രാത്രിയിലും കൂട്ടിരിക്കുന്ന പാനസോണിക് ആക്ഷന്‍കാമറ

സാഹസിക വിനോദങ്ങള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നവര്‍ക്ക് ഉറ്റതോഴനാണ് ആക്ഷന്‍ കാമറകള്‍. മലകയറ്റവും ട്രെക്കിങ്ങും പര്‍വത സൈക്കിള്‍ സവാരിയും ചലിക്കുന്ന ചിത്രങ്ങളായി സൂക്ഷിക്കാന്‍ ആക്ഷന്‍ കാമറകളോളം വിരുത് മറ്റ് കാമറകള്‍ക്കില്ല. മഴയും മഞ്ഞും വെയിലും പൊടിയും വരെ മുന്നില്‍ വന്നാലും തളരാതെ നില്‍ക്കുന്നവയാണ് ആക്ഷന്‍കാമറകള്‍. നിലത്തുവീണാലും തകരില്ല. ഗോ പ്രോ, ഗാര്‍മിന്‍, ഡ്രിഫ്റ്റ്, അയണ്‍, സോണി, പാനസോണിക് തുടങ്ങിയവയാണ് ആക്ഷന്‍കാമറ വിപണിയില്‍ മത്സരിക്കുന്ന കമ്പനികള്‍. അമേരിക്കന്‍ കമ്പനി ഗോ പ്രോയാണ് ഇതിലെല്ലാം മുമ്പന്‍. 2010ലാണ് ഹീറോ എന്ന പേരില്‍ ഗോപ്രോ  ആക്ഷന്‍കാമറ ഇറക്കിത്തുടങ്ങിയത്. പോളറോയ്ഡ് അടുത്തിടെ ക്യൂബ് എന്ന ആക്ഷന്‍കാമറയുമായി എതിരിടാനത്തെിയിട്ടുണ്ട്. പാനസോണിക് ആണ് ഗോ പ്രോയെ തളക്കാന്‍ ഇപ്പോള്‍ തോട്ടിയുമായി വഴിയിലിറങ്ങിയത്. പാനസോണിക് HXA1 എന്നാണ് ഈ ആക്ഷന്‍ കാമറയുടെ ചെല്ലപ്പേര്. കണ്ടാല്‍ ഒരു ടോര്‍ച്ചുപോലിരിക്കും. 19,990 രൂപയാണ് വില. 45 ഗ്രാമാണ് ഭാരം, വെള്ളം,  ഒരുമാതിരി ആഘാതങ്ങള്‍, പൊടി എന്നിവയൊക്കെ പരമാവധി തടുത്തുനിര്‍ത്തും വിധമാണ് നിര്‍മാണം.

ഒന്നര മീറ്റര്‍ വരെ പൊക്കത്തില്‍നിന്ന് വീണാല്‍ ഒരു ചുക്കും സംഭവിക്കില്ല. 10 ഡിഗ്രി സെല്‍ഷ്യസില്‍ വരെ തണുത്തുമരക്കാതെ പണിയെടുത്തുകൊള്ളും. സാധാരണ ആക്ഷന്‍കാമറകള്‍ക്കില്ലാത്ത രാത്രി കാഴ്ചയും പാനസോണികിന്‍െറ ഈ അണിയാവുന്ന ആക്ഷന്‍കാമറക്കുണ്ട്. ഇരുട്ടില്‍ ഇന്‍ഫ്രാറെഡ് പ്രകാശത്തിലാണ് സാഹസികപ്രകടനങ്ങള്‍ പിടിച്ചെടുക്കുക. ഓലക്സ് (0 lux) നൈറ്റ്വിഷന്‍ മോഡാണ് ഇതിന് സഹായിക്കുക. 3.5 മെഗാപിക്സലും 1/3 ഇഞ്ചുമുള്ള മോസ് (മെറ്റല്‍ ഓക്സൈഡ് സെമി കണ്ടക്ടര്‍) സെന്‍സറാണ്. f/2.8 അപ്പര്‍ച്ചറുള്ള പാനസോണിക് ലെന്‍സാണ് ചിത്രങ്ങളെ കൃത്യമായി കാട്ടിക്കൊടുക്കുന്നത്. സെക്കന്‍ഡില്‍ 30 ഫ്രെയിം വീതം ഫുള്‍ ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ ഷൂട്ട് ചെയ്യാം. ഹൈ ഡെഫനിഷന്‍ സ്ളോമോഷന്‍ വീഡിയോകള്‍ സെക്കന്‍ഡില്‍ 60 ഫ്രെയിം നിരക്കിലും 480 പി വീഡിയോകള്‍ സെക്കന്‍ഡില്‍ 120 ഫ്രെയിം വീതവും എടുക്കാം. 1/2000 ആണ് ഷട്ടര്‍ വേഗം. പഴയ സീനുകള്‍ മായ്ച്ച് ഏറ്റവും പുതിയ സീനുകള്‍ നിലനിര്‍ത്താന്‍ ലൂപ് റെക്കോര്‍ഡിങ് മോഡ് സഹായിക്കും. ഈ സംവിധാനമുള്ളതിനാല്‍ ഒരു മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഷൂട്ട് ചെയ്യാന്‍ കഴിയും. മൈക്രോ എസ്ഡി (1ജി.ബി/2ജി.ബി), മൈക്രോ എസ്ഡി എച്ച്സി (4ജി.ബി/8ജി.ബി/16ജി.ബി/32ജി.ബി), മൈക്രോ എസ്ഡി എക്സ്സി (48ജി.ബി/64ജി.ബി/128ജി.ബി) മെമ്മറി കാര്‍ഡുകള്‍ ഇട്ട് ചിത്രം ശേഖരിക്കാം.

വൈ ഫൈ സൗകര്യമുള്ളതിനാല്‍ പാനസോണിക് സ്മാര്‍ട്ട്ഫോണ്‍ ആപ് വഴി എടുത്ത ചിത്രം സ്മാര്‍ട്ട്ഫോണിലേക്കോ ലാപിലേക്കോ മാറ്റാം. തോള്‍സഞ്ചി, കണ്ണട, ഹെല്‍മറ്റ്, ട്രൈപോഡ് എന്നിവയില്‍ ഘടിപ്പിച്ച് സാഹസികതകള്‍ പകര്‍ത്താം. തലയിലും സൈക്കിളിന്‍െറയും ബൈക്കിന്‍െറയും ഹാന്‍ഡില്‍ ബാറിലും ഉറപ്പിച്ചുനിര്‍ത്താം. വീഡിയോകാമറകളുടെ ഇരട്ട കാമറയായും കമ്പ്യൂട്ടറില്‍ വെബ് ക്യാമായും ഉപയോഗിക്കാം. ഗോപ്രോ ഹീറോ 4 സില്‍വര്‍, സോണി എക്സ് 1000 വിആര്‍, ജെവിസി അഡിക്ഷന്‍ GCXA2, ഗാര്‍മിന്‍ വിര്‍ബ് എക്സ്ഇ, ഡ്രിഫ്റ്റ് സ്റ്റെല്‍ത് 2, അയണ്‍ എയര്‍ പ്രോ 3 വൈ ഫൈ, ടോം ടോം ബാന്‍ഡിറ്റ് എന്നിവയാണ് അണിയാവുന്ന കാമറകളുടെ ലോകത്തെ പാനസോണിക്കിന്‍െറ എതിരാളികള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.