ചൂടായി, പിന്നാലെ അസ്വാഭാവിക ശബ്ദം, പൊട്ടിത്തെറി; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് ആപ്പി​ൾ വാച്ച് യൂസർ

സ്മാർട്ട് വാച്ചുകളുടെ രാജാവെന്ന് വിശേഷിപ്പിക്കാവുന്ന ആപ്പിൾ വാച്ച് പലരുടേയും ജീവൻ രക്ഷിച്ച കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. ഐ-വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചറും ഹാർട്ട് റേറ്റ് അളക്കുന്ന ഫീച്ചറുമൊക്കെ വലിയ രീതിയിൽ യൂസർമാർക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. എന്നാൽ, ആപ്പിൾ വാച്ച് പ്രേമികളെ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് 9ടു5മാക് (9to5Mac).


ആപ്പിൾ വാച്ച് സീരീസ് 7 ചൂടായി പൊട്ടിത്തെറിച്ചെന്ന് അവകാശപ്പെട്ട് ഒരു യൂസർ രംഗത്തുവന്നിരിക്കുകയാണ്. ധരിച്ചിരിക്കവേ വാച്ച് നന്നായി ചൂടാകുന്നതായി അനുഭവപ്പെട്ടു. പരിശോധിച്ചപ്പോൾ വാച്ചിന്റെ പിൻഭാഗം പൊട്ടിയതായും കണ്ടെത്തി. താപനില ഉയരുന്നതിനാൽ ഉപകരണം ഉടനടി ഓഫ് ചെയ്യാനുള്ള മുന്നറിയിപ്പ് വാച്ചിന്റെ ഡിസ്‍പ്ലേയിൽ മിന്നാൻ തുടങ്ങിയിരുന്നു. ഉപയോക്താവ് ഉടൻ തന്നെ ആപ്പിൾ സപ്പോർട്ടുമായി ബന്ധപ്പെടുകയും എല്ലാ കാര്യങ്ങളും വിശദീകരിക്കുകയും ചെയ്തു. തങ്ങൾ തിരിച്ചുവിളിക്കുന്നത് വരെ വാച്ചിൽ തൊടരുതെന്ന മുന്നറിയിപ്പായിരുന്നു ആപ്പിൾ നൽകിയത്.

Full View

അടുത്ത ദിവസം രാവിലെ ഉപയോക്താവ് വാച്ച് കൈയ്യിലെടുത്ത് നോക്കിയപ്പോൾ കൂടുതൽ ചൂടായതായി കണ്ടെത്തി, കൂടാതെ ഡിസ്‌പ്ലേയും പൊട്ടിയിരുന്നു. ആപ്പിൾ സപ്പോർട്ടിലേക്ക് അയച്ചുകൊടുക്കുന്നതിനായി വാച്ചിന്റെ ചിത്രമെടുക്കാൻ തുടങ്ങിയപ്പോൾ അകത്ത് നിന്നും അസ്വാഭാവിക ശബ്ദങ്ങൾ വരാൻ തുടങ്ങി. ഭയം കാരണം ജനാലയിലൂടെ പുറത്തേക്ക് എറിയുമ്പോൾ തന്നെ വാച്ച് പൊട്ടിത്തെറിച്ചതായി അയാൾ 9ടു5മാകിനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ വാച്ച് ഉപയോഗിച്ചിരുന്നയാൾ അയാളുടെ വീട്ടിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.


ലെഡ് കാരണമുള്ള വിഷബാധയെക്കുറിച്ചുള്ള ആശങ്ക കാരണം വാച്ചുടമ ഉടൻ ചികിത്സ തേടിയിരുന്നു. എന്നാൽ, ആപ്പിൾ വാച്ചിൽ വിഷബാധയുണ്ടാക്കാൻ ആവശ്യമായ ലെഡ് ഇല്ലെന്നാണ് 9to5Mac അവരുടെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, അമേരിക്കൻ ടെക് ഭീമൻ നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. നടന്ന കാര്യങ്ങൾ പരസ്യമാക്കരുതെന്ന് വാച്ചുടമയോട് ആപ്പിൾ ആവശ്യപ്പെട്ടതായും എന്നാൽ, അയാൾ അത് നിരസിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Apple Watch Series 7 Overheats and blows up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.