മായികലോകവും കച്ചവടതന്ത്രവും കൂട്ടിയിണക്കിയ ‘പോക്കിമോന്‍’

മുന്നിലുള്ള ലോകത്തെ മായികലോകവുമായി കൂട്ടിയിണക്കുന്ന വിവാദ മൊബൈല്‍ ഗെയിമാണ് പോക്കിമോന്‍ ഗോ. ഓസ്ട്രേലിയക്കും ന്യൂസിലാന്‍ഡിനും പിന്നാലെ ഇപ്പോള്‍ അമേരിക്കയിലും ജര്‍മനിയിലും അവതരിപ്പിച്ച പോക്കിമോന്‍ കോടിക്കണക്കിന് ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്. വിര്‍ച്വല്‍ റിയാലിറ്റി എന്ന പ്രതീതി യാഥാര്‍ഥ്യ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിന്‍റന്‍ഡോ എന്ന ജപ്പാന്‍ ഗെയിം കമ്പനി പുറത്തിറക്കിയ ഈ ഗെയിം പ്രവര്‍ത്തിക്കുന്നത്. സ്ക്രീനില്‍ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം. ഫോണിന്‍െറ കാമറയും ജി.പിഎസും ഉപയോഗിച്ച് ഗെയിം കഥാപാത്രങ്ങളെ നമ്മള്‍ സഞ്ചരിക്കുന്ന പരിസരത്തുനിന്ന് കണ്ടത്തെണം. കുട്ടികള്‍ വഴിതെറ്റുന്നുവെന്നും ദുരന്തത്തിനിടയാക്കുന്നുവെന്നും വിവാദം പരത്തിയ പോക്കിമോന്‍ ഗെയിം കളിക്കാന്‍ ജോലി വരെ വിദേശങ്ങളില്‍ രാജിവെച്ചവരുണ്ട്. അതുകൊണ്ട് കളിക്കുന്നവര്‍ തോട്ടിലും റോഡിലും പോയി ചാടാന്‍ ഇടവരാതെ സൂക്ഷിക്കുക. (സ്വന്തം റിസ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് കളിക്കണമെന്ന് സാരം)

കളി ഇങ്ങനെ
പോക്കിമോന്‍ കഥാപാത്രങ്ങളില്‍ ഏറ്റവും പ്രശസ്തന്‍ പിക്കാച്ചുവാണ്. ജപ്പാന്‍ സംസ്കാരത്തിലുള്ള ഒരു രാക്ഷസനാണ് പിക്കാച്ചു. സ്മാര്‍ട്ട്ഫോണിലെ ജിപിഎസ് വഴി നല്‍കുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതാണ് ഗെയിം. വഴികളിലും പുഴകളിലും കടലിലും എന്തിന് വെള്ളച്ചാട്ടത്തില്‍ വരെ പോക്കിമോനെ കണ്ടെന്നിരിക്കും.  സ്ക്രീനിലെ കാമറയിലൂടെയാണ് ഇവയെ കാണാന്‍ കഴിയുന്നത്. ഇവയെ പോക്കറ്റ്ബോള്‍ വച്ച് എറിഞ്ഞ് പിടിക്കണം. തുടര്‍ന്ന് ജിം എന്ന സ്ഥലത്ത് വച്ച് പോക്കിമോനുകള്‍ തമ്മില്‍ യുദ്ധം നടക്കും. വെള്ളക്കെട്ടുകളിലും നദികളും തിരക്കേറിയ റോഡിലും ബസിലും ട്രെയിനിലും മറ്റും ഗെയിം കഥാപാത്രങ്ങളെ കണ്ടെന്നുവരും. സ്ഥലകാലബോധമില്ലാതെ പോക്കിമോനെ പിടിക്കാന്‍ തിരക്കേറിയ റോഡിലും ആറ്റിലുമൊക്കെ ചാടിയാല്‍ അപകടമെന്ന് പറയേണ്ടതില്ലല്ളോ. പോക്കിമോന്‍ കുട്ടികളുടെ സുരക്ഷക്ക് ഏറെ ഭീഷണിയാണെന്നാണ് വിലയിരുത്തുന്നത്. പോക്കിമോനെ തേടിപ്പോകുന്ന കുട്ടികള്‍ കിണറ്റിലോ, പുഴയിലോ അല്ളെങ്കില്‍ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ എത്തിപ്പെടാന്‍ സാധ്യതയുണ്ട്. പോക്കിമോന്‍ കളിച്ച് മുന്നോട്ടുപോയ കുട്ടികള്‍ തെന്നിവീണിട്ടുണ്ട്, ചിലര്‍ വഴിയാത്രക്കാരുമായി ഇടിച്ചുവീണു. വാഹനമോടിക്കുമ്പോള്‍ ഗെയിം കളിച്ചുണ്ടാകുന്ന അപകടങ്ങളും വര്‍ധിക്കുന്നുണ്ട്. കുട്ടികള്‍ ഗെയിമിന് അടിമപ്പെടുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  മാനസികമായും ശരീരികമായും തളര്‍ന്ന നിരവധി കുട്ടികളാണ് ചികിത്സ തേടുന്നത്. ബാറുകള്‍ പോലുള്ള സ്ഥലങ്ങളില്‍ പോക്കിമോനെ തേടിപ്പോകുന്ന കുട്ടികള്‍ പിന്നീട് അവിടത്തെ സ്ഥിരം സന്ദര്‍ശകര്‍ ആകാനുള്ള സാധ്യതയുമുണ്ട്.

 

കച്ചവടതന്ത്രം
ഗെയിം കഥാപാത്രങ്ങളെ തെരഞ്ഞു നടക്കുന്ന കളിക്കാരെ അടുത്തുള്ള കച്ചവട വ്യാപാര സ്ഥലങ്ങളിലേക്കത്തെിക്കുന്ന കച്ചവട തന്ത്രമാണ് പോക്കിമോന്‍ പരീക്ഷിക്കുന്നത്.  കഥാപാത്രങ്ങളെ തിരഞ്ഞ് നടക്കുന്ന ഗെയിം കളിക്കാര്‍ അവയെ കണ്ടുപിടിക്കുന്നത് ഇങ്ങനെ ഉള്ള സ്ഥലങ്ങളിലായിരിക്കും. പോക്കിമോന്‍ സ്റ്റോപ്സ് എന്നാണ് ഇത്തരം സ്ഥലങ്ങളെ വിളിക്കുന്നത്. പോക്കിമോനെ കമ്പനി ഒളിപ്പിച്ചിരിക്കുന്നത് ചിലപ്പോള്‍ റസ്റ്ററന്‍റിലായിരിക്കും. ചിലപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍. ചിലപ്പോള്‍ തിയറ്ററില്‍. ഇവിടെയത്തുന്ന കളിക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്ന് സാധനം വാങ്ങാതെ പോകുമോ? ഈ ഗെയിം അവതരിപ്പിച്ചിതിന് ശേഷം ന്യൂയോര്‍ക്കിലെ ഒരു ബാറിലെ വില്‍പ്പന 75 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ബാര്‍ പരിസരത്ത് പോക്കിമാന്‍ കഥാപാത്രങ്ങളെ വിന്യസിക്കാന്‍ വെറും 10 ഡോളറാണ് കടയുടമക്ക് ചെലവായത് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

ചോരാതിരിക്കാന്‍ സൂക്ഷിക്കുക
‘പോക്കിമാന്‍ ഗോയെ മുതലെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ സജീവമായിട്ടുണ്ട്. തേര്‍ഡ്പാര്‍ട്ടി സോഴ്സുകളില്‍ നിന്നും ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇങ്ങനെ ഗെയിം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ഫോണിലേക്ക് വൈറസുകള്‍ എത്തിക്കാനും ഫോണില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തപ്പെടാനും സാധ്യതയുണ്ട്. ഇതുവരെ രണ്ടുതവണ പോക്കിമോന്‍ ഗെയിം ഹാക്ക് ചെയ്യപ്പട്ടു. ഇത് സൂചിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍  സാധ്യതയുണ്ടെന്നുള്ളതാണ്. ഗൂഗിള്‍പ്ളേ സ്റ്റോറിലും വ്യാജ പോക്കിമോന്‍ ഗെയിം ഉണ്ട്. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കളുടെ ഫോണ്‍ ലോക്കായിട്ടുമുണ്ട്.

ദുരന്തം തന്നെ
കംപ്യൂട്ടറിന്‍െറ മുന്നിലിരുന്ന് ഗെയിം കളിക്കുന്നതിലൂടെ കുട്ടികള്‍ അടക്കമുള്ള ഗെയിം പ്രേമികളുടെ ആരോഗ്യം നശിക്കുന്നുവെന്ന് പറഞ്ഞാണ് പോക്കിമോന്‍ ഗോ വരുന്നത്. ഗെയിം കളിക്കാന്‍ ആളുകള്‍ പുറത്ത് ഇറങ്ങി നടക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്നും ആവശ്യത്തിന് വ്യായാമം ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ പിക്കാച്ചുവെന്ന രാക്ഷസന് അടിമകളായി മാറുന്നതിലൂടെ മറ്റൊരു ദുരന്തമാകുമുണ്ടാകുക.

 

പിന്നാമ്പുറം:
പോക്കിമോന്‍ വേട്ടക്കാര്‍ പിക്കാച്ചുവിനെ തേടി അമേരിക്കയിലെ പൊലീസ് സ്റ്റേഷനുകളിലും കോടതി മുറികളിലും അന്യരുടെ പൂന്തോട്ടങ്ങളിലുമെല്ലാം ഇരച്ചുകയറുന്നുണ്ട്.  രാത്രിയില്‍ പോക്കിമോന്‍കളിച്ചിരുന്ന രണ്ടുപേരെ മോഷ്ടാക്കളാണെന്ന് കരുതി വെടിവച്ച സംഭവവും അമേരിക്കയിലുണ്ടായി. പോക്കിമോന്‍െറ പേരില്‍ കവര്‍ച്ചയും പിടിച്ചുപറിയും വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ചില ഗള്‍ഫ് രാജ്യങ്ങളില്‍ പോക്കിമോന്‍ നിരോധിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ് ഫോണില്‍ പോക്കിമോന്‍ കളിക്കാന്‍ വഴി ഇതാ! 

മുന്നറിയിപ്പ്: പ്ളേസ്റ്റോറില്‍ നിന്നല്ലാതെ മറ്റ് ഉറവിടങ്ങളില്‍ നിന്ന് ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അപകടകരമാണ്. വൈറസ് ബാധക്കും വിവരങ്ങള്‍ ചോരാനും സാധ്യതയുണ്ട്. ആയതിനാല്‍ സ്വന്തം റിസ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് കളിക്കണം. 

1. https://apkpure.com/pokémongo/com.nianticlabs.pokemongo എന്ന ലിങ്കില്‍ നിന്നും പോക്കിമോന്‍െറ ‘എ.പി.കെ’ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.

2. കംപ്യൂട്ടറിലാണ് എ.പി.കെ ഡൗണ്‍ലോഡ് ചെയ്തതെങ്കില്‍ യു.എസ്.ബി കേബിള്‍ ഉപയോഗിച്ച് അത് ഫോണ്‍ മെമ്മറിയിലേക്ക് കോപ്പി ചെയ്യുക.

3. തുടര്‍ന്ന് ഫോണിന്‍െറ സെറ്റിങ്സില്‍ പോയി, സെക്യുരിറ്റി എന്ന വിഭാഗത്തില്‍ ഇന്‍സ്റ്റാള്‍ ഫ്രം അണ്‍നോണ്‍ സോഴ്സ് എന്നത് ടിക് ചെയ്യുക.

4. ഫോണിന്‍െറ ഡൗണ്‍ലോഡ് ഫോള്‍ഡറില്‍ പോയി പോക്കിമോന്‍ എ.പി.കെ ഇന്‍സ്റ്റാള്‍ ചെയ്യണം.

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണം. ജിപിഎസ് സംവിധാനമുള്ള സ്മാര്‍ട്ട്ഫോണില്‍ മാത്രമേ ഈ ഗെയിം കളിക്കാനാകൂ.

3ജി/4ജി നെറ്റുവര്‍ക്കും വേണം. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ഐഫോണിന്‍െറ ആപ്പ് സ്റ്റോറുകളിലാണ് പോക്കിമാന്‍മാന്‍ ആദ്യം ലഭ്യമായത്. പോക്കിമാന്‍ എ.പി.കെ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഫോണില്‍ പ്രവര്‍ത്തിക്കുന്നില്ളെങ്കില്‍ റീജിയന്‍ ഓസ്ട്രേലിയയായി സെറ്റ് ചെയ്യണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.