വെറും 251 രൂപക്ക് നാല് ഇഞ്ച് സ്മാര്‍ട്ട്ഫോണ്‍ ‘ഫ്രീഡം 251’

പറഞ്ഞതിലും ഏറെ വിലക്കുറവുമായി ഇന്ത്യന്‍ കമ്പനി റിങ്ങിങ് ബെല്‍ പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണ്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ബുക് ചെയ്യാം. ന്യൂഡല്‍ഹി നെഹ്റുപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. നേരത്തെ 499 രൂപ പറഞ്ഞിരുന്ന ‘ഫ്രീഡം 251’ ഫോണിന് 251 രൂപയാണ് വില. വെള്ളനിറത്തില്‍ മാത്രമാണ് ലഭിക്കുക. ഫെബ്രുവരി 18ന് രാവിലെ ആറുമുതല്‍ മുതല്‍ freedom 251.com എന്ന വെബ്സൈറ്റിലൂടെ ബുക് ചെയ്യാം. ഫെബ്രുവരി 21ന് രാത്രി എട്ടിന് രജിസ്ട്രേഷന്‍ അവസാനിക്കും. ജൂണ്‍ 30ന്  ശേഷമാണ് വിതരണം. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലാണ് യു.പിയിലെ നോയിഡ ആസ്ഥാനമായ കമ്പനി ഫോണ്‍ നിര്‍മിക്കുന്നത്.

960x540 പിക്സല്‍ റസലൂഷനുള്ള നാല് ഇഞ്ച് ഐ.പി.എസ് ക്യുഎച്ച്ഡി ഡിസ്പ്ളേയാണ്. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഓപറേറ്റിങ് സിസ്റ്റം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, മൈക്രോ എസ്ഡി കാര്‍ഡിട്ട് 32 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, 3.2 മെഗാപിക്സല്‍ പിന്‍കാമറ, 0.3 മെഗാപിക്സല്‍ വിജിഎ മുന്‍കാമറ, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, 1450 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.

സ്വച്ഛ് ഭാരത്, വിമന്‍സ് സേഫ്റ്റി, ഫിഷര്‍മെന്‍, ഫാര്‍മര്‍, മെഡിക്കല്‍ ആപ്പുകള്‍ക്ക് പുറമെ യൂടൂബ്, വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരുവര്‍ഷം വാറന്‍റിയും നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ആകെ 650 സര്‍വീസ് സെന്‍ററുകളാണ് കമ്പനിക്കുള്ളത്.

നിലവില്‍ ഏറ്റവും കുറഞ്ഞ സ്മാര്‍ട്ട്ഫോണിന് 1500 രൂപ നല്‍കണം. കഴിഞ്ഞ വര്‍ഷം കനേഡിയന്‍ കമ്പനി ഡാറ്റാവിന്‍ഡ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് 999 രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രാവര്‍ത്തികമായില്ല.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ 2015ലാണ് ഹാന്‍ഡ്സെറ്റുകളുടെ അസംബ്ളിയുമായി റിങ്ങിങ് ബെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. ഈയിടെ 2999 രൂപയുടെ ഏറ്റവും വില കുറഞ്ഞ ഫോര്‍ജി സ്മാര്‍ട്ട്ഫോണുമായി റിങ്ങിങ് ബെല്‍ രംഗത്തത്തെിയിരുന്നു. ബെല്‍ സ്മാര്‍ട്ട് 101 എന്ന് പേരുള്ള ഈ ഫോണില്‍ ഒരു ജി.ബി ഡിഡിആര്‍ത്രീ റാം, 960x 480 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഐ.പി.എസ് സ്ക്രീന്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, 3.2 മെഗാപിക്സല്‍ മുന്‍കാമറ, ത്രീജിയില്‍ 10 മണിക്കൂര്‍ നില്‍ക്കുന്ന 2800 എം.എ.എച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, ത്രീജി, എഫ്.എം റേഡിയോ, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത് 4.0, എന്നിവയാണ് വിശേഷങ്ങള്‍. കറുപ്പ്, സില്‍വര്‍ നിറങ്ങളില്‍ ലഭിക്കും.

രണ്ട് സാദാ ഫോണുകളും കമ്പനിയുടേതായി വിപണിയിലുണ്ട്. ബെല്‍ മാസ്റ്റര്‍ എന്നതിന് 999 രൂപയും ബെല്‍ ഫോര്‍യുവിന് 799 രൂപയുമാണ് വില. 399 രൂപ വിലയുള്ള കിവി എന്ന പവര്‍ ബാങ്കും കമ്പനിയുടേതായുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.