ആഗോള കമ്പനികള്‍ക്ക് പിന്നാലെ സ്മാര്‍ട്ട്വാച്ചുമായി ഇന്ത്യന്‍ കമ്പനിയും. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പിടിമുറുക്കുന്ന ഇന്ത്യന്‍’ കമ്പനി ഇന്‍റക്സ് ആണ് പൂര്‍ണമായും സ്വതന്ത്രമായ ആദ്യ സ്മാര്‍ട്ട്വാച്ചുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ കമ്പനി സ്പൈസ് പള്‍സ് എന്ന സ്മാര്‍ട്ട്വാച്ചുമായി വന്നെങ്കിലും ഓപറേറ്റിങ് സിസ്റ്റത്തിന്‍െറയും സവിശേഷതകളുടെയും പരിമിതികള്‍ മൂലം വിപണി പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ടിസന്‍ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള സാംസങ്ങിന്‍െറ ഗിയര്‍ എസ് ആണ് ഇപ്പോള്‍ സ്വതന്ത്ര വാച്ച് എന്ന നിലയില്‍ ഐറിസ്റ്റിന്‍െറ എതിരാളി. മോട്ടോ 360, സോണി സ്മാര്‍ട്ട്വാച്ച് , എല്‍ജി ജി വാച്ച് എന്നിങ്ങനെ നിരവധി സ്മാര്‍ട്ട്വാച്ചുകള്‍ ഉണ്ടെങ്കിലും അവയെല്ലാം സ്മാര്‍ട്ട്ഫോണുമായി ചേര്‍ന്ന് മാത്രമാണ് പ്രവര്‍ത്തിക്കുക. ചൈനയിലെ ഷാങ്ഹായിയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് 11,999 രൂപ വിലയുള്ള ഇന്‍റക്സ് ഐറിസ്റ്റ് (iRist) എന്ന സ്മാര്‍ട്ട്വാച്ച് പുറത്തിറക്കിയത്.
സ്മാര്‍ട്ട്വാച്ചുകള്‍ക്കായി മാത്രം ഗൂഗിള്‍ ഇറക്കിയ ആന്‍ഡ്രോയിഡ് വെയര്‍ എന്ന ഓപറേറ്റിങ് സിസ്റ്റത്തെ തഴഞ്ഞ് സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു ത്രീജി സിമ്മിടാവുന്ന ഈ വാച്ച് കോള്‍ വിളിക്കലും സ്വീകരിക്കലും അടക്കം ഒരു സ്മാര്‍ട്ട്ഫോണിന്‍െറ എല്ലാ ഉപയോഗങ്ങളും സാധ്യമാക്കും. ഇനി സിമ്മില്ളെങ്കില്‍ ഐ കണക്ട് ആപ് വഴി സ്മാര്‍ട്ട്ഫോണുമായി ചേര്‍ന്നും പ്രവര്‍ത്തിക്കും. ഇമെയില്‍, മെസേജ് എന്നിവ അയക്കാനും നമ്പര്‍ ഡയല്‍ ചെയ്യാനും ആപ്പുകള്‍ തുറക്കാനും അടക്കാനും വോയ്സ് അസിസ്റ്റന്‍റ് സഹായിക്കും. നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള പെഡോമീറ്ററും ഇതിലുണ്ട്. പുറത്തെ പൊഡിയും മഴവെള്ളവും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. ആംബിയന്‍റ് ലൈറ്റ് സെന്‍സര്‍ ഉള്ളതിനാല്‍ പുറത്തെ പ്രകാശത്തിന് അനുസരിച്ച് ഡിസ്പ്ളേ ബ്രൈറ്റ്നസ് ക്രമീകരിച്ചുകൊള്ളും. ആക്സലറോമീറ്റര്‍, കോമ്പസ്, ഗൈറോസ്കോപ് എന്നീ സെന്‍സറുകളും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. ഗൂഗിള്‍ പ്ളേ സ്റ്റോര്‍ തുറക്കാന്‍ പറ്റും. വാച്ചിന്‍െറ സ്ക്രീന് അനുസൃതമായി വാട്സ് ആപ്, ട്വിറ്റര്‍ അടക്കമുള്ള ആപ്പുകളെ ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ആന്‍ഡ്രോയിഡ് ആപ്പുകളും കുറഞ്ഞ റസലൂഷനുള്ള ചതുര സ്ക്രീനില്‍ പ്രവര്‍ത്തിക്കില്ല.
240x240 പിക്സല്‍ റസലൂഷനുള്ള 1.56 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ളേയാണ്. സഫയര്‍ ഗ്ളാസ് സംരക്ഷണമുള്ള സമചതുര സ്ക്രീനാണ് ഇതിന്. 44x44x14 മില്ലീമീറ്ററാണ് അഴകളവ്. ഫേസ് ഡിറ്റക്ഷന്‍, സീന്‍ മോഡ്, കളര്‍, സൂം ഇഫക്ട്, സെല്‍ഫ് ടൈമര്‍ എന്നിവയുള്ള അഞ്ച് മെഗാപിക്സല്‍ കാമറയുണ്ട്. 1.2 ജിഗാഹെര്‍ട്സ് മീഡിയടെക് MT6572 ഇരട്ട കോര്‍ പ്രോസസര്‍, 512 എം.ബി റാം, കാര്‍ഡിട്ട് 32 ജി.ബി വരെ കൂട്ടാവുന്ന നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, നാല് മണിക്കൂര്‍ സംസാരസമയവും 200 മണിക്കൂര്‍ സ്റ്റാന്‍ഡ്ബൈ സമയവും നല്‍കുന്ന 600 എം.എ.എച്ച് ബാറ്ററി, 83 ഗ്രാം ഭാരം എന്നിവയാണ് പ്രത്യേകതകള്‍. ബ്ളൂടൂത്ത് 4.0, വൈ ഫൈ, യു.എസ്.ബി, ജി.പി.എസ് കണക്ടിവിറ്റികളുണ്ട്. കറുപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങളിലാണ് ലഭിക്കുക. ആഗസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ സ്റ്റോറായ ഇ-ബേ വഴിയാണ് വില്‍പന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.