വാഷിങ്ടൺ: കമ്പനിയുടെ വളർച്ച മന്ദഗതിയിലായതിനാലാണ് ജീവനക്കാരെ വെട്ടികുറച്ചതെന്ന് ഗൂഗിൾ സി.ഇ.ഓ സുന്ദർ പിച്ചൈ. കമ്പനിയുടെ വളർച്ച സുതാര്യമാക്കാനാണ് അത്തരത്തിലൊരു തീരുമാനം എടുത്തത്. അതിലൂടെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനായെന്നും അദ്ദേഹം ജീവനക്കാരെ അറിയിച്ചു.
ബ്ലൂംബെർഗിന്റെ അവലോകനത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ സ്ഥാപകനും ബോർഡുമായി അവലോകന യോഗം ചേർന്നാണ് 6 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ച തീരുമാനമെടുത്തത്. "വ്യക്തമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ നിങ്ങൾക്കായില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകും" -സുന്ദർ പിച്ചൈ പറഞ്ഞു. മികച്ച വളർച്ചയ്ക്കും ഏറെ നിയമനങ്ങൾക്കും ശേഷമാണ് ഇത്തരമൊരു ഭീമമായ പിരിച്ചുവിടാൻ തീരുമാനിക്കുന്നത്. ഏകദേശം 12,000 നിയമനങ്ങളാണ് വെട്ടിക്കുറക്കുന്നത്.
നേരത്തെ തന്നെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പ്രചരണങ്ങൾ പരന്നിരുന്നെങ്കിലും പിരിച്ചുവിടാനുള്ള തീരുമാനം പല ജീവക്കാരെയും ഞെട്ടിച്ചു. എന്നാൽ ജീവനക്കാരെ വെട്ടിക്കുറച്ചത് കമ്പനിയുടെ സുതാര്യമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ശ്രദ്ധാപൂർവം എടുത്ത തീരുമാനമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ബോണസുകൾ കമ്പനിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടുതന്നെ ഇത്തവണ വാർഷിക ബോണസിൽ ശ്രദ്ധേയമായ കുറവ് വരും. കമ്പനിയുടെ തൊഴിൽ പ്രവർത്തനങ്ങൾ ഉൾപ്പടെ തീരുമാനങ്ങളെടുക്കുന്ന സംഘങ്ങൾ ചുരുക്കണമെന്ന് ഗൂഗിൾ ചീഫ് പീപ്പിൾ ഓഫീസർ യോഗത്തിൽ അറിയിച്ചു. അതേസമയം, നിക്ഷേപങ്ങളിൽ പ്രഥമസ്ഥാനം തുടരുന്നതിന് കമ്പനിയെ സ്വതന്ത്രമാക്കാൻ ഉദ്ദേശിച്ചാണ് ജീവനക്കാരെ വെട്ടികുറച്ചതെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.