ലോകകപ്പ് കൗണ്ട് ഡൗൺ അടയാളപ്പെടുത്തിയ

ഐക്കണിക് 2022 കെട്ടിടം

ദോഹ: നീലക്കടലും മരുഭൂമിയും കടന്ന് ആകാശയാത്ര ദോഹക്ക് മീതെയെത്തുേമ്പാൾ താഴേക്കു നോക്കാൻ മറക്കരുത്. പച്ചപ്പണിഞ്ഞ കളിമുറ്റങ്ങൾക്കും ആകാശംതൊടുന്ന ഉയരത്തിലെ കെട്ടിടങ്ങൾക്കുമിടയിൽ '2022' എന്നെഴുതിയ കൂറ്റനൊരു നിർമിതി നിങ്ങളെ കാത്തിരിപ്പുണ്ട്.

കാൽപന്ത് പ്രേമികളും സൂപ്പർതാരങ്ങളും അറബ് ലോകവും ഹൃദയത്തിലെഴുതിച്ചേർത്ത ലോകകപ്പ് വർഷത്തെ മനോഹരമായൊരു കെട്ടിടത്തിന്റെ മാതൃകയിൽ പണിതുതീർത്തതാണിത്. ലോകകപ്പിനായി ഒഴുകിയെത്തുന്ന ദശലക്ഷം കാണികൾക്കു മുമ്പാകെ ഖത്തർ ഒരുക്കിയ മറ്റൊരു അത്ഭുതകാഴ്ചയായ 'ഐക്കണിക് 2022' എന്ന കൂറ്റൻ കെട്ടിടം.

ഐക്കണിക് 2022നു മുന്നിൽനിന്ന് നെയ്മർ പകർത്തിയ സെൽഫി

ആകാശത്തുനിന്നും വശങ്ങളിൽനിന്നുമുള്ള കാഴ്ചയിൽ '2022' എന്നെഴുതിയ മാതൃകയിലുള്ള ഈ നിർമിതി ലോകകപ്പിന്റെ ഒരിക്കലും മായാത്ത ഓർമകൂടിയാണ്. ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ ഖലീഫ സ്റ്റേഡിയത്തിൽനിന്നും രാജ്യത്തിന്റെ കായിക നഴ്സറിയായ ആസ്പയർ അക്കാദമിയിൽനിന്നും നോക്കിയാൽ കാണുന്ന അകലെയാണ് സ്പോർട്സ് സിറ്റിയിൽ തലയുയർത്തിനിൽക്കുന്ന '2022' കെട്ടിടം.

ഒരു വർഷത്തെ മാതൃകയാക്കി നിർമിച്ച ലോകത്തെ ഏക കെട്ടിടം എന്ന പ്രത്യേകതയുമുണ്ട്. ലോകകപ്പ് വേദിയായ അൽതുമാമ സ്റ്റേഡിയം രൂപകൽപന ചെയ്ത ഖത്തരി ആർകിടെക്ട് ഇബ്രാഹിം ജെയ്ദയാണ് ഈ അത്ഭുത നിർമിതിക്ക് പിന്നിലും പ്രവർത്തിച്ചത്.

ഖത്തറിന്റെ മാത്രമല്ല, അറബ് മേഖലയുടെ തന്നെ നാഴികക്കല്ലായി മാറുന്ന 2022 എന്നവർഷത്തെ വേറിട്ട രീതിയിൽ അടയാളപ്പെടുത്തണമെന്നാണ് നിക്ഷേപകരായ നാസർ ബിൻ ഹമദ് ആൽഥാനിയുടെ ആവശ്യം. അദ്ദേഹത്തിന്റെ സ്വപ്നത്തെ ജെയ്ദ '2022' എന്ന രൂപത്തിൽ തന്നെ ഡിസൈൻ ചെയ്ത് ലോകകപ്പിനൊരുങ്ങുന്ന ഖത്തറിന് അത്ഭുതക്കാഴ്ചയാക്കി മാറ്റുകയായിരുന്നു.

രണ്ട് നിലകളോടെയുള്ള പോഡിയത്തിന് മുകളിലാണ് നാല് ബ്ലോക്കുകളിലായി 2022 രൂപപ്പെടുത്തിയത്. കഫേ, റസ്റ്റാറൻറ്, ഫിറ്റ്നസ് സെൻറർ, സൂപ്പർമാർക്കറ്റ്, ഹെൽത്ത് ക്ലബ്, സ്പോർട്സ് സെൻറർ, വിവിധ ഓഫിസുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഖത്തറിന്റെ ഹൃദയഭാഗത്തെ ഈ സമുച്ചയം. വിശേഷദിനങ്ങളിൽ ആശംസ സന്ദേശങ്ങളും അലങ്കാരവുമായി കെട്ടിടം ശ്രദ്ധേയമാകാറുണ്ട്.

Tags:    
News Summary - world cup-Iconic 2022-huge building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT