ജിയോ ഇ-സിം പിന്തുണയുള്ള സ്മാർട്ട് വാച്ചുമായി ബോട്ട്; ലൂണാർ പ്രോ എൽ.ടി.ഇ ലോഞ്ച് ചെയ്തു

ഇന്ത്യൻ വെയറബിൾ ബ്രാൻഡായ ബോട്ട് ( BOAt ) ആദ്യമായി ഇ-സിം പിന്തുണയുള്ള സ്മാർട്ട് വാച്ചുമായി എത്തിയിരിക്കുകയാണ്. ബോട്ടിന്റെ ലൂണാർ സീരീസിന് കീഴിലാണ് ലൂണാർ പ്രോ എൽ.ടി.ഇ ( Lunar Pro LTE ) എന്ന പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചത്. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ലോഞ്ച് ചെയ്തിരിക്കുന്ന സ്മാർട്ട് വാച്ചിന്റെ പ്രധാന ആകർഷണം ജിയോ ഇ-സിം പിന്തുണയാണ്.


വാച്ചിൽ ഇ-സിം വരുന്നതിലൂടെ, സ്മാർട്ട്‌ഫോണിന്റെ സാന്നിധ്യമില്ലാതെ തന്നെ വാച്ച് മാത്രം ഉപയോഗിച്ച് കോളുകൾ ചെയ്യാനോ എടുക്കാനോ സാധിക്കും. സാധാരണയായി ബ്ലൂടൂത്ത് വഴിയുള്ള കോളിങ് മാ​ത്രമാണ് ബോട്ട് പോലുള്ള കമ്പനികളുടെ സ്മാർട്ട് വാച്ചുകളിലുണ്ടായിരുന്നത്. എപ്പോഴും ഫോൺ അടുത്തുണ്ടാകണം എന്നതാണ് അതിന്റെ പ്രധാന പോരായ്മ. എന്നാൽ, ജിയോ ഇ-സിം ഉപയോഗിച്ച്, നിങ്ങൾക്ക് സ്മാർട്ട് വാച്ച് വഴി നേരിട്ട് സന്ദേശങ്ങൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.

‘ഞങ്ങളുടെ ആദ്യത്തെ എൽ.ടി.ഇ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നതിന് ജിയോയുമായി സഹകരിക്കുന്നതിൽ ആവേശഭരിതരാണെ’ന്ന് ബോട്ട് സഹസ്ഥാപകനും സി.എം.ഒയുമായ അമൻ ഗുപ്ത പറഞ്ഞു. ‘എല്ലാവർക്കും അത്യാധുനികവും മികച്ചതുമായ സാങ്കേതികവിദ്യ ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ഒപ്പം ജിയോയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവെപ്പാണ്’.


‘‘ഞങ്ങളുടെ എൽ.ടി.ഇ സ്‌മാർട്ട് വാച്ച് ഇന്ത്യയിലെ ആളുകൾക്ക് അവരുടെ സ്‌മാർട്ട്‌ഫോണുകൾ കൊണ്ടുപോകാതെ തന്നെ എപ്പോഴും കണക്‌ടായിരിക്കാനുള്ള സൗകര്യം നൽകുന്ന ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’’. - അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രോട്ട് ലൂണാർ പ്രോ എൽ.ടി.ഇ സവിശേഷതകൾ

വാച്ചിന് വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ബോട്ട് നൽകിയിരിക്കുന്നത്. തെളിച്ചമുള്ളതും വ്യക്തവുമായ അനുഭവം ഡിസ്‍പ്ലേ സമ്മാനിക്കുമെന്ന് ബോട്ട് അവകാശപ്പെടുന്നു. ആരോഗ്യ ട്രാക്കിങ്ങിനായി നിരവധി സെൻസറുകളും വാച്ചിൽ ഉൾകൊള്ളിച്ചിട്ടുണ്ട്. അതിൽ ഹൃദയമിടിപ്പ് മോണിറ്റർ, ബ്ലഡ് ഓക്സിജൻ മോണിറ്റർ, സ്ലീപ്പ് ട്രാക്കർ, പിരീഡ് ട്രാക്കർ എന്നിവ ഉൾപ്പെടുന്നു.


വിവിധ ശാരീരിക പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനും ലൂണാർ പ്രോ എൽ.ടി.ഇ നിങ്ങൾക്ക് ഉപയോഗിക്കാം, അതുവഴി നിങ്ങളുടെ നിശ്ചിത ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യാം. വിപണിയിലെ മറ്റ് സ്മാർട്ട് വാച്ചുകൾ പോലെ, വ്യത്യസ്ത തരത്തിലുള്ള പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നതിന് ഒന്നിലധികം സ്പോർട്സ് മോഡുകൾ നൽകിയിട്ടുണ്ട്. സ്മാർട്ട് വാച്ചിന് ഇൻബിൽറ്റ് ജി.പി.എസ് പിന്തുണയുമുണ്ട്, അത് കൃത്യമായ റൂട്ട് ട്രാക്കിങ് അനുവദിക്കുന്നു. കൂടാതെ നടത്തം, ഓട്ടം, കാൽനടയാത്ര, സൈക്ലിങ് എന്നിവയ്ക്ക് അനുയോജ്യമാണ്.

വരും ദിവസങ്ങളിൽ ഓൺലൈൻ - ഓഫ്‍ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വാച്ച് എല്ലാവർക്കും ലഭ്യമാകും. മറ്റ് എൽ.ടി.ഇ സ്മാട്ട് വാച്ചുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാകും ബോട്ട് ലൂണാർ പ്രോ വിപണിയിലെത്തുക. 

Tags:    
News Summary - boAt Launches Latest Smartwatch with Jio eSIM Compatibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.