ബംഗളൂരു: വിവര സാങ്കേതികവിദ്യ (ഐ.ടി) മേഖലയിലെ തലസ്ഥാനം എന്ന ബംഗളൂരു നഗരത്തിന്‍റെ ഖ്യാതിക്ക് മങ്ങലേൽക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഐ.ടി മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ബംഗളൂരുവിനെക്കാൾ കൂടുതൽ വളർച്ച നേടുന്നത് ഹൈദരാബാദാണ്. അനറോക്ക് പ്രോപ്പർട്ടി കൺസൾട്ടന്‍റ്സിന്‍റെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഐ.ടി മേഖലയിലെ ഓഫിസുകൾ തുടങ്ങൽ അടക്കമുള്ള കാര്യങ്ങളിൽ ഹൈദരാബാദ് ബംഗളൂരുവിനെ പിന്തള്ളി.
ഐ.ടി, ഐ.ടി അനുബന്ധമേഖലയിൽ പുതിയ ഓഫിസ് സ്ഥാപിക്കൽ, നടത്തിപ്പ് തുടങ്ങിയവക്കായി ഏറെ ആളുകൾ മുന്നോട്ടുവരുന്നത് ഹൈദരാബാദിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്. 2022-23 സാമ്പത്തിക വർഷത്തിന്‍റെ ആദ്യപകുതിയിലെ കണക്കാണിത്. ഇക്കാലയളവിൽ ഹൈദരാബാദിൽ 8.2 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്ഥലം പുതുതായി ഉണ്ടായിട്ടുണ്ട്. ഏഴ് നഗരങ്ങളുടെ കണക്കുകളാണ് റിപ്പോർട്ടിൽ പറയുന്നത്. ആകെയുള്ളതിന്‍റെ 34 ശതമാനം പുതിയ ഓഫിസ് സ്ഥലങ്ങളും തയാറാക്കിയിരിക്കുന്നത് ഹൈദരാബാദിലാണ്. റിപ്പോർട്ട് പ്രകാരം രണ്ടാം സ്ഥാനമാണ് ബംഗളൂരുവിന്.
കോവിഡ് കാലത്ത് മിക്ക കമ്പനികളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കിയിരുന്നു. കോവിഡ് ഭീഷണി ഒഴിഞ്ഞതോടെ കമ്പനികൾ ജീവനക്കാരെ ഓഫിസുകളിലേക്ക് തിരിച്ചുവിളിക്കുകയാണ്. ഇതോടെയാണ് ഓഫിസ് കാര്യങ്ങൾക്കുള്ള റിയൽ എസ്റ്റേറ്റ് മേഖലയിലും വളർച്ച ഉണ്ടായത്. കമ്പനികൾ പുതിയ ഓഫിസ് സ്ഥലങ്ങൾ കണ്ടെത്തുന്ന തിരക്കിലാണ്.
ഏപ്രിലിനും സെപ്റ്റംബറിനും ഇടയിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഓഫിസ് സ്ഥലങ്ങൾ കൈവശപ്പെടുത്തിയത് ഹൈദരാബാദിലാണ്. പുതിയ ഓഫിസ് സ്ഥലങ്ങളുടെ വിതരണത്തിലും ഏഴ് നഗരങ്ങളെ തട്ടിച്ചുനോക്കുമ്പോൾ ഹൈദരാബാദിലാണ് വർധന. ചെന്നൈയും എൻ.സി.ആർ കോർപറേഷനും ഈ മേഖലയിൽ 82 ശതമാനം, 35 ശതമാനം, 26 ശതമാനം എന്നിങ്ങനെ വളർച്ച നേടി.
മുംബൈ, പുണെ, ബംഗളൂരു എന്നിവിടങ്ങളിൽ 45 ശതമാനം, 32 ശതമാനം, 16 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. ഏഴ് നഗരങ്ങളിൽ ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ. ഈ മൂന്നു നഗരങ്ങളിലുമായാണ് ഓഫിസ് സ്ഥലങ്ങളുടെ 66 ശതമാനം കൈകാര്യങ്ങളും നടക്കുന്നത്. വരുന്ന അർധവാർഷികത്തിലും ഇതേനില തുടരുമെന്നാണ് അനറോക്ക് പ്രവചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.