സിംഗപൂർ: നിലവിലെ ചാമ്പ്യൻ ഡിങ് ലിറെനെതിരെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നാലാം റൗണ്ടിൽ കറുത്ത കരുക്കളുമായി സമനില പിടിച്ച് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. അവധി ദിനത്തിനുശേഷം 42 നീക്കങ്ങൾക്കൊടുവിലായിരുന്നു ഇരുവരും സമനിലക്ക് സമ്മതിച്ചത്.
വെള്ളക്കരുക്കളുമായി കളിച്ച ഡിങ് ലിറെൻ സുക്കർടോർട്ട് ഓപണിങ്ങുമായാണ് തുടക്കം കുറിച്ചത്. കഴിഞ്ഞ കളിയിൽ തോൽവി സമ്മതിക്കേണ്ടിവന്ന ക്ഷീണം തീർക്കാൻ കരുതലോടെയായിരുന്നു ചൈനീസ് താരത്തിന്റെ ഓരോ നീക്കവും. സമനിലയോടെ നാലു മത്സരങ്ങളിൽ രണ്ടുവീതം പോയന്റുമായി ഗുകേഷും ലിറെനും തുല്യത പാലിക്കുകയാണ്. 14 റൗണ്ടുകളടങ്ങിയ പരമ്പരയിൽ ആദ്യം 7.5 പോയന്റ് നേടുന്നയാളാകും ചാമ്പ്യൻ.
ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി കരുക്കൾ നീക്കുന്ന 18 കാരനായ ഗുകേഷ് മൂന്നാം മത്സരം ജയിച്ചിരുന്നു. ആദ്യ അങ്കം ജയിച്ച് ലിറെൻ ലീഡെടുത്തതിനു പിറകെയായിരുന്നു സമനിലയും ജയവുമായി ഇന്ത്യൻ താരം ഒപ്പം പിടിച്ചത്. വിശ്വനാഥൻ ആനന്ദ് മാത്രമാണ് ഇന്ത്യയിൽനിന്ന് ലോക ചെസ് ചാമ്പ്യനായത്. കരിയറിൽ അഞ്ചുതവണയാണ് ആനന്ദ് ഇതേ കിരീടം സ്വന്തമാക്കിയത്. ശനിയാഴ്ച അഞ്ചാം റൗണ്ട് മത്സരം.
ഡിങ് ലിറെൻ ഇന്ന് തന്റെ കുതിരയെ പുറത്തിറക്കി ററ്റി ഓപ്പനിങ്ങിലാണ് കളി തുടങ്ങിയത്. സാധാരണ വെള്ളക്കരുക്കൾ കൊണ്ട് കളിക്കുന്നവർക്കു ലഭിക്കുന്ന മുൻതൂക്കം ലോകചാമ്പ്യന് ലഭിച്ചില്ല. ഏഴാമത്തെ നീക്കത്തിൽ ബിഷപ്പിനെ പരസ്പരം വെട്ടി മാറ്റിക്കൊണ്ട് തുടങ്ങിയ വെട്ടിമാറ്റൽ തുടർച്ചയായി നടന്നുകൊണ്ടിരുന്നു.
27ാമത്തെ നീക്കം നടന്നു കഴിഞ്ഞപ്പോൾ ബോർഡിൽ അവശേഷിച്ചത് രാജാവിനെ കൂടാതെ രാജ്ഞിയും ഒരു റൂക്കും 4 കാലാളുകളും മാത്രമായിരുന്നു. അതിൽ ഗുകേഷിന്റെ സി ഫൈലിലെ കാലാൾ പാസ്ഡ് പോൺ ആയിരുന്നെങ്കിലും വിജയിക്കാൻ അത് അപര്യാപ്തമായിരുന്നു. 36ാമത്തെ നീക്കത്തിൽ ക്വീനിനെ കൂടി പരസ്പരം വെട്ടിമാറ്റിയതോടെ സമനില ഉറപ്പായിരുന്നു.
കെ. രത്നാകരൻ (ഇന്റർനാഷനൽ മാസ്റ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.