കാത്തിരിപ്പിനൊടുവില്‍ വേഗമാര്‍ന്ന ഫുട്ബാള്‍

ഗോളിയെമാത്രം സ്വന്തംഹാഫില്‍ നിര്‍ത്തി എതിര്‍ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങളുമായി ഓള്‍ ഒൗട്ട് ഗെയിം പുറത്തെടുക്കുക. ഫാസ്റ്റ് ഗെയിമിന്‍െറ ആവേശവും ചടുലതയും കാഴ്ചവെച്ച് എതിര്‍വല ചലിപ്പിക്കാന്‍ കിക്കോഫ് മുതല്‍തന്നെ ഇരമ്പിയാര്‍ക്കുക, ലക്ഷ്യംകണ്ടത്തെിയാല്‍ പിന്നെ പ്രതിരോധാത്മക ഫുട്ബാളിലേക്ക് സ്വല്‍പം ഉള്‍വലിയുക, ഇടക്ക് ആവശ്യമെങ്കില്‍ പരുക്കന്‍ അടവുകളും പ്രയോഗിക്കുക-യൂറോപ്യന്‍ ഫുട്ബാളിന്‍െറ പൊതുവിലുള്ള ഈ കേളീശൈലി ഫുട്ബാള്‍പ്രേമികളെ ഹരംപിടിപ്പിക്കുമെങ്കില്‍ കോഴിക്കോട്ട് സേട്ട് നാഗ്ജി ഫുട്ബാളിലും ഇതിന്‍െറ തനിയാവര്‍ത്തനമാണ് ഞായറാഴ്ചയുടെ അവധിദിനത്തില്‍ അരങ്ങേറിയത്. സെന്‍റര്‍ലൈനിന്‍െറ ഇപ്പുറത്തും അപ്പുറത്തും മുഖാമുഖം രണ്ടു യൂറോപ്യന്‍ശക്തികള്‍ തന്നെയാണെങ്കിലൊ പോരാട്ടവീര്യം കൂടുമെന്നതും ഉറപ്പ്. റുമേനിയന്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന റാപിഡ് ബുക്കറസ്തി ക്ളബും യുക്രെയ്ന്‍ പ്രീമിയര്‍ ലീഗ് ടീം വോളിന്‍ ലുട്സ്കിയും തമ്മിലെ നാഗ്ജിയിലെ പ്രാഥമിക ലീഗ് റൗണ്ടിലെ അരങ്ങേറ്റമത്സരം ഇതുകൊണ്ടെല്ലാംതന്നെ സംഭവബഹുലമായിരുന്നു.

ആക്രമണങ്ങള്‍ക്ക് മറുപടിയായി പ്രത്യാക്രമണങ്ങള്‍; മൈതാനം നിറഞ്ഞുനിന്ന വേഗതയാര്‍ന്ന നീക്കങ്ങള്‍, ക്രോസ് ബാറിന് കീഴില്‍ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന മികച്ചസേവുകളുമായി കസ്റ്റോഡിയന്മാരുടെ തകര്‍പ്പന്‍ പ്രകടനം. ഒപ്പം പരുക്കന്‍ അടവുകള്‍, മഞ്ഞക്കാര്‍ഡുകളുടെ ഘോഷയാത്ര, ഗാലറികളെ ഹരംപിടിപ്പിച്ച രണ്ടു മനോഹര ഗോളുകള്‍; അതിലൊന്ന് രാജ്യാന്തര നിലവാരം പുലര്‍ത്തുന്നതും. റാപിഡ് ബുക്കറസ്തി -വോളിന്‍ലുട്സ്കി ഏറ്റുമുട്ടലിന്‍െറ രത്നച്ചുരുക്കമാണിത്. നാഗ്ജി ട്രോഫിയിലിതുവരെ നടന്ന ഏകപക്ഷീയ മത്സരങ്ങള്‍ക്കൊടുവില്‍ ആക്രമണാത്മക ഫുട്ബാളിന്‍െറ ചേരുവകള്‍ നിറഞ്ഞ പോരാട്ടം, കൊടുത്ത കാശിന് മുടക്കുമുതല്‍ തിരിച്ചുകിട്ടിയ സംതൃപ്തിയോടെ കാണികള്‍ ഗാലറിവിട്ട നാഗ്ജിയിലെ ആദ്യപോരാട്ടം.

1-1 മത്സരഫലം സൂചിപ്പിക്കുംവിധം തുല്യശക്തികളുടേതായിരുന്നു പോരാട്ടമെന്ന് വിശേഷിപ്പിക്കാമെങ്കിലും ഗെയിം പ്ളാനില്‍, വേഗതയില്‍, ആക്രമണ മൂര്‍ച്ചയില്‍, ഗോളവസരങ്ങള്‍ മെനയുന്നതിലെല്ലാം മുന്‍തൂക്കം യുക്രെയ്ന്‍ ടീമിനായിരുന്നു. ക്യാപ്റ്റന്‍ ക്രാവ്ചങ്കോ സെര്‍ജി അണിനിരന്ന വോളിന്‍ പ്രതിരോധനിര ഭദ്രമായിരുന്നു. തുടക്കത്തില്‍ വരുത്തിയ ഒരു പിഴവ് ഗോള്‍ കുടുങ്ങാനിടയാക്കിയതൊഴിച്ചാല്‍ യുക്രെയ്ന്‍ പ്രതിരോധവും കസ്റ്റോഡിയന്‍ ഷസ്റ്റ് ബോഹ്ദനും കെട്ടിയ കോട്ട ഭേദിക്കുക റാപിഡ് താരങ്ങള്‍ക്ക് കടുപ്പമേറിയതായിരുന്നു. അപകടകാരിയായ സ്ട്രൈക്കറെന്ന് യുക്രെയ്ന്‍െറ പത്താം നമ്പര്‍ ജേഴ്സിക്കാരന്‍ ദിദെങ്കോ അനാറ്റോലി കളിയിലുടനീളം തെളിയിച്ചു. അനാറ്റോലിക്ക് മികച്ച പിന്തുണയുമായി മിഡ്ഫീല്‍ഡില്‍ ഷബാനോവ് ആര്‍ട്ടേമും ബോഗ്ദനോവ് ആന്‍ദ്രിയും ഉണര്‍ന്നുകളിച്ചു.

ആദ്യഗോളിന് മുന്നിലത്തെിയ റാപിഡ് ടീമിനെ ടൂര്‍ണമെന്‍റിലിതുവരെകണ്ട ക്ളാസ്ഗോളിലൂടെ സമനിലയില്‍ തളച്ചശേഷം ഗതിവേഗം കുറച്ചതാണ് എളുപ്പം ജയിച്ചുകയറാമായിരുന്ന മത്സരം യുക്രെയ്ന്‍ ടീമിനെ പോയന്‍റ് പങ്കുവെച്ച് പിരിയാന്‍ നിര്‍ബന്ധിതമാക്കിയത്. സമനില പോയന്‍റുമതിയെന്ന നിലയില്‍ കളി അവസാനിപ്പിക്കാമെന്ന് വോളിന്‍താരങ്ങള്‍ തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു പിന്നീട്.

ബാറിനുകീഴില്‍ വിശ്വസ്തനായ കസ്റ്റോഡിയന്‍ എന്ന വിശേഷണം എഫ്.സി റാപിഡ് ടീമിനും അര്‍ഹതപ്പെട്ടതാണ്. ദ്രാഗിയ വിര്‍ജിലെന്ന മികവുറ്റഗോളിയുടെ സാന്നിധ്യം ഗോള്‍വലക്ക് മുന്നിലില്ലായിരുന്നെങ്കില്‍ റുമേനിയന്‍ ടീമിന് പരാജിതരായി ഗ്രൗണ്ട് വിടേണ്ട സാഹചര്യമൊരുക്കുമായിരുന്നെന്നത് സംശയമില്ലാത്ത കാര്യം. പ്രതിരോധനിരയില്‍തന്നെയായിരുന്നു റാപിഡിന്‍െറ കപ്പിത്താനും കാര്യങ്ങള്‍ നിയന്ത്രിച്ചത്. 19ാം നമ്പര്‍ ജേഴ്സിക്കാരന്‍ വാസിലെ നിക്കോലെ. ആക്രമണങ്ങളുടെ കുന്തമുനയായി ഇറങ്ങിയ സ്ട്രൈക്കര്‍ എന്‍കോയി കിയാഡുവിന് കളിയുടെ താളം ഇന്നലെ കണ്ടത്തൊന്‍ കഴിയാത്തപോലെ. പക്ഷേ, വരുംദിവസങ്ങളില്‍ താന്‍ അപകടകാരിയായ സ്ട്രൈക്കറായി മാറുമെന്ന സൂചനകള്‍ ഈ ആഫ്രിക്കന്‍താരത്തിന്‍െറ നീക്കങ്ങളില്‍ പ്രകടമാണ്.
നാഗ്ജിക്കത്തെിയ ടീമുകളുടെ നിലവാരത്തെക്കുറിച്ച ആശങ്കകള്‍ അസ്ഥാനത്താക്കുന്ന രണ്ടു ടീമുകളാണ് എഫ്.സി വോളിനും എഫ്.സി റാപിഡുമെന്നതില്‍ സംശയമില്ല. വരുംദിവസങ്ങളില്‍ ഇവരുടെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുമെന്നുറപ്പ്. നാഗ്ജിയെ രാജ്യാന്തര ടൂര്‍ണമെന്‍റന്ന നിലവാരത്തിലേക്കുയര്‍ത്താന്‍ ഈ രണ്ടു യൂറോപ്യന്‍ ഫുട്ബാള്‍ ശക്തികളുടെ സാന്നിധ്യം വഴിയൊരുക്കുമെന്നതും ഉറപ്പ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.