് കരിയറിലൂടെ 900ാം ഗോളായിരുന്നു. സ്കോട്ട്ലൻഡിനെതിരെ റോണോയെ ബെഞ്ചിലിരുത്തിയാണ് കോച്ച് റോബർട്ട് മാർട്ടിനസ് ആദ്യ ഇലവനെ വിന്യസിച്ചത്.

ഏഴാം മിനിറ്റിൽ സ്കോട്ട് മക്ടോമിനായിയിലൂടെ ലീഡ് പിടിക്കുകയായിരുന്നു എതിരാളികൾ. രണ്ടാം പകുതിയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ വരവ്. ഇതിനിടെ 54ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ പറങ്കിപ്പട സമനില പിടിച്ചു. 88ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ‍യുടെ വിജയഗോളും പിറന്നു. രണ്ട് മത്സരങ്ങളും ജയിച്ച് ലീഗ് എ ഗ്രൂപ് ഒന്നിൽ മുന്നിലാണ് പോർചുഗീസ്.

അതേസമയം, യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഒന്നിനെതിരെ നാല് ഗോളിന് സ്വിറ്റ്സർലൻഡിനെ തകർത്തു. ഫാബിയൻ റൂയിസിന്റെ (13, 77) ഇരട്ട ഗോളാണ് ഹൈലൈറ്റ്. ഏഴാം മിനിറ്റിൽ ഹൊസേലു അക്കൗണ്ട് തുറന്നു. ഫെറാൻ ടോറസ് (80) പട്ടിക പൂർത്തിയാക്കുകയും ചെയ്തു. മുഹമ്മദ് അംദൂനി (41) ആണ് സ്വിസ് ആശ്വാസ ഗോളിനുടമ. മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ ഏക ഗോളിന് പോളണ്ടിനെ തോൽപിച്ചു. 52ാം മിനിറ്റിൽ വെറ്ററൻ സൂപ്പർ താരം ലൂക മോഡ്രിച് സ്കോർ ചെയ്തു.

Tags:    
News Summary - UEFA Nations League: Portugal, Spain and Croatia win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.