ടീമിന്‍െറ കളിയാണ് ഫുട്ബാള്‍. ഒരിക്കലും അതൊരു വ്യക്തിയുടെ കളിമികവിന്‍െറ മാത്രം സൃഷ്ടിയല്ല. ഇത് ഫുട്ബാളിനെ സംബന്ധിച്ച സദാസത്യവാക്യങ്ങളില്‍ ഒന്നാണ്. പക്ഷേ, ഒരു ജീനിയസ് വരുമ്പോള്‍ ഈ വാക്യം വായുവില്‍ അലിഞ്ഞുപോകും. പിന്നെ സംഭവിക്കുന്നതെന്തെന്ന് 1970കളുടെ തുടക്കത്തില്‍ യോഹാന്‍ ക്രൈഫ് കാണിച്ചുതന്നു. ശൂന്യതയില്‍നിന്ന് അദ്ദേഹം ലോകോത്തര ഫുട്ബാള്‍ ക്ളബിനെയും ഫുട്ബാള്‍ രാഷ്ട്രത്തേയും സൃഷ്ടിച്ചു. അയാക്സ്- അതായിരുന്നു നെതര്‍ലന്‍ഡ്സിലെ ആ ക്ളബ്. നെതര്‍ലന്‍ഡ്സ് ആ ഫുട്ബാള്‍ രാഷ്ട്രവും.
അയാക്സിന്‍െറയും നെതര്‍ലന്‍ഡ്സിന്‍െറയും ഫുട്ബാള്‍ ചരിത്രങ്ങള്‍ പരിശോധിക്കുക. യോഹാന്‍ ക്രൈഫ് വരുന്നതിനുമുമ്പ് വിരസമായ സാധാരണ തത്ത്വങ്ങളില്‍മാത്രം ഒതുങ്ങിയ ചരിത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ഇറ്റലിയുടെ യുവന്‍റസും സ്പെയിനിന്‍െറ റയല്‍ മഡ്രിഡും ബാഴ്സലോണയും കീര്‍ത്തിനേടിയ ക്ളബ് ഫുട്ബാളിന്‍െറ വലിയ മൈതാനങ്ങളില്‍ അയാക്സിന്‍െറ പേര് ആരും കേട്ടിട്ടുണ്ടാവില്ല. അതുപോലെയായിരുന്നു നെതര്‍ലന്‍ഡ്സിന്‍െറ കാര്യവും.
 

1947 ഏപ്രില്‍ 25 യൂറോപ്പിലെ വസന്തകാലം ഇലകൊഴിഞ്ഞ ശൈത്യകാല വൃക്ഷങ്ങള്‍ പൂത്തുലയുമ്പോള്‍ ആംസ്റ്റര്‍ഡാമില്‍ ക്രൈഫ് ജനിച്ചു. 1957ലെ തന്‍െറ പത്താം പിറന്നാള്‍ദിനത്തില്‍, മറ്റൊരു വസന്തകാലത്ത് ക്രൈഫ് അയാക്സില്‍ പ്രവേശിച്ചു. അവിടത്തെ കുട്ടികളുടെ ടീമിലെ അംഗമായിട്ടായിരുന്നു ക്രൈഫിന്‍െറ ഫുട്ബാള്‍ പ്രവേശം. 1967 ആയപ്പോഴേക്കും ക്രൈഫ് അയാക്സിന്‍െറ കുന്തമുനയായി. 1967-73 കാലത്ത് അദ്ദേഹം വലിയൊരു പരീക്ഷണം നടത്തി. ഫുട്ബാള്‍ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു വേഷപ്പകര്‍ച്ച ആ പരീക്ഷണത്തിന്‍െറ ഭാഗമായിരുന്നു. ‘ടോട്ടല്‍ ഫുട്ബാള്‍’ എന്നായിരുന്നു ആ പരീക്ഷണത്തിന്‍െറ പേര്. ‘വേഷപ്പകര്‍ച്ചയുടെ ഫുട്ബാള്‍’ എന്നാണ് കുറച്ചുകൂടി ശരിയായ പേര്. കളിതുടങ്ങുന്ന സമയത്ത് ഫോര്‍വേഡുകള്‍ മിഡ്ഫീല്‍ഡിലേക്ക് മാറും. മിഡ്ഫീല്‍ഡര്‍മാര്‍ ഫോര്‍വേഡ് ലൈനിലേക്ക് വരും. കുറച്ചുകൂടി കഴിഞ്ഞാല്‍ ബാക്ക്ലൈനില്‍ കളിക്കേണ്ടവര്‍ സെന്‍റര്‍ ഫോര്‍വേഡായി മാറും. ഇതായിരുന്നു ആ വേഷപ്പകര്‍ച്ചയും സ്ഥാനപ്പകര്‍ച്ചയും. കുറച്ചുകൂടി കഴിഞ്ഞാല്‍ ഗോള്‍ലൈനിലുള്ള 10 പേരും ഗ്രൗണ്ടില്‍ ഒഴുകിപ്പരന്ന് കളിക്കും. അപ്പോഴത് ടോട്ടല്‍ ഫുട്ബാള്‍ എന്ന പേരിന് അന്വര്‍ഥമാകും.
 

എതിര്‍ കളിക്കാരും ടീമും അയാക്സിന്‍െറ ഓരോ കളിക്കാരനെയും കുറിച്ച് പഠിച്ചായിരിക്കും വരുക. പക്ഷേ, ഈ മുന്‍ പാഠങ്ങളൊക്കെ തെറ്റായിപ്പോയെന്ന് എതിരാളികള്‍ക്ക് മനസ്സിലാക്കാന്‍ ഏറെ സമയം വേണ്ടിവരില്ല. കാരണം ഫോര്‍വേഡായി കളിക്കുന്ന ക്രൈഫിനെയല്ല, ഫുള്‍ബാക്കായി കളിക്കുന്ന ക്രൈഫിനെയാണ് അവര്‍ കാണുക. അതുപോലെ ഓരോ കളിക്കാരനും സ്ഥാനം മാറുന്നു. സത്യത്തില്‍ അയാക്സ് പുതിയൊരു ടീമായി മാറിയ അവസ്ഥ.
ഈ പരീക്ഷണം വന്‍ വിജയമായി. ഡച്ച് ഫുട്ബാള്‍ ലീഗായ എറി ഡിവിസിയില്‍ അയാക്സ് വന്‍ ശക്തികളായി മാറി. പി.എസ്.വി ഐന്തോവനും ഫെയ്നൂര്‍ദുമൊക്കെ അയാക്സിനുമുന്നില്‍ വീണു. അയാക്സ് പിന്നെയും മുന്നോട്ടുപോയി. 1970-73 കാലത്ത് അവര്‍ യൂറോപ്പിലെ ഒന്നാംനമ്പര്‍ ടീമായി മാറി. യൂറോപ്യന്‍ സൂപ്പര്‍കപ്പും ലോക കിരീടമായ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പും അവര്‍ നേടി.

കൈവിട്ടുപോയ ലോകകിരീടം

1974ല്‍ ലോക ഫുട്ബാള്‍ കിരീടത്തിനുള്ള പോരാട്ടം ആരംഭിക്കുമ്പോള്‍ ഡച്ച് ടീം എന്നത് അയാക്സ് തന്നെയായിരുന്നുവെന്ന് പറയാം. അയാക്സ് തുടങ്ങിവെച്ചത് നെതര്‍ലന്‍ഡ്സ് ഏറ്റെടുത്തു. എതിരാളികള്‍ ചില്ലറക്കാരനായിരുന്നില്ല. ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്‍റീന 4-0ത്തിന് ടോട്ടല്‍ ഫുട്ബാളിന് മുന്നില്‍ വീണു. പെലെയുടെ പിന്‍ഗാമികളായ ബ്രസീല്‍ 2-0ത്തിന് തോറ്റു. പ്രാഥമിക റൗണ്ടില്‍ പശ്ചിമ ജര്‍മനിയെ തോല്‍പിച്ച പൂര്‍വ ജര്‍മനിയെ നെതര്‍ലന്‍ഡ്സ് കീഴടക്കിയത് 2-0ത്തിന്. ഒരാഴ്ചക്കുള്ളില്‍ ഡച്ച് ടീം എന്നത് ലോകഫുട്ബാള്‍ ചരിത്രത്തിന്‍െറ കൊടുമുടിയിലേക്ക് ഉയര്‍ന്നു. മുന്നില്‍നിന്ന് നയിക്കുന്നത് സ്വര്‍ണത്തലമുടിയുള്ള രാജകുമാരന്‍ ക്രൈഫ്. ഒപ്പം മറ്റൊരു പ്രതിഭാശാലിയായി യോഹാന്‍ നീസ് കെന്‍സ് ഇരുവശത്തുമായി റെന്‍സന്‍ ബ്രിങ്കും ജോണി റപ്പും വലക്കുമുന്നില്‍ ഒരു പണിയുമില്ലാതെ യോങ് ബ്ളഡ്.

ഒടുവില്‍ ഫൈനലത്തെി. എതിരാളികള്‍ പശ്ചിമ ജര്‍മനി. അവരെ നയിക്കുന്നത് തന്ത്രശാലികളില്‍ അഗ്രഗണ്യനായ കൈസര്‍ ബെക്കന്‍ ബോവര്‍. യൂറോപ്പിനെ കിടിലംകൊള്ളിച്ച മുള്ളറായിരുന്നു ഗോളടിയന്ത്രം. സെപ്പ് മേയറെന്ന ലോകത്തിലെ ഏറ്റവും മികച്ച ഗോളികൂടിയാമ്പോള്‍ പശ്ചിമ ജര്‍മനി അതിശക്തരായി മാറുന്നു. ഫൈനലില്‍ നടന്നതെന്തെന്ന് ഏവര്‍ക്കുമറിയാം. കളിയുടെ തുടക്കത്തില്‍ രണ്ടാം മിനിറ്റില്‍തന്നെ യോഹാന്‍ ക്രൈഫിനെ ചവിട്ടിവീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളിലൂടെ ഡച്ച് ടീം മുന്നിലത്തെുന്നു. പതുക്കെ കൈസറുടെ തന്ത്രങ്ങളിലൂടെ ജര്‍മനി തിരിച്ചുവരാന്‍ തുടങ്ങി.
ഈ ജര്‍മന്‍ തന്ത്രങ്ങള്‍ കുതന്ത്രങ്ങളായിരുന്നുവെന്നത് ഇന്നും ഡച്ചുകാര്‍ ആരോപിക്കുന്നു. കടുത്ത ഫൗളിലൂടെ ക്രൈഫിനെ ചവിട്ടിയരക്കലായിരുന്നു ആ തന്ത്രങ്ങളില്‍ മുഖ്യം. പക്ഷേ, ആ തന്ത്രങ്ങള്‍ നടക്കുമ്പോള്‍ റഫറി കണ്ണടക്കാനായി ബെക്കന്‍ ബോവര്‍ മറ്റൊരു സൂത്രംകൂടി ഒപ്പിച്ചുവത്രെ. കളിയുടെ തുടക്കത്തില്‍ പശ്ചിമ ജര്‍മനിക്കെതിരെ പെനാല്‍റ്റി വിധിച്ചപ്പോള്‍ ഇംഗ്ളീഷുകാരനായ റഫറിയോട് വളരെ ശാന്തനായി ബെക്കന്‍ ബോവര്‍ പറഞ്ഞു. ‘നിങ്ങള്‍ മാന്യനായ ഒരു ഇംഗ്ളീഷുകാരന്‍ തന്നെ’. അതൊരു ദ്വയാര്‍ഥ പ്രയോഗമായിരുന്നു. ഏതായാലും പിന്നീടങ്ങോട്ട് റഫറി ഒന്ന് കണ്ണടച്ചുകൊടുത്തുവെന്ന് ഡച്ച് ജനത ആരോപിക്കുന്നു. മികച്ച ഫോമിലേക്കത്തെിയ ജര്‍മന്‍ കളിക്കാര്‍ ആദ്യം സമനിലയും ഒടുവില്‍ വിജയഗോളും നേടി. അങ്ങനെ ഓറഞ്ച് വസന്തം താല്‍ക്കാലികമായി കൊഴിഞ്ഞുപോയി. ഈ ഫൈനല്‍ കഴിഞ്ഞ് ഇന്ന് 40ലേറെ കൊല്ലം കഴിഞ്ഞു. അതിനുശേഷം നിരവധി ലോകകപ്പുകള്‍ കടന്നുപോയി. പക്ഷേ, അവയിലൊക്കെ മികച്ച ടീം ചാമ്പ്യന്മാര്‍തന്നെയാണെന്ന് ആര്‍ക്കും സംശയമുണ്ടാവില്ല. ഉദാഹരണത്തിന് ഇക്കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയായിരുന്നു നല്ല ടീമെന്ന് ആരെങ്കിലും സംശയിക്കാറുണ്ടോ? പക്ഷേ, 1974ലെ ഫൈനല്‍ കഴിഞ്ഞ് നാല് പതിറ്റാണ്ടുകള്‍ക്കുശേഷവും തോറ്റ നെതര്‍ലന്‍ഡ്സ് ആയിരുന്നു ജയിച്ച പശ്ചിമ ജര്‍മനിയേക്കാള്‍ നല്ല ടീമെന്ന് ധാരാളം പേര്‍ അഭിപ്രായപ്പെടുന്നു.
 

ചരിത്രം ചില ക്രൂരമായ തമാശകള്‍ അവസാനത്തേക്കായി മാറ്റിവെക്കാറുണ്ട്. നാടകാന്ത്യത്തിലെ ആന്‍റി കൈ്ളമാക്സ് പോലെ. ക്രൈഫ് ലോകത്തോട് വിടപറയുമ്പോള്‍ യൂറോപ്പില്‍ വീണ്ടും വസന്തകാലം പിറക്കുകയാണ്. ക്രൈഫിന്‍െറ അന്തിമോപചാര ചടങ്ങുകള്‍ നടക്കുമ്പോള്‍ കൈസര്‍ ബെക്കന്‍ ബോവര്‍ നിരവധി വിവാദങ്ങളുടെ നിഴലില്‍ ചീത്തപ്പേരുകളുമായി നില്‍ക്കുകയാണ്. ഓറഞ്ച് വസന്തത്തെ മെയ്ക്കരുത്തുകൊണ്ട് ചവിട്ടിയരച്ചതിനുള്ള ശിക്ഷയായി ഇതിനെ ഫുട്ബാള്‍ ആരാധകര്‍ കരുതിയാല്‍ കുറ്റംപറയാന്‍ കഴിയുമോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.