നേഷൻസ് ലീഗ്: സ്​പെയിനിനെ സമനിലയിൽ തളച്ച് സെർബിയ; പോർച്ചുഗലിനും ഡെന്മാർക്കിനും ജയം

യുവേഫ നേഷൻസ് ലീഗിൽ യൂറോ ചാമ്പ്യന്മാരായ സ്​പെയിനിനെ ഗോൾരഹിത സമനിലയിൽ കുരുക്കി സെർബിയൻ വീര്യം. യൂറോ ഫൈനലിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ സ്പാനിഷ് താരനിരയെ പ്രതിരോധത്തിൽ പൂട്ടിയ സെർബിയ ഇടക്ക് കൗണ്ടർ അറ്റാക്കിലൂടെ എതിരാളികളെ ഭീതിപ്പെടുത്തുകയും ചെയ്തു. അയോസെ ​പെരസിനെയും യൂറോയിൽ മിന്നിത്തിളങ്ങിയ ലമീൻ യമാൽ, നിക്കോ വില്യംസ്, ഡാനി ഒൽമൊ സഖ്യത്തെയും മുൻനിരയിൽ വിന്യസിച്ചാണ് സ്​പെയിൻ ഇറങ്ങിയത്. അവസര​ങ്ങളേറെ തുറന്നെടുത്തെങ്കിലും ഫിനിഷ് ചെയ്യുന്നതിൽ സ്പാനിഷ് താരങ്ങൾ പരാജയപ്പെട്ടതോടെ ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു.

കരിയറിൽ 900 ഗോളുകൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ച മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ശക്തരായ ക്രൊയേഷ്യയെ വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു പറങ്കികളുടെ ജയം. തുല്യശക്തികളുടെ പോരാട്ടമായി മാറിയ മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളിലുമെല്ലാം ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഒരു ഗോളിന്റെ മുൻതൂക്കത്തിൽ പോർച്ചുഗൽ ജയിച്ചു കയറുകയായിരുന്നു. ഏഴാം മിനിറ്റിൽ തന്നെ ഡിയോഗോ ഡലോട്ടിലൂടെ പോർച്ചുഗൽ ലീഡ് പിടിച്ചു. 34ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ ചരിത്ര ഗോളും പിറന്നതോടെ ​ക്രൊയേഷ്യ സമ്മർദത്തിലായി. എന്നാൽ, ആദ്യ പകുതി അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കെ പോർച്ചുഗലിന്റെ ആദ്യ ഗോളടിച്ച ഡലോട്ട് തന്നെ സ്വന്തം വലയിലും പന്ത് കയറ്റി​യതോടെ സ്കോർ 2-1ലെത്തി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ക്രൊയേഷ്യയും ലീഡ് വർധിപ്പിക്കാൻ പോർച്ചുഗലും ആഞ്ഞടിച്ചെങ്കിലും ഗോളുകൾ അകന്നുനിന്നു.

ഡെന്മാർക്ക് സ്വിറ്റ്സർലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി. 82ാം മിനിറ്റിൽ പാട്രിക് ഡോർഗുവും ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഹോജ്ബ്ജർഗുമാണ് ഡെന്മാർക്കിന്റെ ഗോളുകൾ നേടിയത്. സ്വിറ്റ്സർലൻഡ് താരങ്ങളായ നികൊ എൽവേദി 52ാം മിനിറ്റിലും ഗ്രാനിത്ത് സാക 87ാം മിനിറ്റിലും ചുവപ്പ്കാർഡ് കണ്ട് പുറത്തുപോയത് സ്വിറ്റ്സർലൻഡിന് തിരിച്ചടിയായി.

മറ്റു മത്സരങ്ങളിൽ സ്വീഡൻ 3-1ന് അസർബെയ്ജാനെയും പോളണ്ട് 3-2ന് സ്കോട്ട്‍ലൻഡിനെയും തോൽപിച്ചപ്പോൾ ബൾഗേറിയ-ബെലറൂസ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

Tags:    
News Summary - UEFA Nations League: Serbia draw with Spain; Portugal and Denmark win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.