നെയ്‌റോബി: പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത യുഗാണ്ടൻ അത്‍ലറ്റിനെ ആൺസുഹൃത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. യുഗാണ്ടൻ മാരത്തണ്‍ ഓട്ടക്കാരി റെബേക്ക ചെപ്റ്റെഗെയാണ് (33) കൊല്ലപ്പെട്ടത്. 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തിനിടെ ഞായറാഴ്ചയാണ് കാമുകന്‍ ഡിക്സണ്‍ എന്‍ഡീമ, റെബേക്കയെ പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ റെബേക്കയെ എല്‍ഡോറെറ്റ് നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൊള്ളലേറ്റ കാമുകന്‍ എന്‍ഡീമ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. യുഗാണ്ട ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റാണ് റബേക്കയുടെ മരണവിവരം പുറത്തുവിട്ടത്. സംഭവത്തെ അപലപിച്ച യുഗാണ്ട അത്‌ലറ്റിക്‌സ് ഫെഡറേഷന്‍, റെബേക്കക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു. റെബേക്ക 44ാം സ്ഥാനത്താണ് ഒളിമ്പിക്സില്‍ ഫിനിഷ് ചെയ്തത്. 2010 മുതൽ ഇവർ രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
രണ്ട് പെൺമക്കളുടെ അമ്മയായ റെബേക്ക വടക്കു പടിഞ്ഞാറൻ കെനിയയിലാണ് താമസിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നത്. പരിശീലന കേന്ദ്രങ്ങൾക്ക് സമീപത്ത് ഇവർ സ്ഥലം വാങ്ങി വീട് വെച്ചിരുന്നതായി പൊലീസ് പറയുന്നു. ഞായറാഴ്ച മക്കളുമൊത്ത് പള്ളിയിൽ പോയി വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമായിരുന്നു ആക്രമണം.
തനിക്കും കുടുംബത്തിനും ഏറെ തുണയായി നിന്നിരുന്ന മകളെ നഷ്ടപ്പെട്ടുവെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്റ്റെഗി പറഞ്ഞു. മറ്റ് താരങ്ങളെ സാമ്പത്തികമായി സഹായിച്ചിരുന്ന റെബേക്കയുടെ ഉദാരതയെക്കുറിച്ച് സഹ യുഗാണ്ടൻ അത്ലറ്റ് ജെയിംസ് കിർവയും അനുസ്മരിച്ചു. കെനിയയിൽ വനിതാ അത്ലറ്റുകൾക്കെതിരെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. 2021 ഒക്ടോബറിനുശേഷം പങ്കാളിയാൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ അത്ലറ്റാണ് റെബേക്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.