കാലില്‍ പശ ചേര്‍ത്ത് ഒട്ടിച്ചപോലെ പന്തുമായി ലയണല്‍ മെസ്സി ഗോള്‍മുഖം നോക്കി പാഞ്ഞുപോകുമ്പോള്‍ നമ്മള്‍ അദ്ഭുതത്തോടെ നോക്കിനില്‍ക്കും. ഹോക്കി സ്റ്റിക്കിന്‍െറ അറ്റത്ത് 5.7 ഒൗണ്‍സ് ഭാരമുള്ള പന്തും ഒട്ടിച്ചുവെച്ച് മുഹമ്മദ് ഷാഹിദ് പാഞ്ഞുപോകുമ്പോള്‍ ചിലപ്പോഴെങ്കിലും ഞങ്ങള്‍ കളിക്കാരല്ല, കാണികളാണെന്ന് തോന്നിപ്പോയിട്ടുണ്ട്. അത്രക്ക് ഭംഗിയായിരുന്നു ഷാഹിദിന്‍െറ കളി കാണാന്‍. ഡ്രിബ്ളിങ് എത്ര മനോഹരമായ കലയാണെന്ന് ആധുനിക ഹോക്കിയെ പരിചയപ്പെടുത്തിയത് ഷാഹിദാണ്.
ശരീരംകൊണ്ട് എതിരാളികളെ വെട്ടിയൊഴിയാനുള്ള അപാരമായ കഴിവുണ്ടായിരുന്നു ഷാഹിദിന്. വാഴ വെട്ടിയിടുന്നപോലൊരു തന്ത്രമാണത്. വെട്ടേറ്റ വാഴ മെല്ളെ താഴേക്കു പതിക്കുന്നതിനിടയില്‍ ഒന്നു തിരിഞ്ഞ് വെട്ടിയയാളെ മറികടന്ന് അപ്പുറം ചെന്നു വീഴുന്നപോലൊരു വിദ്യ. നേരെ മുന്നില്‍ മൂന്നോ നാലോ പേര്‍ മതില്‍ തീര്‍ത്തുനിന്നാലും അവരുടെ കാലുകള്‍ക്കിടയിലൂടെ പന്ത് അപ്പുറത്തേക്ക് ചത്തെിയിടും. പിന്നെ കളരിയഭ്യാസിയെപ്പോലെ അവര്‍ക്കിടയിലൂടെ ചാടി പന്തിനൊപ്പമത്തെി അതുമായി ഒരു പായലാണ്.
1982ലെ ലോകകപ്പില്‍ ഡച്ച് ടീമിനെതിരെ കാഴ്ചവെച്ച അസാമാന്യ പ്രകടനം ഒരിക്കലും മറക്കാനാവില്ല. നാല് കളിക്കാര്‍ കോട്ടകെട്ടി നില്‍ക്കവെയാണ് അതു പൊളിച്ചടുക്കി ഷാഹിദ് പുറത്തുവന്നത്. അത് അയാള്‍ക്കു മാത്രം കഴിയുന്നൊരു മാന്ത്രികപ്രകടനമായിരുന്നു. 80കളിലോ 90കളിലോ അദ്ദേഹവുമായി താരതമ്യം ചെയ്യാവുന്ന ഒരു കളിക്കാരനും ലോകത്തുണ്ടായിരുന്നില്ല. കളി തുടങ്ങിക്കഴിഞ്ഞാല്‍ എതിരാളികളുടെ ശ്രദ്ധ ഏറെയും ഷാഹിദിന്‍െറ നീക്കങ്ങളിലായിരിക്കും. പാകിസ്താന്‍ ടീമംഗങ്ങള്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തോട് ചൂടാകുകവരെ ചെയ്തിട്ടുണ്ട്. എനിക്കു തോന്നുന്നത് ഫുട്ബാളില്‍ ലയണല്‍ മെസ്സിയോടായിരുന്നു അദ്ദേഹത്തിന്‍െറ നീക്കങ്ങള്‍ക്ക് ഏറെ സാമ്യം. ഇങ്ങനെയൊരു കളിക്കാരന്‍ ഇനിയുണ്ടാകുമെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ ഹോക്കിക്കു മാത്രമല്ല, ലോക ഹോക്കിക്കും ഈ വേര്‍പാട് വലിയ നഷ്ടമാണ്. ഏറെക്കാലം ആ വലിയ മനുഷ്യനുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. അസുഖബാധിതനാകുന്നതിനുമുമ്പ് ടെലിഫോണില്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നതാണ്. ഏറ്റവും ഒടുവില്‍ ഒരു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ ഒരു ചടങ്ങിനിടയിലാണ് അദ്ദേഹത്തെ നേരില്‍ കണ്ടത്. തമാശകള്‍ പറഞ്ഞ് സഹകളിക്കാരെയും ആവേശഭരിതരാക്കി നടന്ന ഷാഹിദിനെ മറക്കാന്‍ കഴിയില്ല..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.