ഇന്ത്യയെ വെല്ലാൻ ആരുണ്ട്‍?

ഓരോ കായികയിനത്തിൻെറയും ചരിത്രവും വളർച്ചയും പരിശോധിച്ചാൽ അത് ഒരു ജനതക്കിടയിൽ വേരോടുന്നതും പടർന്നു പിടിക്കുന്നതും ഘട്ടംഘട്ടമായ പ്രവർത്തനത്തിലൂടെയാണ്. ഇന്ന് ക്രിക്കറ്റ് എന്ന ആവേശം ഫുട്ബാളിനെ പോലെ സർവ്വവ്യാപി അല്ലെങ്കിൽ പോലും എല്ലാ ഭൂഖണ്ഡത്തിൻെറയും മുക്കിലും മൂലയിലും എത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് കെനിയയും കാനഡയും അയർലണ്ടും അഫ്ഗാനുമെല്ലാം ഓരോ ലോകകപ്പിൻെറയും അഭിവാജ്യ ഘടകങ്ങളാകുന്നത്. ഇന്നത്തെ അവരുടെ ഈ മിന്നലാട്ടങ്ങൾ തന്നെയാണ് നാളെ ആ മണ്ണിൽ ക്രിക്കറ്റിന്റെ വേരോട്ടത്തിനു വളമാകുന്നത്.

എല്ലാ കായിക ഇനം പരിശോധിച്ചാലും നമുക്കിത് വ്യക്തമാകും. 1998 വരെ ഒരു സാധാരണ ടീം ആയിരുന്ന ഫ്രാൻസ് ഇന്നത്തെ നിലയിലേക്ക് മേൽക്കോയ്മയുണ്ടാക്കിയത് സിദാനും സംഘവും ആദ്യമായി കൊണ്ടുവന്ന ലോകകപ്പിലൂടെ തന്നെയാണ്. ഇരുപത് വർഷങ്ങൾക്കിപ്പുറം വീണ്ടു ഒരു കിരീടം ഫ്രാൻസിലേക്ക് തന്നെ മടക്കി കൊണ്ടുപോകുമ്പോൾ, ഇപ്പോഴത്തെ ഫ്രഞ്ച് ഫുട്ബോൾ സമ്പത്ത് അളന്നു തിട്ടപ്പെടുത്താൻ കഴിയാത്തതാണ്. 98 ലോകകപ്പിൽ തന്നെ അരങ്ങേറ്റക്കാരായിരുന്ന ക്രോയേഷ്യയുടെ വളർച്ചയും അവരിന്നുണ്ടാക്കിയ നേട്ടങ്ങളും ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.
ഇന്ത്യൻ ജനതയുടെ മനസ്സിൽ ക്രിക്കറ്റ് എന്ന ആവേശവും ഇത്തരം ഒരു പ്രക്രിയയിലൂടെ കുടിയേറിയതാണ്. ഘട്ടം ഘട്ടമായി അത് വളർന്നു ഇന്ന് അതിന്റെ ഉച്ചസ്ഥായിയിൽ വിഹരിക്കുകയാണ്.

ഒരു ഫ്ലാഷ് ബാക്ക് കഥ
2003 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ ആസ്‌ട്രേലിയയെ ക്ഷണിക്കുന്നു. ഫൈനലിന് മുമ്പ് തന്നെ സാധ്യത കൽപിച്ചിരുന്ന ആസ്‌ട്രേലിയ ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ ഇന്ത്യൻ ബൗളിങ്ങിനെ പിച്ചി ചീന്തി. ഇന്ത്യൻ ക്രിക്കറ്റിലെ മാറ്റത്തിൻെറ വാഹകർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ട് ആസ്‌ട്രേലിയയുടെ ടോപ്പ് ഓർഡർ ബാറ്റ്സ്മാന്മാർ ഒരാൾ പോലും പരാജയം സമ്മതിക്കാതെ അവസരത്തിനൊത്ത് കത്തിക്കയറി. 50 ഓവർ പൂർത്തിയായപ്പോൾ, ലോകകപ്പ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും വലിയ ടോട്ടൽ മുന്നിലേക്ക് ഇട്ടുകൊടുത്ത് ഇന്ത്യയെ അവർ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. സച്ചിൻ എന്ന അച്ചുതണ്ട് തന്നെയായിരുന്നു അന്നും പ്രതീക്ഷ, കൂട്ടിന് ദ്രാവിഡും ഗാംഗുലിയും സെവാഗും. എന്നാൽ ബാറ്റിങ് തുടങ്ങി നിലയുറപ്പിക്കുന്നതിനു മുമ്പ് തന്നെ മാസ്റ്റർ ബ്ലാസ്റ്ററെ ആസ്‌ട്രേലിയ പറഞ്ഞയച്ചു.

സെവാഗും ദ്രാവിഡും പൊരുതി നോക്കി, ഗാംഗുലിയും യുവരാജും കൈഫും കാഴ്ചക്കാർ മാത്രമായി. 40ഓവർ തികയുന്നതിന് മുൻപ് 239 റൺസിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. 125 റൺസ് വ്യത്യാസത്തിൽ ഇന്ത്യയെ തോൽപിച്ചു ആസ്‌ട്രേലിയ മൂന്നാമതും ചാമ്പ്യന്മാരായി. ലോകകപ്പ് ഫൈനലിലെ പരാജയം ക്രിക്കറ്റിനെ അതിരറ്റ് സ്നേഹിക്കുന്ന ഇന്ത്യൻ ജനതക്ക് നിരാശയുടെ ദിനമായിരുന്നു സമ്മാനിച്ചത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആ ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയൊരു യുഗത്തിലേക്കുള്ള കാൽവെപ്പായിരുന്നു. ആധുനിക ക്രിക്കറ്റിലെ മഹാമേരുക്കളായി ഇന്ത്യ മാറിയതും ആ ടൂർണമെന്റിന്‌ ശേഷമാണ്.

അന്ന് ആസ്‌ട്രേലിയൻ ബാറ്റിങ് നിര ഇന്ത്യക്ക് മുന്നിലേക്ക് വച്ചു കൊടുത്ത ആ പടുകൂറ്റൻ സ്കോർ ഇന്നത്തെ റൺ ചെയ്‌സിലെ മുടിചൂടാ മന്നന്മാർക്ക് ബാലികേറാ മലയാകില്ല. മാത്രമല്ല ബൗളിങ് നിരയുടെ മൂർച്ചയും നന്നായിട്ട് അറിയേണ്ടി വരും. എന്നാൽ അന്നത്തെ ആ ഫൈനലിലേക്ക് ഇന്ത്യൻ നിരയെ എത്തിച്ചത് മനസിലാക്കാൻ അതിനും ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന മറ്റൊരു ഫ്ലാഷ് ബാക്ക് സ്റ്റോറി ചികയേണ്ടി വരും.

കൃത്യം ഇരുപത് വർഷങ്ങൾക്ക് മുമ്പ്, 1983ൽ ക്രിക്കറ്റിൻെറ മെക്കയായ ലോർഡ്സിൽ ആധുനിക ലോകകപ്പിൻെറ ആദ്യകാല രൂപമായ പ്രൊഡൻഷ്യൽ കപ്പിൻെറ ഫൈനൽ. മൂന്നാം കിരീടം എന്ന സ്വപ്നവുമായി ക്ലാസിക്കൽ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ക്ലെയ്‌വ് ലോയ്ഡും വിവിയൻ റിച്ചാർട്സിന്റെയും വെസ്റ്റിൻഡീസ്. എതിരാളികളായി എത്തിയതോ ക്രിക്കറ്റിൽ പറയത്തക്ക മേൽവിലാസമില്ലാത്ത ഇന്ത്യൻ ടീം. ടോസ് നേടിയ വെസ്റ്റിന്റീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുന്നു. മത്സരത്തിന്റെ ആദ്യപകുതിവരെ അസ്വാഭാവികമായി ഒന്നും സംഭവിക്കുന്നില്ല. എഴുതി തയ്യാറാക്കിയ തിരക്കഥപോലെ തന്നെ ശക്തരായ വെസ്റ്റിൻഡീസ് ടീം ഇന്ത്യയെ 183 റൺസിന്‌ ഓൾ ഔട്ട് ആക്കുന്നു.

എന്നാൽ ഇടവേള കഴിഞ്ഞു രണ്ടാം പകുതിയിൽ കഥ മാസ്സാക്കുന്നു, അതും മരണ മാസ്സ്.....! മൊഹിന്ദർ അമർനാഥും മദൻ ലാലും ബൽവീന്ദർ സന്ധുവും അടങ്ങുന്ന ബൗളിങ് നിര വെസ്റ്റിൻഡീസിനെ സുവർണ്ണ തലമുറയെ വരിഞ്ഞു മുറുക്കുന്നു. 52 ഓവറിൽ (ഏകദിന മത്സരങ്ങൾ 1987 വരെ 60 ഓവർ മത്സരങ്ങൾ ആയിരുന്നു.) 140 റൺസിന്‌ വിൻഡീസ് തേരോട്ടം അവസാനിച്ചു. കോമൺ വെൽത്ത് രാജ്യങ്ങളിൽ പടർന്നു പന്തലിച്ചിരുന്ന ആ ആവേശത്തിന് അന്ന് പുതിയൊരു അവകാശികൾകൂടി എഴുതി ചേർക്കപ്പെട്ടു. ലോകം അവരെ ചെകുത്താൻമാർ എന്ന് വിളിച്ചു അതെ ' കപിലിന്റെ ചെകുത്താന്മാർ'.


ഈ വിജയം ഇന്ത്യയിൽ ക്രിക്കറ്റിന്റെ വളർച്ചക്ക് ഹേതുവായി. പുതു തലമുറയുടെ വികാരമായി ക്രിക്കറ്റ് പതുക്കെ പടർന്നു പന്തലിച്ചു. യുവാക്കൾ ക്രിക്കറ്റിലേക്ക് ആകർഷിക്കപ്പെട്ടു. പിന്നീട് വന്ന സച്ചിനും ഗാംഗുലിയും അസ്ഹറുദീനും ദ്രാവിഡും കുംബ്ലയും സഹീറും എല്ലാം ആരാധകരുടെ സിരകളിൽ തീയായി പടർന്നു. ക്രിക്കറ്റ് താരങ്ങളെ അവർ ദൈവങ്ങളായി പോലും വാഴ്ത്തി. ഇവരുടെ ശൈലിയും കളി മികവും ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ തലത്തിലേക്ക് എത്തിച്ചു. ആഭ്യന്തര ലീഗിന്റെ വളർച്ചയും ISL പോലുള്ള ടൂർണമെന്റിന്റെ വരവും ഇന്ത്യയെ ക്രിക്കറ്റിന്റെ ഗനിയാക്കി മാറ്റി.


ഇന്ത്യൻ ക്രിക്കറ്റിൻെറ സ്വപ്നയാത്രകൾ
കാലക്രമേണ ഇന്ത്യയുടെ ഖനിയിൽ പുതിയ മുത്തുകളും പവിഴങ്ങളും കണ്ടെത്തി തുടങ്ങി, ധോണിയും യുവാരാജും കോഹ്‌ലിയും രോഹിതും നെഹ്‌റയും ബുവിയുമെല്ലാം പുതിയ അവതാരങ്ങളായി. 2007ൽ പ്രഥമ ട്വന്റി20 ലോകകപ്പ് നേടി രാജ്യം ക്രിക്കറ്റിലെ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. 2011 ഏകദിന ലോകകപ്പ് നേടി അവർ രാജ്യത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിലും വളർച്ചയിലും പുതിയൊരു അധ്യായം കൂടി ഏഴുതി ചേർത്തു.

ഇന്ന് ലോക ക്രിക്കറ്റിന്റെ എല്ലാ ഫോമാറ്റിലും ഓർഡറുകളിൽ ഇന്ത്യൻ അപ്രമാധിത്യം വ്യക്തമായും കാണാവുന്നതാണ്. ക്രിക്കറ്റിന്റെ മൂന്നു ഫോമാറ്റിലും മുൻ നിരയിൽ തന്നെ നിൽക്കുന്ന ടീം ഏത് എതിരാളികൾക്കും തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള മഹാമേരുവായി വളർന്നു കഴിഞ്ഞു. ലോകകപ്പെന്ന ചക്രവ്യൂഹത്തിൽ ഇനി ആ മഹാമേരുകളുടെ തേരോട്ടമാണ്.

Tags:    
News Summary - india's world cup dreams- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.