കൊച്ചി: നാല് പതിറ്റാണ്ടുകൾക്കുമുമ്പ് അപ്പൻറെ തോളത്തിരുന്ന് ചേട്ടൻമാർക്കൊപ്പം വടുതലയിലെ പ്രശസ്തമായ ഡോൺ ബോസ ്കോ ടൂർണമെൻറ് കാണുമ്പോഴെല്ലാം ജിമ്മി ജോസഫ് എന്ന കൊച്ചുപയ്യൻറെ ഉള്ളിലൊരാഗ്രഹം മൊട്ടിട്ടുനിന്നിരുന്നു; ജീവി തത്തിലൊരിക്കലെങ്കിലും ആ കപ്പൊന്ന് നെഞ്ചോട് ചേർത്തുപിടിക്കണമെന്ന്. രണ്ടര വയസിൽ ഇരു കാലുകളെയും ഇടതു കൈയ്യിനെയ ും കീഴടക്കിയ പോളിയോയുടെ തളർച്ചയൊന്നും ആ സ്വപ്നത്തിൽ നിന്ന് അവനെ പിന്തിരിപ്പിച്ചില്ല. വെല്ലുവിളികളെയും ഇല്ലാ യ്മകളെയും അതിജീവിച്ച് പത്തുവർഷം മുമ്പ് ജിമ്മി ആ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്തു.
ഇത് ജിമ്മി ജോസഫ്. ത ൃക്കാക്കര നഗരസഭയിൽ കേരള ഫുട്ബാൾ അസോസിയേഷൻ അംഗീകാരമുള്ള ഏക ഫുട്ബാൾ ക്ലബായ ഷൈൻ സോൾഡ്യേഴ്സ് വാഴക്കാലയുടെയും, കൊച്ചാപ്പി മെമോറിയൽ ഫുട്ബാൾ അക്കാദമിയുടെയും അമരക്കാരൻ. ശാരീരിക പരിമിതികളെയെല്ലാം മാറ്റിനിർത്തി ജിമ്മി തൻറെ കളിക്കാരെ വിജയത്തിലേക്ക് നയിക്കുന്നത് രക്തത്തിൽ അലിഞ്ഞുചേർന്ന കാൽപന്തുകളിയോടുള്ള പ്രണയം കൊണ്ടാണ്.
വടുതലയിൽ ജനിച്ച് ഏഴാം വയസിൽ കാക്കനാട് വാഴക്കാലയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറിയ ജിമ്മി അന്ന് നാട്ടിൻപുറത്തെ ചെറിയ കളിക്കളങ്ങളിലെ കാൽപന്തുകളിയിൽ ഗോൾകീപ്പറായി ഇറങ്ങുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ കളിക്കളത്തിൽ ആത്മവിശ്വാസത്തോടെ നേരിട്ട ആ ബാലന് വഴികാട്ടിയായത് കൊച്ചിൻ ഷിപ്പ് യാർഡിലെ എൻജിനീയറും സംസ്ഥാനതല കളിക്കാരനുമായിരുന്ന മലപ്പുറം സ്വദേശി ഉമ്മർ നാട്ടുകല്ലിങ്ങലാണ്. അദ്ദേഹത്തിെൻറ മാർഗനിർദേശത്തിൽ ജിമ്മി കൂട്ടുകാർക്കൊപ്പം ചേർന്ന് 1992ൽ ഷൈൻ സോൾഡ്യേഴ്സ് ടീം രൂപവത്കരിച്ചു. ക്ലബ് െസക്രട്ടറിയും പരിശീലകനുമായി ഉമ്മർ ഇന്നും ഒപ്പമുണ്ട്.
കളിക്കാരുടെ ആശാനായ ജിമ്മിയുടെ ആഗ്രഹം ഷൈൻ സോൾഡ്യേഴ്സ് സാധിച്ചുകൊടുത്തത് 2009ലാണ്; ഡോൺ ബോസ്കോ ടൂർണമെൻറിൽ അനിൽകുമാർ എന്ന കൊച്ചാപ്പിയുടെ നായകത്വത്തിൽ ടീം ജയിച്ചുകയറിയപ്പോൾ ഓർമ വെച്ച നാൾതൊട്ടേയുള്ള ജിമ്മിയുടെ മോഹം പൂവണിയുകയായിരുന്നു. ''ആദ്യമായി സ്റ്റേജിൽ കയറി കപ്പ് വാങ്ങിയത് അന്നാണ്. സന്തോഷം കൊണ്ട് ഉറക്കംപോലും വന്നില്ല. കപ്പ് തലയുടെ അടുത്ത് വെച്ചാണ് കിടന്നിരുന്നത്'' ജിമ്മിയുടെ വാക്കുകളിൽ സ്റ്റേഡിയത്തിലെ ആവേശത്തിരയിളക്കം.
കഴിഞ്ഞ വർഷം മരിച്ച കൊച്ചാപ്പിയുടെ ഓർമക്കായി പുനർനാമകരണം ചെയ്ത അക്കാദമിയിൽ അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള 50ഓളം കുട്ടികൾ കാൽപന്തു തട്ടി പരിശീലിക്കുന്നുണ്ട്. 27 വയസ് പൂർത്തിയായ ഷൈൻ സോൾഡ്യേഴ്സ് സെവൻസും മറ്റുമായി സംസ്ഥാനത്തുടനീളം നൂറുകണക്കിന് ടൂർണമെൻറുകളിലും മത്സരങ്ങളിലും പങ്കെടുത്ത് അഭിമാനകരമായ നേട്ടം കൈവരിക്കുകയും ചെയ്തു. ജിമ്മിയുടെ ടീം,ജിമ്മിയുടെ അക്കാദമി എന്നാണ് ഇവ അറിയപ്പെടുന്നതുതന്നെ. പരിശീലനം തൃക്കാക്കര മുൻസിപ്പൽ ഗ്രൗണ്ടിൽ.
നെഹ്റു യുവകേന്ദ്രയുടെ അവാർഡുൾപ്പടെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ ജിമ്മി ജില്ല ഫുട്ബാൾ അസോസിയേഷൻറെ പ്രത്യേക ക്ഷണിതാവാണ്. കാലുകൊണ്ട് പന്തുതട്ടാനാവില്ലെങ്കിലും തൻറെ 'മക്കൾക്ക്' ചുവടുകളും തന്ത്രങ്ങളും പറഞ്ഞുകൊടുത്ത് ഓരോ പരിശീലന വേദിയിലും ഈ 49കാരനുണ്ടാവും, പരിമിതികളെ മനസിെൻറ ഗോൾപോസ്റ്റിലേക്ക് ഫ്രീ കിക്കടിച്ചുകൊണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.