അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഏറെക്കാലമായി ഓഗ്‌മെന്‍റഡ് റിയാലിറ്റിയുടെ പിറകെ കൂടിയിരിക്കുകയാണ്. അതിന്‍റെ ഭാഗമായി പുതിയൊരു എ.ആർ ഹെഡ്സെറ്റിന്റെ പണിപ്പുരയിലാണ് ടിം കുക്കിന്‍റെ കമ്പനി. എന്നാൽ, ആപ്പിൾ സ്വപ്നം കാണുന്ന എ.ആർ ലോകത്തെ കുറിച്ച് കൗതുകം നിറഞ്ഞ റിപ്പോർട്ടുമായി എത്തിയിരിക്കുകയാണ് പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോ.
അടുത്ത 10 വർഷത്തിനുള്ളിൽ ആപ്പിൾ ഐഫോൺ നിർമാണം നിർത്തലാക്കുമെന്നും അതിന്‍റെ സ്ഥാനത്തേക്ക് എആർ സാങ്കേതികവിദ്യയെ പ്രതിഷ്ഠിക്കുമെന്നുമാണ് കുവോ സൂചന നൽകുന്നത്. കേൾക്കുേമ്പാൾ മണ്ടത്തരമെന്ന് തോന്നുമെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് കുവോ ഉറപ്പിച്ച് പറയുന്നത്.
ആപ്പിൾ എ.ആർ ഹെഡ്‌സെറ്റിന് 10 വർഷത്തിനുള്ളിൽ 1 ബില്യൺ ഉപയോക്താക്കളെ നേടാൻ സാധിക്കുന്നുണ്ടെങ്കിൽ ഈ വിചിത്രമായ തീരുമാനത്തിന് കമ്പനി രൂപം നൽകിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഐഫോണുകൾക്ക് നിലവിലുള്ള ഡിമാന്‍റ് ഇതുവരെ ലോഞ്ച് ചെയ്യാത്ത എ.ആർ ഹെഡ്സെറ്റിനും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ആപ്പിൾ മുന്നോട്ടുവെക്കുന്നത്.
"നിലവിൽ, ലോകത്താകമാനമായി ഒരു ബില്യണിലധികം സജീവ ഐഫോൺ ഉപയോക്താക്കളുണ്ട്. പത്ത് വർഷത്തിനുള്ളിൽ ഐഫോണിന് പകരം എ.ആർ നൽകുക എന്നതാണ് ആപ്പിളിന്‍റെ ലക്ഷ്യമെങ്കിൽ, അത്രയും കാലത്തിനുള്ളിൽ ആപ്പിൾ കുറഞ്ഞത് ഒരു ബില്യൺ എആർ ഉപകരണങ്ങളെങ്കിലും വിൽക്കും. -9to5Mac റിപ്പോർട്ടിൽ, കുവോ പറയുന്നു.
കൂടാതെ, ഐഫോണുകൾക്ക് പകരമായി പ്രതിഷ്ഠിക്കണമെങ്കിൽ AR ഹെഡ്‌സെറ്റുൾക്ക് നിലവിലുള്ള മിക്ക ആപ്ലിക്കേഷനുകളുമായും ചേർന്ന് പ്രവർത്തിക്കാൻ കഴിയണം. പക്ഷേ, ഐഫോൺ ഇല്ലാതെ എ.ആർ ഹെഡ്‌സെറ്റ് പ്രവർത്തിക്കുമോ..? എന്ന ചോദ്യത്തിന് 'പ്രവർത്തിക്കും' എന്ന ഉത്തരമാണ് കുവോ തരുന്നത്.
മറ്റ് ആപ്പിൾ ഉപകരണങ്ങളെ ആശ്രയിക്കാതെ, സ്വന്തമായൊരു എക്കോസിസ്റ്റം ഉണ്ടെങ്കിൽ എ.ആർ ഹെഡ്സെറ്റുകൾ അത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്നും കുവോ ചൂണ്ടിക്കാട്ടി, കൂടാതെ, ഇത് ഭാവിയിൽ എപ്പോഴെങ്കിലും സംഭവിച്ചേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വരാനിരിക്കുന്ന AR ഹെഡ്‌സെറ്റ് മാക്-ലെവലിലുള്ള കംപ്യൂട്ടിങ് വൈദഗ്ദ്ധ്യത്തോടെ വരുമെന്നും സൂചനയുണ്ട്. അത് മാക്ബുക്ക്, ഐപാഡ്, ഐഫോൺ എന്നിവയുടെ ആവശ്യകത തന്നെ ഇല്ലാതെയാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അത് സാധ്യമാക്കാനായി നിരവധി സമഗ്രമായ ആപ്പുകൾ പുതിയ എ.ആർ ഗിയർ പിന്തുണയ്ക്കുകയും ചെയ്യും.
ആപ്പിൾ AR ഹെഡ്‌സെറ്റ് 2022-ന്‍റെ നാലാം പാദത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹെഡ്സെറ്റുകൾ രണ്ട് പ്രോസസറുകളുമായും വന്നേക്കാം. ഹൈ-എൻഡ് വകഭേദം മാക്ബുക്കുകൾക്ക് കരുത്തേകുന്ന പുതിയ M1-ചിപ്സെറ്റുമായെത്തുേമ്പാൾ രണ്ടാമത്തേത് സെൻസറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടിംഗിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചുള്ളതുമായിരിക്കും. രണ്ട് സോണി 4കെ മൈക്രോ ഒഎൽഇഡി സ്ക്രീനുകളും VR പിന്തുണയുമായിരിക്കും മറ്റ് പ്രത്യേകതകൾ.
എന്താണ് ഓഗ്‌മെന്‍റഡ് റിയാലിറ്റി
യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡായ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്‍റെ തന്നെ മികച്ചൊരു അനുഭവം തരുന്ന സാങ്കേതികവിദ്യയാണ് ആണ് ഓഗ്‌മെന്‍റഡ് റിയാലിറ്റി അല്ലെങ്കിൽ എ.ആർ എന്ന് പറയുന്നത്.
വെർച്വൽ റിയാലിറ്റി (വി.ആർ) പൂർണമായും സങ്കല്പികമായ അനുഭവമാണ് നൽകുന്നതെങ്കിൽ യാഥാർഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്‌മെന്‍റഡ് റിയാലിറ്റി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.