രണ്ടു മാസം തികയുന്നേയുള്ളൂ, അന്ന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനായാസ ജയമെന്ന കൈയെത്തുംദൂരത്തെ മോഹവുമായി തളരുവോളം പന്തെറിഞ്ഞ പാക് സ്പിന്നർമാർ ഒടുവിൽ ഒാസീസ് പ്രതിരോധത്തിെൻറ ആഴമറിഞ്ഞ ദിനത്തിന്. ആദ്യ ഇന്നിങ്സിൽ ദയനീയമായി തകർന്ന് വൻതോൽവി മുന്നിൽ കണ്ട് രണ്ടാം ഇന്നിങ്സിനിറങ്ങിയതായിരുന്നു കംഗാരുക്കൾ. തുടർച്ചയായ തോൽവികളുടെ പഴിയും ഭാരവുമായി പാഡണിഞ്ഞവർ പക്ഷേ, ഉസ്മാൻ ഖ്വാജയുടെയും ക്യാപ്റ്റൻ പെയിനിെൻറയും പിന്നീട് വാലറ്റത്തിെൻറയും ക്ഷമാപൂർവമായ ബാറ്റിങ് മികവിൽ അന്ന് പിടിച്ച സമനിലക്ക് സ്വപ്നതുല്യമായ തിരിച്ചുവരവിെൻറ മധുരമുണ്ടായിരുന്നു.
സമീപ കാല ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ യാസിർ ഷായും മുഹമ്മദ് അബ്ബാസും പോലുള്ളവർ നിരന്തരം പരീക്ഷിച്ചിട്ടും വീഴാതെ 462 റൺസാണ് ആസ്ട്രേലിയ അടിച്ചുകൂട്ടിയത്. അന്നത്തെ തിരിച്ചുവരവ് മറന്ന് ഒാസീസ് പിന്നെയും തോൽവി ചോദിച്ചുവാങ്ങിയിണ്ടെങ്കിലും ഒാരോ ആസ്ട്രേലിയക്കാരെൻറയും മനസ്സിൽ അന്നത്തെ സംഭവം ഇന്നുമുണ്ട് , മായാതെ. പ്രത്യേകിച്ചും, ഇന്ത്യയുമായി സ്വന്തം തട്ടകത്തിൽ പരമ്പരക്ക് തുടക്കമാകാനിരിക്കെ.
ആസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ ചരിത്രത്തിലിന്നോളം ഒരു പരമ്പര ജയിച്ചിട്ടില്ല. നിർഭാഗ്യവും മോശം കളിയും ഒരുപോലെ അതിന് കാരണമായിട്ടുണ്ടാകാം.
പക്ഷേ, നാലു വർഷം മുമ്പ് കോഹ്ലി കളിച്ചിട്ടും ഇന്ത്യ വീണുപോയ പരമ്പരയിലുൾപെടെ കളിക്കു മുന്നേ മേധാവിത്തമുറപ്പിച്ചാണ് ആസ്ട്രേലിയ ഇറങ്ങിയിരുന്നത്. ഇന്ന് അതല്ല, സ്ഥിതി. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതും ഒാസീസ് അഞ്ചാമതുമാണ്. ഏകദിനത്തിൽ പിന്നെയും ഒരു പടി പിറകിലോട്ടിറങ്ങി ആറാം സ്ഥാനത്താണ് ആതിഥേയർ. ഇന്ത്യയാകെട്ട, രണ്ടാമതും.
സമകാലിക ക്രിക്കറ്റിൽ വലിയ നേട്ടങ്ങളുടെ ഉച്ചിയിൽ നിൽക്കുന്ന ഒരു ടീമും ഒരു വർഷത്തിലേറെയായി ഗ്രാഫ് പിറകോട്ടുമാത്രം സഞ്ചരിക്കുന്ന ടീമും തമ്മിലാണ് വരാനിരിക്കുന്ന മുഖാമുഖം. ഇനിയൊരു പരമ്പര നഷ്ടം കൂടി താങ്ങാൻ ആസ്ട്രേലിയക്ക് കരുത്തില്ല. അത്രക്ക് തകർന്നു തരിപ്പണമായാണ് ഒരു കലണ്ടർ വർഷം ടീം പൂർത്തിയാക്കാനൊരുങ്ങുന്നത്. ഏറ്റവുമൊടുവിൽ അബൂദബിയിൽ പാകിസ്താനോട് വൻതോൽവി ഇരന്നുവാങ്ങിയവർ.
മറുവശത്ത്, വിദേശത്തുപോയി കളിച്ച പരമ്പരകളിൽ ഇന്ത്യക്കും ഇൗ വർഷം അത്ര നല്ല റെക്കോഡൊന്നുമല്ല. ദുർബലരോട് വലിയ ജയങ്ങളുമായി നിറഞ്ഞാടിയവർ ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും മുട്ടുമടക്കി. എന്നിട്ടും, ഇത്തവണ വാതുവെപ്പുകാർക്കിഷ്ടം ഇന്ത്യയാകുന്നത് ആസ്ട്രേലിയ പതിച്ചിരിക്കുന്ന പടുകുഴിയുടെ ആഴമറിഞ്ഞിട്ടാണ്.
ടീമിനെ വിജയങ്ങളിൽ നിന്ന് വൻവിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റൻ സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും ചുരണ്ടൽ വിവാദത്തിൽ കുടുങ്ങി പുറത്താണ്. 2015നു ശേഷം ടീം നേടിയ മൊത്തം റൺസിൽ മൂന്നിലൊന്നോളം വരും ഇരുവരും ചേർന്നുള്ള സമ്പാദ്യം എന്നതു ഇതോടു ചേർത്തുവായിക്കണം. രണ്ടുപേർക്കും ഇനിയും മാസങ്ങളെടുക്കും വിലക്കുനീങ്ങി തിരിച്ചുവരവിന്.
മറുവശത്ത്, ബാറ്റിങ്ങിലും ബൗളിങ്ങിലും പരിചയ സമ്പത്തും ശക്തിയും ഒരുപോലെ മേളിച്ച പടയാണ് സന്ദർശകരുടെത്. ഏറ്റവുമൊടുവിൽ വിൻഡീസിനെതിരെ നടന്ന പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫലമാണ് നൽകിയത്. പക്ഷേ, കഴിഞ്ഞതൊന്നുമല്ല കളിയെന്നാണ്, ഏതു പതിതാവസ്ഥയിലും വർധിതവീര്യത്തോടെ തിരിച്ചുവന്ന പാരമ്പര്യമുള്ള ആസ്ട്രേലിയയെ അറിയുന്നവർ ഉപദേശിക്കുക. റിക്കി പോണ്ടിങ്ങും െഗ്ലൻ മക്ഗ്രാത്തും പോലുള്ള മഹാപ്രതിഭകളുടെ കാലം കഴിഞ്ഞെങ്കിലും കുഞ്ഞുപേരുകൾക്കും ചിലതു തെളിയിക്കാനാവുെമന്ന വിളംബരമാകും വരാനിരിക്കുന്ന ഒാരോ കളിയുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ കണക്കുകൂട്ടുന്നു.
ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ്ബൗളർമാരുടെ സംഘമാണ് ഇപ്പോഴും ഒാസീസിനൊപ്പമുള്ളത്. മിച്ചൽ സ്റ്റാർക്, ജോഷ് ഹാസൽവുഡ്, പാട്രിക് കുമ്മിൻസ് ത്രയത്തിന് ഏത് ബാറ്റിങ്ങിനെയും പൊളിക്കാനുള്ള കരുത്തുണ്ട്. ബാറ്റിങ്ങിലാണ് ടീമിെൻറ ദൗർബല്യം മുഴുക്കെ. വലിയ പേരുകൾ ഒന്നിച്ച് കൊഴിഞ്ഞുപോയപ്പോൾ ടീം ശരിക്കും ഇരുന്നുപോവുകയായിരുന്നു. എന്നിട്ടും, പതിയെ പ്രകടനമികവുമായി ടീം തിരിച്ചുവരവിെൻറ സൂചനകൾ നൽകുന്നുണ്ട്.
ആരോൺ ഫിഞ്ച്, ഉസ്മാൻ ഖ്വാജ, ക്യാപ്റ്റൻ ടിം പെയിൻ തുടങ്ങിയവർ മോശക്കാരല്ല. അനുഭവ സമ്പത്ത് പരിഗണിച്ച് െഗ്ലൻ മാക്സ്വെല്ലിനെ ഉൾപെടുത്തുന്നതും കരുത്തുകൂട്ടും. വലിയ പേരുകളല്ലെങ്കിലും മാറ്റ് റെൻഷ്വ, മിച്ചൽ മാർഷ് തുടങ്ങിയവർക്കും അദ്ഭുതങ്ങൾ കാണിക്കാനുള്ള കരുത്തുണ്ട്.
ഇന്ത്യക്കുമുണ്ട്, പ്രശ്നങ്ങൾ. ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇനിയും തിരിച്ചുവരാത്തതും കെ.എൽ രാഹുലും അജിങ്ക്യ രഹാനെയും പൂജാരയും ഫോം കണ്ടെത്താൻ വിഷമിക്കുന്നതും വെല്ലുവിളിയാണ്. ബൗൺസ് കൂടുതലുള്ള പിച്ചുകളിൽ കോഹ്ലിയൊഴികെ മറ്റുള്ളവർ എങ്ങനെ പിടിച്ചുനിൽക്കുെമന്നതും ഗൗരവതരമാണ്.
അടുത്തിടെയായി ബൗളിങ് മികവു കാക്കുന്നത് ആശ്വാസമാകും. പേസർമാരും സ്പിന്നർമാരും ഒരുപോലെ ഇന്ത്യക്ക് കരുത്താണ്. ആസ്ട്രേലിയ നന്നായി കളിച്ചാൽ 3-0നും മോശം കളിയെങ്കിൽ 4-0നും ഇന്ത്യ ജയിക്കുമെന്ന് ഹർഭജൻ സിങ് പറഞ്ഞത് പൊന്നാകെട്ട എന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.