വിക്ടര്‍ പുള്‍ഗ തിരിച്ചു നടക്കുമ്പോള്‍

സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന അവസാന മത്സരത്തിലും നാണം കെട്ടപ്പോള്‍ ബ്ലാസ്റ്റേഴ്സിന്‍െറ വിദേശതാരമായ വിക്ടര്‍ പുള്‍ഗക്ക് മലയാളത്തില്‍ ക്ഷമ ചോദിക്കാന്‍ അറിയുമായിരിക്കില്ല. അല്ലെങ്കില്‍ ചില സമയത്ത് വികാരം പ്രകടനത്തിന് വാക്കുകളേക്കാള്‍ നല്ലത് പ്രവൃത്തികളായിരിക്കാം എന്ന ബോധ്യമാകാം. എന്തായാലും തന്‍െറ അടിവസ്ത്രമല്ലാത്ത എല്ലാം അഴിച്ചുമാറ്റി ആരാധകര്‍ക്കു നല്‍കി പുള്‍ഗ മൈതാനം വിടുമ്പോള്‍ അതൊരു ഏറ്റുപറച്ചിലായിരുന്നു. നിങ്ങള്‍ ഞങ്ങളില്‍നിന്ന് മലയോളം പ്രതീക്ഷിച്ചു, പക്ഷേ നിങ്ങളുടെ സ്നേഹത്തിന് പകരം തരാന്‍ ഞങ്ങള്‍ പരാജയപ്പെട്ടുപോയി. അതായിരിക്കാം പുള്‍ഗ ഒളിപ്പിച്ചുവെച്ച വാക്കുകള്‍.
 

മികച്ചതായിരുന്നു തുടക്കം. ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പേ സചിന്‍ ടെന്‍ഡുല്‍ക്കറുടെ സജീവ സാന്നിധ്യം. ലോകോത്തര പരിശീലകന്‍ പീറ്റര്‍ ടെയ്ലറുടെ മേല്‍നോട്ടം. അതിലുപരി ലക്ഷക്കണക്കിന് ആരാധകരുടെ ചങ്കുപൊട്ടിയുള്ള ആര്‍പ്പുവിളിയും. ഇതെല്ലാം ബ്ളാസ്റ്റേഴ്സ് കാലുകളിലാവാഹിച്ചു എന്ന തോന്നലുണര്‍ത്തിയതായിരുന്നു ആദ്യ മത്സരം. മലനാട്ടില്‍നിന്ന് കാല്‍പന്തിന്‍െറ ചടുലത മനപാഠമാക്കിയ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്‍െറ ത്രസിപ്പിക്കുന്ന ജയം. ഒരു ഗോള്‍ തൃക്കരിപ്പൂരുകാരന്‍ മുഹമ്മദ് റാഫിയുടെ ബൂട്ടില്‍നിന്നുമായപ്പോള്‍ അതിമധുരം. എന്നാല്‍, കെടാന്‍ പോകുന്ന ആളലായിരുന്നു അതെന്ന് ആരാധകര്‍ വിശ്വസിച്ചില്ല. പക്ഷേ സത്യമതായിരുന്നു. പിന്നീട് ആറു മത്സരങ്ങളിലെ നാല് തോല്‍വി. കടുത്ത വിമര്‍ശമേറ്റ കോച്ച് പീറ്റര്‍ ടെയ്ലര്‍ രാജിവെച്ചു.

രണ്ടാമത്തെ മത്സരത്തില്‍ മുബൈക്കെതിരെ ഗോള്‍ രഹിത സമനില. പിന്നീടങ്ങോട്ട് തോല്‍വികളുടെ ആറാട്ട്. കൊല്‍ക്കത്തയുമായി 1-2, ഡല്‍ഹിയുമായി 0-1, ഗോവയുമായി 1-2, പുണെയുമായി 2-3 എന്നതായിരുന്നു സ്കോര്‍ നില. പീറ്റര്‍ ടെയ്ലറുടെ രാജിയെ തുടര്‍ന്ന് ഒരു കളിയില്‍ സ്ഥാനമേറ്റെടുത്ത മോര്‍ഗനും ടീമിനെ രക്ഷിക്കാനായില്ല. സൂപ്പര്‍ താരം ഹോസു പ്രിറ്റോ പെനാല്‍റ്റി പുറത്തേക്കടിച്ചു കളഞ്ഞ മത്സരത്തില്‍ സമനില.
 

കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച് ടെറി ഫെലാനും ഫോർവേഡ് മുഹമ്മദ് റാഫിയും
 

കടുത്ത സമ്മര്‍ദത്തിലാണ് മുന്‍ ഐറിഷ് താരവും ബ്ലാസ്റ്റേഴ്സിന്‍െറ ഗ്രാസ് റൂട്ട് പരിശീലകനുമായ ടെറി ഫെലാന്‍ ചുമതലയേറ്റെടുത്തത്. ആദ്യ മത്സരത്തില്‍ കരുത്തരായ പുണെ സിറ്റിക്കെതിരെ 2-0ത്തിന്‍െറ വിജയത്തോടെ പ്രതീക്ഷയുണര്‍ത്തിയെങ്കിലും അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 2-3ന് അടിയറവെച്ച് ബ്ലാസ്റ്റേഴ്സ് വീണ്ടും ബ്ലാസ്റ്റേഴ്സായി.

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ മുന്നില്‍ കിട്ടുമ്പോള്‍ ഹാലിളകുന്ന പതിവ് ഇക്കുറിയും തെറ്റിച്ചില്ല. മലനാട്ടുകാര്‍ക്കായി ആര്‍പ്പുവിളിക്കാനെത്തിയ കാണികളെ നിശബ്ദരാക്കി 4-1 എന്ന മോഹിപ്പിക്കുന്ന മാര്‍ജിനില്‍ വിജയിച്ച് സെമി പ്രവേശ സാധ്യത സജീവമാക്കി. എന്നാല്‍, അതി നിര്‍ണായക മത്സരത്തില്‍  ചെന്നൈക്കെതിരെ 4-1ന്‍െറ തോല്‍വി സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ആരാധകര്‍ക്ക്. നിര്‍ണായകമായ സമയത്തെല്ലാം ഇടര്‍ച്ച കാട്ടി മുംബൈക്കെതിരെ സമനിലയും ഗോവക്കെതിരെ 5-1ന്‍െറ കൂറ്റന്‍ തോല്‍വിയും. അവസാന മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 3-3ന്‍െറ സമനിലയുമായി കേരളം തിരിച്ചു പറക്കുമ്പോള്‍ ആരാധകരുടെ നെഞ്ചുതുളക്കുന്ന ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി പറയും എന്ന ആശങ്കയിലായിരിക്കും ടീം മാനേജ്മെന്‍റ്.  

ഗോൾ നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് റാഫി
 

നാണം കെടാന്‍ നിരവധി കാരണങ്ങള്‍

പീറ്റര്‍ ടെയ്ലറുടെ അമിത ആത്മവിശ്വാസം ടീമിനെ ദോഷകരമായാണ് ബാധിച്ചത്. മറ്റു ടീമുകള്‍ പരിശീലനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിച്ചപ്പോള്‍ സ്വന്തം നാട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ് പരിശീലനത്തിനിറങ്ങിയത്. പരിശീലന മത്സരത്തില്‍ സെവൻസ് ടീമുകളെ പോലും  നാണിപ്പിക്കുന്ന കേരളത്തിലെ കെ.എസ്.ഇ.ബി, എസ്.ബി.ടി, ഏജീസ് തുടങ്ങിയ ടീമുകളോട് ഏറ്റുമുട്ടി വന്‍മാര്‍ജിനില്‍ വിജയിച്ചപ്പോള്‍ ടീം സജ്ജമായി എന്ന മിഥ്യാധാരണ മാനേജ്മെന്‍റിനുണ്ടായി.
ഇതിനെല്ലാം പുറമെ, താരങ്ങളുടെ തെരഞ്ഞെടുപ്പും പാളി. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനല്‍വരെ എത്തിച്ച ഇയാന്‍ ഹ്യൂമിനെ കൈവിട്ടു എന്നതാണ് ആദ്യത്തെ പിഴവ്. കഴിഞ്ഞ സീസണില്‍ ഇയാന്‍ ഹ്യൂം, മൈക്കല്‍ ചോപ്ര, ഡേവിഡ് ജെയിംസ്, സുശാന്ത് മാത്യു, സബീത് തുടങ്ങിയ സന്തുലിത ടീമുമായി കളിക്കാനിറങ്ങിയപ്പോള്‍ ഇക്കുറി മാര്‍ക്വീ താരം മര്‍ച്ചേന, ഹോസു പ്രീറ്റോ, ക്രിസ് ഡഗ്നല്‍, വിക്ടര്‍ പുള്‍ഗ, മുഹമ്മദ് റാഫി എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നില്ല. മര്‍ച്ചേന ഒരു മത്സരത്തില്‍ പോലും ഇറങ്ങിയില്ല. ഹ്യൂമേട്ടന് പകരം ഹോസുവേട്ടനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിര്‍ണായകമായ പെനാല്‍റ്റി പുറത്തേക്കടിച്ച് ഹോസു വില്ലനാകുകയും ചെയ്തു. ഇംഗ്ലണ്ടുകാരനായ ആന്‍േറാണിയോ ജര്‍മന്‍ മാത്രമാണ് പ്രതീക്ഷകള്‍ക്കപ്പുറത്ത് പ്രകടനം കാഴ്ചവെച്ചത്. ആദ്യ മത്സരങ്ങളില്‍ അദ്ദേഹം പുറത്തിരിക്കേണ്ടി വന്നതും തിരിച്ചടിയായി.

പ്രതിരോധ താരം സന്ദേശ് ജിങ്കാൻ
 

കടമ മറന്ന പ്രതിരോധം

കഴിഞ്ഞ സീസണില്‍ കോട്ടകെട്ടിയ പ്രതിരോധമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍െറ കരുത്തെങ്കില്‍ ഇക്കുറി ബ്ലാസ്റ്റേഴ്സിൻെറ ഏറ്റവും വലിയ ദൗർബല്യം പ്രതിരോധ നിരയായിരുന്നു. ഡിഫൻസിൽ വിള്ളലുകള്‍ തീര്‍ക്കാന്‍ എതിരാളികള്‍ക്ക് നിഷ്പ്രയാസം സാധിച്ചു. 14 മത്സരങ്ങളില്‍നിന്ന് 27 എണ്ണം പറഞ്ഞ ഗോളുകളാണ് മഞ്ഞക്കുപ്പായക്കാരുടെ വലയില്‍ തുളച്ചു കയറിയത്. ഇന്ത്യന്‍ ഫുട്ബാളില്‍ പ്രതിരോധത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ സന്തോഷ് ജിങ്കാനും ക്യാപ്റ്റന്‍ പീറ്റര്‍ റാമേജും ദീപക്കുമാര്‍ മൊണ്ഡേലും രാഹുല്‍ ഖേംകയുമെല്ലാം തീര്‍ത്തു നിറംമങ്ങി. മുന്നേറ്റനിര 22 ഗോളുകള്‍ നേടിയെങ്കിലും പ്രതിരോധ നിരയുടെ ദുര്‍ബലത പുറത്തേക്കുള്ള വഴി തെളിച്ചു.

സര്‍വത്ര ആശക്കുഴപ്പം

പറഞ്ഞുവരുന്നത് കോച്ചുമാരുടെ കാര്യമാണ്. ഇംഗ്ലണ്ട് ടീമിന്‍െറ മുന്‍പരിശീലകന്‍ എന്ന ഖ്യാതിയുമായി വിമാനം കയറിയ പീറ്റര്‍ ടെയ്ലര്‍ക്ക് ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കാനായില്ല. പട്ടാളച്ചിട്ടയില്‍ ടീമിനെ പരിശീലിപ്പിച്ചെങ്കിലും ശക്തി-ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു.
വന്‍ പ്രതീക്ഷയായിരുന്ന കാര്‍ലോസ് മര്‍ച്ചേനയെന്ന സ്പെയിന്‍ താരം ഒരു മത്സരത്തില്‍പോലും ബൂട്ടുകെട്ടാതെ തിരിച്ചുപോയതും കോച്ചിന്‍െറ തന്ത്രങ്ങളെ ദുര്‍ബലമാക്കി. മര്‍ച്ചേനയിലൂടെ ടീമിന് നഷ്ടപ്പെട്ടത് കുന്തമുനയായിരുന്നു. പിന്നീട് മാര്‍ക്വി താരമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം റൗണ്ട് പൂര്‍ത്തിയാക്കിയത്.
തുടര്‍ച്ചയായി മത്സരങ്ങള്‍ തോറ്റതോടെ ടെയ്ലര്‍ക്ക് രാജിവെക്കുകയല്ലാതെ രക്ഷയില്ലെന്നായി. ഏഴ് മത്സരങ്ങള്‍ക്ക് ശേഷം ട്രെവർ മോര്‍ഗന്‍ ഒരു മത്സരത്തില്‍ ചുമതലയേറ്റെടുത്തു. പിന്നീട് ബ്ലാസ്റ്റേഴ്സിന്‍െറ തലച്ചോര്‍ ടെറി ഫെലാനായിരുന്നു. കോച്ചുമാരുടെ അസ്ഥിരതയും അസന്തുലിതാവസ്ഥയും ടീമിന്‍െറ പ്രകടനത്തെ കാര്യമായി ബാധിച്ചു.

കാണികളാണ് താരം

കേരള ബ്ലാസ്റ്റേഴ്സിന്‍െറ കാണികളാണ് യഥാര്‍ഥ താരങ്ങള്‍. ചുവപ്പു കാര്‍ഡ് കണ്ട് നാട്ടിലേക്കു തിരിച്ചുപോയ ഹോസു പ്രീറ്റോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രം ആരാധകര്‍ക്ക് മാപ്പു പറഞ്ഞുള്ളതായിരുന്നു. പുള്‍ഗയും ആരാധകര്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി. ജര്‍മനും ആരാധകരെ വാനോളം പുകഴ്ത്തി. പക്ഷേ ഇതൊന്നും മാനേജ്മെന്‍റിന് മനസ്സിലായില്ല. ലോകത്തില്‍ തന്നെ കൂടുതല്‍ ആരാധകരുള്ള ക്ലബുകളില്‍ മുന്നിലാണ് ബ്ലാസ്റ്റേഴ്സ്. ഇതൊക്കെയാണെങ്കിലും ഒരു ഫാന്‍സ് ക്ലബ് രൂപവത്കരിക്കാന്‍ പോലും മാനേജ്മെന്‍റ് തയാറായില്ല. കേരളത്തിന്‍െറ ഹോം മാച്ചുകള്‍ കാണാനെത്തിയത് 3.31 ലക്ഷം കാണികളായിരുന്നു. ആരാധകരെ വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ അവഗണനയാകും ഫലമെന്ന് അവസാന മത്സരത്തില്‍ ഒഴിഞ്ഞുകിടന്ന കസേരകള്‍ നമ്മോടു പറയുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും അടുത്ത വര്‍ഷവും ബ്ലാസ്റ്റേഴ്സ് കപ്പുയര്‍ത്തുമെന്ന് നാം പ്രതീക്ഷിക്കും. അതിന് പ്രധാനമായ രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സ് പന്തു തട്ടുമ്പോള്‍ ഗാലറിയിലെ മഞ്ഞക്കടല്‍. രണ്ട്, സചിന്‍ ടെന്‍ഡുല്‍ക്കറെന്ന ടീം ഉടമയുടെ പോസിറ്റീവ് എനര്‍ജിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.