ന്യൂഡൽഹി: ചരക്കുകടത്തിന് അടക്കം ഡ്രോൺ ഉപയോഗം വിപുലപ്പെടുത്താൻ നിയന്ത്രണങ്ങളിൽ ഇളവുമായി കേന്ദ്രസർക്കാർ. രജിസ്ട്രേഷനോ ലൈസൻസോ നൽകുന്നതിനുമുമ്പ് ഡ്രോണിന് സുരക്ഷാപരമായ അനുമതി വേണ്ട. ഇതടക്കം നിരവധി ഇളവുകളോടെ വ്യോമയാന മന്ത്രാലയം 'ഡ്രോൺ റൂൾസ് 2021' വിജ്ഞാപനം ചെയ്തു.
ഡ്രോൺ അനുമതിക്ക് വേണ്ടിയുള്ള നിശ്ചിത ഫോറങ്ങൾ, അനുമതികൾ എന്നിവയുടെ എണ്ണം 25ൽനിന്ന് അഞ്ചായി കുറച്ചു. അനുമതിക്ക് വേണ്ട ഫീസ് നാമമാത്രമാക്കി. ഡ്രോൺ ടാക്സികളുടെ ഭാരം 300ൽനിന്ന് 500 കിലോഗ്രാമായി വർധിപ്പിച്ചു. ചരക്കുകടത്തിന് പ്രത്യേക ഡ്രോൺ പാത സജ്ജീകരിക്കും.
ഇപ്പോൾ പ്രവർത്തിക്കുന്ന ഡ്രോണുകൾ രജിസ്റ്റർ ചെയ്യുന്നതിനടക്കം ഓൺലൈൻ സംവിധാനം. പൈലറ്റ് ലൈസൻസ് ഓൺലൈനിൽ. വാണിജ്യേതര നാനോ ഡ്രോൺ പറത്താൻ പൈലറ്റ് ലൈസൻസ് വേണ്ട. കൈമാറ്റത്തിനും രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും നടപടി ലളിതമാക്കി. ഡ്രോൺ പരിശീലനവും പരീക്ഷയും അംഗീകൃത ഡ്രോൺ സ്കൂളിൽ. പരിശീലന മാനദണ്ഡങ്ങൾ വ്യോമയാന അതോറിറ്റി നിർദേശിക്കും.
ചട്ടലംഘനത്തിന് പരമാവധി പിഴ ഒരുലക്ഷം രൂപയായി കുറച്ചു. മറ്റു നിയമങ്ങൾ പാലിക്കാതെ വന്നാൽ പിഴ പുറമെ. ഡ്രോൺ ഇറക്കുമതി വിദേശ വ്യാപാര ഡയറക്ടർ ജനറൽ മുഖേന മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായ സൗഹൃദ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആളില്ലാവിമാന സജ്ജീകരണ പ്രോത്സാഹന കൗൺസിൽ സ്ഥാപിക്കും. വ്യവസായികളും സർക്കാർ ഏജൻസികളും മുന്നോട്ടുവെച്ച മാറ്റങ്ങൾ പരിഗണിച്ചാണ് അന്തിമചട്ടം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.