ന്യൂയോർക്: ഗൂഗ്ളിെൻറ സ്മാർട്ട്ഫോൺ സീരീസിലെ ഏറ്റവും പുതിയ അവതാരമായ പിക്സൽ 4െൻറ പരാജയത്തെ തുടർന്ന് കമ്പനിയുടെ രണ്ട് മുതിർന്ന എഞ്ചിനിയർമാർ രാജിവെച്ചതായി റിപ്പോർട്ട്. ദ ഇൻഫർമേഷനാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. ഫോണിെൻറ കാമറ ഡിപ്പാർട്ട്മെൻറിലെ മാർക് ലെവോയ്, പിക്സൽ ജനറൽ മാനേജർ മാരിയോ ക്വെയ്റോസ് എന്നിവരാണ് മാർച്ചിലും ജനുവരിയിലുമായി കമ്പനി വിട്ടത്.
ഇരുവരുടെയും രാജി പിക്സൽ 4ാമെൻറ പരാജയത്തെ തുടർന്നാണോ, അല്ലെങ്കിൽ സ്വമേധയാ കമ്പനി വിട്ടതാണോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണമൊന്നുമില്ല. മുൻ ഗൂഗ്ൾ സി.ഇ.ഒ എറിക് ഷ്മിത്ത് 19 വർഷത്തെ സേവനത്തിന് ശേഷം രാജിവെച്ച് പേരൻറ് കമ്പനിയായ ആൽഫബറ്റിലേക്ക് മാറി ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് എഞ്ചിനീയർമാരുടെ വിടവാങ്ങൽ വാർത്ത പുറത്തുവരുന്നത്.
മാർക്കറ്റിൽ തിളങ്ങിയ പിക്സൽ 3, 3എക്സ്.എൽ എന്നീ മോഡലുകളുടെ പിൻഗാമിയായി ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിയ നാലാമൻ അമേരിക്കയിലും മറ്റ് മാർക്കറ്റുകളിലും തകർന്നടിയുകയായിരുന്നു. സ്മാർട്ട്ഫോൺ നിരൂപകരിൽ നിന്നും മോശം പ്രതികരണങ്ങൾ ലഭിച്ചതിനൊപ്പം സാമ്പത്തികമായും പരാജയപ്പെട്ടതോടെ കമ്പനി പ്രതിസന്ധിയിലായി. ഫോണിൽ കൊട്ടിഘോഷിച്ചുകൊണ്ട് അവതരിപ്പിച്ച സോളി റഡാർ ചിപ്പും മോഷൻ ജെസ്റ്റേഴ്സുമെല്ലാം വെറും ഗിമ്മിക്കാണെന്ന പ്രതികരണമായിരുന്നു ഏറെയും ലഭിച്ചത്.
ഇത്തരം ചിപ്പുകൾ അടങ്ങിയ ഫോൺ പല മൂന്നാംലോകരാജ്യങ്ങളിൽ അടക്കം വിൽക്കുന്നത് നിരോധനമുള്ളതും ഗൂഗ്ളിന് തിരിച്ചടിയായി. പിക്സൽ ഫോണുകൾക്ക് തരക്കേടില്ലാത്ത മാർക്കറ്റുള്ള ഇന്ത്യയിലും ഫോൺ വിപണയിൽ എത്തിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.