ചൂട് സഹിക്കാനാവുന്നില്ലേ..? ധരിച്ച് നടക്കാവുന്ന എ.സി-യുമായി സോണി;റിയോൺ പോക്കറ്റ് 5-നെ കുറിച്ചറിയാം...

വേനൽചൂടിൽ വെന്തുരുകകയാണ് നാമെല്ലാം. നാൽപതും കടന്നുപോകുന്ന താപനിലയും അതിനൊപ്പം അന്തരീക്ഷത്തില്‍ അധികമായുള്ള ഹ്യുമിഡിറ്റിയുടെ (ഈർപ്പം) സാന്നിധ്യവുമെല്ലാം വേനൽ കാലത്തെ ജീവിതം ദുസ്സഹമാക്കുകയാണ്. വൈകുന്നേരങ്ങളിൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

വേനലിന് പകൽസമയത്ത് പുറത്തിറങ്ങേണ്ടി വരുമ്പോൾ ‘പോക്കറ്റിൽ ഇട്ട് നടക്കാവുന്ന എ.സി ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ’ എ​​​ന്നൊക്കെ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ. എന്ത് നല്ല നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞ് അതിനെ തള്ളിക്കളയാൻ വരട്ടെ, ‘ധരിച്ച് നടക്കാവുന്ന എ.സിയുമായി എത്തിയിരിക്കുകയാണ് ജാപനീസ് ടെക് ഭീമനായ സോണി.


അതെ, റിയോൺ പോക്കറ്റ് 5 (Reon Pocket 5) എന്ന് പേരുള്ള ധരിക്കാവുന്ന എയർകണ്ടീഷണറാണ് സമ്മറിൽ നിങ്ങൾ അറിഞ്ഞിരക്കേണ്ട അത്ഭുത ഗാഡ്ജറ്റ്. നിങ്ങളുടെ ഷർട്ടിൻ്റെയോ ടീ-ഷർട്ടിൻ്റെയോ പിൻഭാഗത്ത് സ്ഥാപിക്കാവുന്ന തരത്തിലുള്ളതാണീ ​റിയോൺ പോക്കറ്റ് 5. ഏപ്രില്‍ 23 നാണ് ഇത് അവതരിപ്പിച്ചത്.

'സ്മാര്‍ട് വെയറബിള്‍ തെര്‍മോ ഡിവൈസ് കിറ്റ്' എന്നാണ് ഈ ഉപകരണത്തെ സോണി വിശേഷിപ്പിക്കുന്നത്. കഴുത്തിന് പിറകിലായിട്ടാണ് ഇത് ധരിക്കേണ്ടത്. ചൂടുകാലത്തും ശൈത്യകാലത്തും റിയോൺ പോക്കറ്റ് 5 ഒരേപോലെ ഉപയോഗപ്പെടുത്താം. അഞ്ച് കൂളിങ് ലെവലുകളും നാല് വാമിങ് ലെവലുകളും ഈ ഉപകരണത്തിലുണ്ട്. തിരക്കേറിയ തീവണ്ടിയാത്രയിലും, ബസ് യാത്രയിലുമൊക്കെയാണ് ഇത് കൂടുതൽ ഉപയോഗപ്രദമാകുന്നത്. 17 മണിക്കൂര്‍ നേരമാണ് ബാറ്ററി ദൈര്‍ഘ്യം.

 സാധ്യമായ ഏറ്റവും മികച്ച തണുപ്പ് നൽകുന്നതിനായി ഉപകരണം ഒരു തെർമോ മൊഡ്യൂളിനെയും താപനില, ഈർപ്പം, മോഷൻ എന്നിവക്കായുള്ള രണ്ട് സെൻസറുകളെയുമാണ് ആശ്രയിക്കുന്നത്. കൂടാതെ, റിയോൺ പോക്കറ്റ് 5 നൊപ്പം റിയോൺ പോക്കറ്റ് ടാഗ് എന്ന ഉപകരണം കൂടിയുണ്ടാകും. ഇത് ഒരു റിമോട്ട് സെൻസറായി പ്രവർത്തിക്കുന്നു, അത് ചുറ്റുമുള്ള താപനില കണ്ടെത്തുകയും ഒപ്റ്റിമൽ പ്രകടനത്തിനായി അതിനനുസരിച്ച് കൂളിങ് ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നു.

ഉപകരണത്തിന് ഓട്ടോമാറ്റിക്കായി ഓൺ ആകാനും ഓഫ് ആകാനുമുള്ള കഴിവ് കൂടിയുണ്ട്. അതായത്, നിങ്ങളുടെ പിൻഭാഗത്തായി ഘടിപ്പിക്കുമ്പോൾ ഉപകരണം യാന്ത്രികമായി തണുപ്പിക്കാൻ / ചൂടാകാൻ തുടങ്ങുന്നു, കൂടാതെ നീക്കം ചെയ്ത് മേശപ്പുറത്ത് വയ്ക്കുമ്പോൾ ഉപകരണം യാന്ത്രികമായി നിർത്തുന്നു.

ഏഷ്യൻ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള റിയോൺ പോക്കറ്റ് 2019-ലാണ് ആദ്യമായി സോണി വിപണിയിലെത്തിക്കുന്നത്. ആഗോളവിപണി ലക്ഷ്യമിട്ട് അവതരിപ്പിച്ച പോക്കറ്റ് 5 നിലവിൽ യു.കെയിൽ അടക്കം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 14500 രൂപ മുതലാണ് വില വരുന്നത്. ഇന്ത്യയിൽ നിലവിൽ ഉപകരണം എത്തിയിട്ടില്ല. 

Tags:    
News Summary - Sony's Reon Pocket 5 is a wearable air conditioner to keep you cool in hot weather

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.