ഇന്ത്യയിലെ ടാബ്‍ലറ്റ് പ്രേമികൾക്കായി ഒരു ബജറ്റ് ടാബുമായി എത്തിയിരിക്കുകയാണ് നോകിയ. കഴിഞ്ഞ വർഷം അവതരിപ്പിച്ച ടി20 എന്ന മോഡലിന്റെ സക്സസറായ ടാബ് ടി21 ആണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളും യൂട്യൂബും വലിയ പ്രചാരം നേടുന്ന ഈ കാലത്ത് മികച്ച ഡിസ്‍പ്ലേ സവിശേഷത ഉൾകൊള്ളിച്ചാണ് നോകിയ പുതിയ ടാബുമായി എത്തിയത്.
നോക്കിയ ടി21-ന് 10.36 ഇഞ്ച് വലിപ്പമുള്ള 2K ഡിസ്‍പ്ലേയാണ് നൽകിയത്. ഡിസ്‍പ്ലേക്ക് SGS ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനും നെറ്റ്ഫ്ലിക്സിൽ HD ഉള്ളടക്കത്തിനുള്ള പിന്തുണയും ഉണ്ട്. ടാബിന് സ്റ്റൈലസ് പിന്തുണയും നോകിയ ഇത്തവണ നൽകിയിട്ടുണ്ട്.
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള നോകിയ ടി21 ടാബിന് കരുത്ത് പകരുന്നത് യുണിസോക്ക് ടി612 ചിപ്‌സെറ്റാണ്. സ്റ്റോറേജ് മെമ്മറി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കാം.
8 മെഗാപിക്സൽ പിൻ ക്യാമറയും 8 എംപിയുടെ തന്നെ സെൽഫി ഷൂട്ടറും ടാബിന് നോകിയ നൽകിയിട്ടുണ്ട്. 800 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷവും 80% ശേഷി നിലനിൽക്കുന്ന 8,200mAh ബാറ്ററിയാണ് ടി21ൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഇത് 18W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 12-ൽ പ്രവർത്തിപ്പിക്കുന്ന ടി21ന് രണ്ട് പ്രധാന ആൻഡ്രോയ്ഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
ഗൂഗിൾ കിഡ്സ് സ്പേസ് (Google Kids Space), എന്റർടെയിൻമെന്റ് സ്പേസ് (Entertainment Space) എന്നിവയുടെ പിന്തുണ, കൂടാതെ, OZO സ്പേഷ്യൽ ഓഡിയോ, NFC പിന്തുണ, 4G, ഫേഷ്യൽ റെകഗ്നിഷൻ, IP52 റേറ്റിംഗ് എന്നിവയോടെയാണ് നോക്കിയ T21 വരുന്നത്. 60% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ആന്റിന കവറുള്ള അലുമിനിയം ബിൽഡാണ് ടി21ന്.
നോക്കിയ ടി21-ന്റെ വൈഫൈ മാത്രമുള്ള വേരിയന്റിന് 17,999 രൂപയും എൽടിഇ മോഡലിന് 18,999 രൂപയുമാണ് നൽകേണ്ടത്. മുൻകൂട്ടി ബുക്ക് ചെയ്താൽ 1000 രൂപ കിഴിവ് ലഭിക്കും. കൂടാതെ, ഒരു ലോഞ്ച് ഓഫറായി, ഉപഭോക്താക്കൾക്ക് 1999 രൂപയുടെ സൗജന്യ ഫ്ലിപ്പ് കവർ ലഭിക്കും. നോകിയ ഡോട്ട് കോമിലൂടെയും ഓഫ്ലൈനായും ജനുവരി 22ന് ടി21 പ്രീ-ബുക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.