???????? ????, ??.??. ?????? (???? ??????????????)

ഐ.എസ്.എല്ലിലെ മലയാളിപ്പെരുമ

കൊച്ചി: ഇന്ത്യന്‍ ഫുട്ബാളില്‍ മാറ്റങ്ങളുടെ കൊടുങ്കാറ്റുയര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അവതരിച്ചപ്പോള്‍ പഴയ പ്രതാപമില്ളെങ്കിലും മലയാളി താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയം. കേരളത്തിന്‍െറ സ്വന്തം ടീമായ കേരള ബ്ളാസ്റ്റേഴ്സില്‍ നാല് മലയാളി താരങ്ങള്‍ ബൂട്ടുകെട്ടുമ്പോള്‍ ഡല്‍ഹി ഡൈനാമോസില്‍ രണ്ടുപേരും നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്, എഫ്.സി. പുണെ ക്ളബുകളില്‍ ഓരോ താരങ്ങളുമാണ് കേരളത്തിന്‍െറ സംഭാവന.

മുഹമ്മദ് റാഫി (കേരള ബ്ളാസ്റ്റേഴ്സ്)
ഐ.എസ്.എല്‍ ആദ്യ സീസണില്‍ കിരീടം നേടിയ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരമായിരുന്നു മുഹമ്മദ് റാഫി. കൊല്‍ക്കത്തക്കു വേണ്ടി 10 കളികളില്‍ ബൂട്ടുകെട്ടിയപ്പോള്‍ ഒരു ഗോള്‍ നേടി. രണ്ടാം സീസണില്‍ സ്വന്തം നാട്ടിലേക്ക് കൂടുമാറി. ബ്ളാസ്റ്റേഴ്സിനുവേണ്ടി ഒമ്പത് മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടിയ മുഹമ്മദ് റാഫി, ഇത്തവണയും ബ്ളാസ്റ്റേഴ്സിന്‍െറ മുന്നേറ്റനിരയിലെ പ്രധാനിയാകും. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശം. ഇന്ത്യക്കു വേണ്ടിയും മുഹമ്മദ് റാഫി ബൂട്ടുകെട്ടിയിട്ടുണ്ട്. 2019-10 ഐ ലീഗ് സീസണില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

റിനോ ആന്‍േറാ (കേരള ബ്ളാസ്റ്റേഴ്സ്)
മുഹമ്മദ് റാഫിയെപ്പോലെ അത്ലറ്റികോ ഡി കൊല്‍ക്കത്തയില്‍നിന്നാണ് റിനോ ആന്‍േറായുടെയും വരവ്. കൊല്‍ക്കത്തയുടെ വലതുപാര്‍ശ്വത്തെ വിശ്വസ്തനായ കാവല്‍ക്കാരനായിരുന്നു മുന്‍ സീസണില്‍ ഈ തൃശൂര്‍ക്കാരന്‍. ഐ ലീഗിലെ നിറസാന്നിധ്യമായിരുന്നു. മോഹന്‍ ബഗാന്‍, സാല്‍ഗോക്കര്‍, ബംഗളൂരു എഫ്.സി തുടങ്ങിയ വമ്പന്മാര്‍ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബംഗളൂരുവില്‍ ഒമാനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്കായി ബൂട്ടുകെട്ടി.

റിനോ ആന്‍േറാ, പ്രശാന്ത് മോഹന്‍ (കേരള ബ്ളാസ്റ്റേഴ്സ്)
 


സി.കെ. വിനീത് (കേരള ബ്ളാസ്റ്റേഴ്സ്)
കണ്ണൂര്‍ സ്വദേശി. സ്ട്രൈക്കറായും വിങ്ങറായും തിളങ്ങുന്ന താരം. കഴിഞ്ഞ സീസണില്‍ ബ്ളാസ്റ്റേഴ്സ് നിരയിലത്തെി. ഐ ലീഗില്‍ ബംഗളൂരു എഫ്.സിയുടെ താരമാണ്. അവര്‍ക്കായി കഴിഞ്ഞ സീസണില്‍ 19 മത്സരങ്ങളില്‍നിന്ന് ഏഴു ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ ബ്ളാസ്റ്റേഴ്സിനായി ഒമ്പത് കളികളില്‍ ബൂട്ടുകെട്ടിയെങ്കിലും സ്കോര്‍ ചെയ്യാനായില്ല. എന്നാല്‍, ഡല്‍ഹി ഡൈനാമോസിനെതിരെയുള്ള മത്സരത്തില്‍ ഐ.എസ്.എല്‍ എമര്‍ജിങ് താരമെന്ന പുരസ്കാരം നേടി. ചിരാഗ് കേരള, പ്രയാഗ് യുനൈറ്റഡ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും വിനീത് ബൂട്ടുകെട്ടിയിട്ടുണ്ട്.

പ്രശാന്ത് മോഹന്‍ (കേരള ബ്ളാസ്റ്റേഴ്സ്)
കോഴിക്കോട്നിന്നുള്ള ഇന്ത്യയുടെ ഭാവി വാദ്ഗാനം. നിലവില്‍ ഇന്ത്യന്‍ അണ്ടര്‍ 20 ടീം താരം. ഇക്കുറി യുവനിരയെ ടീമിലത്തെിക്കുന്നതിന്‍െറ ഭാഗമായി ബ്ളാസ്റ്റേഴ്സ് മിഡ്ഫീല്‍ഡറായ പ്രശാന്ത് മോഹനെയും ടീമിലെടുത്തു. അവസരം കിട്ടിയാല്‍ കേരളത്തിന്‍െറ അഭിമാനമാകാന്‍ കഴിയുന്ന താരമാണ് പ്രശാന്ത് മോഹന്‍. അണ്ടര്‍ 14, 16 ഇന്ത്യന്‍ ടീം അംഗമായിരുന്നു.

അനസ് എടത്തൊടിക (ഡല്‍ഹി ഡൈനാമോസ്), ടി.പി. രഹനേഷ് (നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്)
 


ടി.പി. രഹനേഷ് (നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്)
കോഴിക്കോട്ടുകാരന്‍ രഹനേഷിന്‍െറ പ്രകടന മികവുകൊണ്ട് ഐ.എസ്.എല്‍ മത്സരങ്ങളില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡ് നിരവധി മത്സരങ്ങളില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാം സീസണിലും നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനൊപ്പം തന്നെ. ഐ ലീഗില്‍ ഷില്ളേങ് ലജോങ്, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ക്കും ഗ്ളൗസണിഞ്ഞിട്ടുണ്ട്. അണ്ടര്‍-23 ഇന്ത്യന്‍ ടീമിലും രഹനേഷ് അംഗമായിരുന്നു.

അനസ് എടത്തൊടിക (ഡല്‍ഹി ഡൈനാമോസ്)
ബ്രസീലുകാരന്‍ റോബര്‍ട്ടോ കാര്‍ലോസിന്‍െറ വിശ്വസ്തനായിരുന്നു കഴിഞ്ഞ സീസണില്‍ മലപ്പുറത്തുകാരനായ അനസ് എടത്തൊടിക. സെന്‍റര്‍ ബാക്ക് പൊസിഷനില്‍ ശക്തമായ സാന്നിധ്യമായിരുന്നു. ഡല്‍ഹിയുടെ സെമിവരെയുള്ള കുതിപ്പില്‍ നിര്‍ണായക ശക്തിയായ അനസിനെ ഈ സീസണിലും മാനേജ്മെന്‍റ് നിലനിര്‍ത്തി. ഡൈനാമോസിനായി 13 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയപ്പോള്‍ ഒരുഗോളും നേടി. മുംബൈ എഫ്.സി, പുണെ എഫ്.സി ടീമുകള്‍ക്കു വേണ്ടിയും ബൂട്ടുകെട്ടി.

എം.പി. സക്കീര്‍ (ചെന്നൈയിന്‍ എഫ്.സി), ഡെന്‍സന്‍ ദേവദാസ് (ഡല്‍ഹി ഡൈനാമോസ്)
 


ഡെന്‍സന്‍ ദേവദാസ് (ഡല്‍ഹി ഡൈനാമോസ്)
അച്ഛന്‍െറ പാരമ്പര്യം പിന്തുടര്‍ന്ന് ഫുട്ബാളിലത്തെിയ താരം. കണ്ണൂര്‍ സ്വദേശി. ഡെന്‍സന്‍െറ അച്ഛന്‍ ദേവദാസ് ആന്‍റണി സന്തോഷ് ട്രോഫിയില്‍ സര്‍വീസസിനുവേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ എഫ്.സി ഗോവയുടെ താരമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഐ.എസ്.എല്‍ ആദ്യ സീസണില്‍ ചെന്നൈയിന്‍ എഫ്.സിയുടെ താരമായിരുന്നു. ഐ ലീഗില്‍ മോഹന്‍ ബഗാന്‍, സ്പോര്‍ട്ടിങ് ഗോവ തുടങ്ങിയ ക്ളബുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

ആഷിഖ് കുരുണിയന്‍ (പുണെ സിറ്റി എഫ്.സി)
കേരളത്തില്‍നിന്ന് അവസാനമായി ഐ.എസ്.എല്ലില്‍ എത്തുന്ന താരം. മലപ്പുറം പട്ടര്‍കടവ് സ്വദേശി. പുണെ എഫ്.സി അക്കാദമിയിലായിരുന്നു ആഷിഖിന്‍െറ പരിശീലനം. ആദ്യഘട്ടത്തില്‍ പുണെ സിറ്റി ടീമില്‍ ഇടമുണ്ടാവില്ളെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കരാറൊപ്പിടാന്‍ ശ്രമിച്ചു. ഒടുവില്‍ ആഷിഖിനെ പുണെ സിറ്റി എഫ്.സി ടീമിലെടുത്തു. അണ്ടര്‍ 19 ഇന്ത്യന്‍ താരമാണ് ആഷിഖ്.

ആഷിഖ് കുരുണിയന്‍ (പുണെ സിറ്റി എഫ്.സി)
 


എം.പി. സക്കീര്‍ (ചെന്നൈയിന്‍ എഫ്.സി)
മലപ്പുറത്തിന് അഭിമാനമായ മറ്റൊരു താരമാണ് എം.പി. സക്കീര്‍. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സിക്കു വേണ്ടി അഞ്ചു കളികളില്‍ ഇറങ്ങിയ സക്കീര്‍ മിഡ്ഫീല്‍ഡറായി ഈ സീസണിലും ടീമിനൊപ്പമുണ്ട്. ഇന്ത്യന്‍ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു. മോഹന്‍ ബഗാന്‍, സാല്‍ഗോക്കര്‍, വിവ കേരള തുടങ്ങിയ ഐ ലീഗ് ക്ളബുകള്‍ക്കുവേണ്ടിയും കളിച്ചു.  2007ല്‍ എസ്.ബി.ടി ടീമിലൂടെയാണ് തുടക്കം. മലപ്പുറം അരീക്കോട് സ്വദേശിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.