വീണ്ടും എല്‍ ക്ലാസിക്കോ

കായിക ലോകത്ത് ചിരവൈരികള്‍ തമ്മിലുള്ള മത്സരത്തിന് തീവ്രതയേറിയതും ആകര്‍ഷകവുമായ തലക്കെട്ടുകള്‍ സ്വഭാവികമാണ്. പോരാട്ടം, യുദ്ധം, ഏറ്റുമുട്ടല്‍, പകവീട്ടല്‍ തുടങ്ങി കൊലവെറി വരെയത്തെി നില്‍ക്കുന്നു പ്രയോഗങ്ങള്‍. എന്നാല്‍ സ്പാനിഷ് ഡെര്‍ബിയായ ബാഴ്സലോണ-റയല്‍ മാഡ്രിഡ് മത്സരത്തിന് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ നല്‍കുന്നത് ഒരേയൊരു തലക്കെട്ട് മാത്രം, എല്‍ ക്ലാസിക്കോ. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലുമെല്ലാം ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം എല്‍ ക്ലാസിക്കോയാണ്. താരപ്പൊലിമക്കും ഫുട്ബാള്‍ ആവേശത്തിനുമൊപ്പം ദേശീയവാദവും കൂടി കലരുമ്പോഴാണ് എല്‍ ക്ലാസിക്കോയില്‍ വീറും വാശിയും നിറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ കായിക പോരാട്ടമായി എല്‍ ക്ലാസിക്കോയെ പരിഗണിക്കുന്നതും അതിനാലാണ്.
 

കണക്കുകള്‍
ലീഗീല്‍ 11 മത്സരങ്ങളാണ് ഇരു ടീമുകളും പൂര്‍ത്തിയാക്കിയത്. ഒമ്പത് ജയം, രണ്ട് തോല്‍വിയുമായി 27 പോയിന്‍േറാടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്സ. 25 ഗോള്‍ നേടിയപ്പോള്‍ 12 എണ്ണം വഴങ്ങി. ബാഴ്സക്കു തൊട്ടുപിന്നിലാണ് റയലിന്‍െറ സ്ഥാനം. ഏഴ് ജയം, മൂന്ന് സമനില, ഒരു തോല്‍വിയുമായി 24 പോയിന്‍റ്. 26 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഏഴെണ്ണം മാത്രം. മാര്‍ച്ചില്‍ സ്പാനിഷ് ലാലിഗയിലാണ് അവസാനമായി ഇരുവരും നേര്‍ക്കുനേര്‍ വന്നത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സക്കായിരുന്നു ജയം. ബാഴ്സക്കായി ജെറെമി മാത്യൂവും സുവാരസും റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഗോള്‍ നേടിയത്. ഇതുവരെ 229 ഒൗദ്യോഗിക മത്സരങ്ങളും 33 പ്രദര്‍ശന മത്സരങ്ങളും ഉള്‍പ്പെടെ 262 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. 108 മത്സരങ്ങളില്‍ ബാഴ്സയും 96 എണ്ണത്തില്‍ റയലും വിജയിച്ചു. മത്സരങ്ങളുടെ മാത്രം കാര്യമെടുത്താല്‍ 92 എണ്ണം റയലും 89 എണ്ണം ബാഴ്സയും വിജയിച്ചു. മൂന്‍ സ്പാനിഷ് താരങ്ങളാണ് ഇരു ടീമുകളെയും പരിശീലിപ്പിക്കുന്നത്. ലൂയിസ് എന്‍റിക്വിന്‍െറ കീഴിലാണ് ബാഴ്സയുടെ തയാറെടുപ്പുകള്‍. റാഫേല്‍ ബെനിറ്റ്സിനാണ് റയലിന്‍െറ ചുമതല.
 

സൂപ്പര്‍ താരങ്ങള്‍
താരങ്ങളുമായി ബന്ധപ്പെട്ട് ഇരു ടീമുകള്‍ക്കുമിടയിലെ വാക്പോരാട്ടങ്ങള്‍ക്ക് കണക്കില്ല.1950കളില്‍ അര്‍ജന്‍റീന താരം ആല്‍ഫ്രെഡോ സ്റ്റെഫാനോയെ കളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു ടീമുകള്‍ക്കുമിടയില്‍ വളര്‍ന്ന ശത്രുത ലോകമറിഞ്ഞു. ഇരു ടീമിനെയും ഒരേപോലെ ഇഷ്ടപ്പെട്ട സ്റ്റെഫാനോക്കാകട്ടെ ഏതെങ്കിലുമൊരു ടീമില്‍ കളിക്കാനാകാത്ത സ്ഥിതിയായി. ഒടുവില്‍ ഫിഫ നേതൃത്വം ഇടപെട്ട് ഓരോ സീസണിലും ഇരു ടീമുകള്‍ക്കുമായി സ്റ്റെഫാനോയോട് കളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മറഡോണ, ഗ്വാര്‍ഡിയോള, ജുവാന്‍ കാര്‍ലോസ്, റൊമാരിയോ, പ്യൂയോള്‍, എറ്റൂ, ഫിഗോ, സാവി, ഹെന്‍റി, മെസി, ഹ്യൂഗോ സാഞ്ചെസ്, ഐകര്‍ കാസിലസ്, റൗള്‍, കാക്ക, ബെക്കാം, സിദാന്‍, ഡി മരിയ, റൊണ്‍ഡീന്യോ, റൊണാള്‍ഡോ എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ഇരുടീമുകള്‍ക്കുമായി പല സീസണുകളിലായി കളത്തിലിറങ്ങി. ഓരോ സീസണിലും ഓരോ സൂപ്പര്‍താരം കളത്തില്‍ പിറന്നുകൊണ്ടിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ബാഴ്സയുടെ അര്‍ജന്‍റീന താരം ലയണല്‍ മെസി, റയലിന്‍െറ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ടീമിന്‍െറയും ആരാധകരുടെയും പോര്‍വിളികള്‍. ലോക ഫുട്ബാളര്‍ പദവിയിലേക്കുള്ള ഇരുവരുടെയും ഇഞ്ചോടിഞ്ച് മത്സരവും എല്‍ ക്ലാസിക്കോയെ ചൂട് പിടിപ്പിച്ചിരുന്നു. ക്ലബുകളിലെ ഇരു താരങ്ങളുടെ പ്രകടനം വിലയിരുത്തപ്പെടുമെന്നായതോടെ ആവേശവും ആരവവും പതിന്മടങ്ങായി. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇരു താരങ്ങളില്‍ നിന്നും ഒരു കൂട്ടം താരങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റം. ബാഴ്സക്കായി മെസി, നെയ്മര്‍, സുവാരസ് സഖ്യവും മറുപുറത്ത് റൊണാള്‍ഡോ, ഗാരെത് ബാലെ, കരീം ബെന്‍സേമ സഖ്യവും കളത്തിലിറങ്ങിയതോടെ ആവേശവും പോരാട്ടവും കൊഴുത്തു. താരാരാധനയും ടീമിനോടുള്ള ആത്മാര്‍ഥതയുമൊക്കെ ഗ്യാലറികളില്‍ ആവേശത്തിന്‍െറ കൊടുമുടി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.


ദേശീയ വാദം
സ്പെയിനിലെ സമ്പന്നമായ രണ്ടു പ്രമുഖ നഗരങ്ങളാണ് മാഡ്രിഡും ബാഴ്സലോണയും. 1899ല്‍ ബാഴ്സലോണയും 1902ല്‍ മാഡ്രിഡും തങ്ങളുടെ ഫുട്ബാള്‍ ക്ലബുള്‍ക്ക് രൂപം നല്‍കി. സാമൂഹ്യ പശ്ചാത്തലവും രാഷ്ട്രീയ ഘടകങ്ങളും രണ്ടു ക്ലബുകളുടെയും വീറും വാശിയും വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായി. കാറ്റലോനിയ ദേശീയ വാദമാണ് അതിന്‍െറ അടിസ്ഥാനം. കാറ്റലന്‍ ഭാഷയും സാംസ്കാരിക അഖണ്ഡതയും പേറുന്ന മേഖലക്ക് കൂടുതല്‍ സ്വയംഭരണം അനുവദിക്കണമെന്ന വാദം സ്പെയിനിലെ കാലങ്ങളായി പിടിച്ചുലക്കുന്ന വിഷയമാണ്. ആദ്യ റിപ്പബ്ലിക്കിന്‍െറ കാലത്ത് സ്പെയിനില്‍ ഫെഡറല്‍ ഭരണ സംവിധാനം കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ട രാഷ്ട്രീയവാദം കൂടിയാണത്. ബാഴ്സലോണ കാറ്റലന്‍ ദേശീയതയെയും റയല്‍ മാഡ്രിഡ് സ്പാനിഷ് ദേശീയതയുടെയും പ്രതീകമാണ്. കാല്‍പ്പന്ത് കളിക്കൊപ്പം സാമുഹ്യ, രാഷ്ട്രീയ വിചാരങ്ങളുടെ ഏറ്റുമുട്ടലായി കൂടിയാണ് ആരാധകര്‍ ബാഴ്സ-റയല്‍ മത്സരത്തെ കാണുന്നത്. ഇന്ത്യയിലെ കശ്മീര്‍ വിഷയം പോലെയോ, ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം പോലെയോ അതിലുപരിയോ ആണ് ഇരൂ ടീമുകളുടെയും മത്സരത്തിന്‍െറ ആവേശം. ഈയൊരു ആവേശമാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മത്സരമെന്ന വിശേഷം എല്‍ ക്ലാസിക്കോക്ക് നേടികൊടുക്കുന്നത്. റയലിന്‍െറ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂവിലാണ് നാളത്തെ മത്സരം എന്നത് ആവേശം ഇരട്ടിയാക്കും.


തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിച്ചശേഷമാണ് ബാഴ്സ റയലിനെ അവരുടെ തട്ടകത്തില്‍ നേരിടാനത്തെുന്നത്. അതേസമയം തുടര്‍ച്ചായ മൂന്ന് മത്സരങ്ങള്‍ വിജയിക്കുകയും അവസാന മത്സരത്തില്‍ സെവിയ്യക്കെതിരെ 2-3ന് തോല്‍ക്കുകയും ചെയ്തശേഷമാണ് റയല്‍ സ്വന്തം ഗ്രൗണ്ടില്‍ ജയം തേടുന്നത്. പരിക്കിനത്തെുടര്‍ന്ന് വിട്ടുനിന്ന മെസി ബാഴ്സക്കായി കളിച്ചേക്കുമെന്നാണ് സൂചന. സുവാരസ്, നെയ്മര്‍, മുനീര്‍ എല്‍ ഹദ്ദാദി, മാസ്ചെരാനോ, പിക്വെ റാഫിന തുടങ്ങിയ താരങ്ങളും കളിച്ചേക്കും. അതേസമയം ഇവാന്‍ റാക്കിറ്റിച്ച് കളിക്കുമോയെന്ന കാര്യം സംശയമാണ്. റയല്‍ നിരയില്‍ റൊണാള്‍ഡോ, ബാലെ, ലൂകാസ്, മാഴ്സെലോ, ക്രൂസ്, റാമോസ്, റോഡ്രിഗസ് എന്നിവര്‍ കളിക്കുമ്പോള്‍ കരീം ബെന്‍സേമ കളിക്കാന്‍ സാധ്യതയില്ല. പരിക്കിനൊപ്പം സെക്സ് ടേപ്പ് വിവാദമാണ് താരത്തിന് വെല്ലുവിളിയായിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.