ന്യൂയോർക്: നിലവിലെ ചാമ്പ്യന്മാരായ നൊവാക് ദ്യോകോവിച്, കൊകോ ഗോഫ് എന്നിവർക്ക് യു.എസ് ഓപൺ ആദ്യ റൗണ്ടിൽ ജയത്തോടെ തുടക്കം. പാരിസ് ഒളിമ്പിക്സിൽ സ്വർണവുമായി ഗോൾഡൻ സ്ലാം സ്വന്തമാക്കിയ ആഘോഷമൊടുങ്ങും മുമ്പേ ആർതർ ആഷെ സ്റ്റേഡിയത്തിൽ ഇറങ്ങിയ ദ്യോകോവിച്, മൾഡോവൻ താരം റാഡു ആൽബട്ടിനെ 6-2, 6-2, 6-4ന് നേരിട്ടുള്ള സെറ്റുകൾക്കാണ് മടക്കിയത്. അമേരിക്കൻ താരം ഗോഫ് ഫ്രഞ്ച് താരം വാർവറ ഗ്രച്ചേവയെ 6-2, 6-0നും കീഴടക്കി.
25ാം ഗ്രാൻഡ് സ്ലാമെന്ന ചരിത്രത്തിനരികിൽ നിൽക്കുന്ന സെർബിയയുടെ ലോക രണ്ടാം നമ്പർ താരം യു.എസ് ഓപൺ മെയിൻ കോർട്ടിൽ ഏറ്റവും കൂടുതൽ ജയമടക്കം റെക്കോഡുകൾ സ്വന്തമാക്കിയായിരുന്നു ഇന്നലെ ജയിച്ചുകയറിയത്. 2008ൽ റോജർ ഫെഡറർ കുറിച്ച യു.എസ് ഓപൺ കിരീടത്തുടർച്ച ഇത്തവണ നേടാനാകുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ഏറ്റവും വലിയ എതിരാളിയാകേണ്ട കാർലോസ് അൽകാരസിനെ ഒളിമ്പിക് ഫൈനലിൽ മുട്ടുകുത്തിച്ചതും കാത്തിരിപ്പിന് ഊർജം പകരും.
അതേസമയം, സീസൺ അവസാനത്തോടെ കരിയർ അവസാനിപ്പിക്കാനൊരുങ്ങുന്ന 2020ലെ ചാമ്പ്യൻ ഡൊമിനിക് തിയമിന് ആദ്യ റൗണ്ടിൽ തോൽവിയോടെ മടക്കമായി. അമേരിക്കൻ താരം ബെൻ ഷെൽഡണാണ് 6-4, 6-2, 6-2ന് താരത്തെ വീഴ്ത്തിയത്. നാലുവർഷം മുമ്പ് ഫൈനലിൽ തിയമിനു മുന്നിൽ വീണ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ആദ്യ കളി ജയിച്ചു. നാട്ടുകാരനായ മാക്സിമിലിയൻ മാർടററെയാണ് 6-2, 6-7(5), 6-3, 6-2ന് തോൽപിച്ചത്. അതിനിടെ, അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാനും തോൽവിയോടെ മടങ്ങി. ഫ്രഞ്ച് താരം ഗെയ്ൽ മോൺഫിൽസ് ആണ് 6-7(2), 6-2, 6-2, 6-1ന് കളി ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.