ഫ്രീഡം 251: ആദ്യം ബുക് ചെയ്തവര്‍ക്ക് പണം തിരികെനല്‍കും

നോയ്ഡ കേന്ദ്രമായ ‘റിങ്ങിങ് ബെല്‍സ്’ 251 രൂപക്ക് വാഗ്ദാനം ചെയ്ത സ്മാര്‍ട്ട് ഫോണ്‍ ‘ഫ്രീഡം 251’ ബുക് ചെയ്തവര്‍ക്ക് പണം തിരികെനല്‍കുന്നു. ബുക്കിങ്ങിന്‍െറ ആദ്യ ദിനം ബുക് ചെയ്ത 30,000ത്തോളം പേരില്‍നിന്നാണ് കമ്പനി പണം മുന്‍കൂര്‍ സ്വീകരിച്ചത്. ഇവര്‍ക്കാണ് പണം തിരികെനല്‍കുന്നത്. ഇവരില്‍ മിക്കവര്‍ക്കും പണം തിരികെനല്‍കിയിട്ടുണ്ടെന്നും ഇനി ഫോണ്‍ നല്‍കുന്ന സമയത്ത് പണം നല്‍കിയാല്‍ മതിയെന്നും റിങ്ങിങ് ബെല്‍സ് എം.ഡി മോഹിത് ഗോയല്‍ പറഞ്ഞു. എങ്ങന്‍െ കുറഞ്ഞ വിലക്ക് നല്‍കുമെന്നതടക്കമുള്ള ഫോണിനെക്കുറിച്ച ദുരൂഹതകള്‍ ഒന്നും അഴിക്കാതെയാണ് കമ്പനി പുതിയ പ്രഖ്യാപനം നടത്തുന്നത്. തകരാറിലായ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായപ്പോള്‍ ബുക് ചെയ്തവരില്‍നിന്ന് മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും വാങ്ങിയ കമ്പനി പണമടക്കേണ്ട ലിങ്ക് ഇ-മെയിലില്‍ അയച്ചുതരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇത് നല്‍കിയിരുന്നില്ല. 
ഇനി ഉല്‍പന്നം കൈമാറുമ്പോള്‍ പണം വാങ്ങുന്ന ‘കാഷ് ഓണ്‍ ഡെലിവറി’ രീതി പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും തെറ്റിദ്ധാരണ ഒഴിവാക്കാനും കൂടുതല്‍ സുതാര്യതക്കും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും റിങ്ങിങ് ബെല്‍സ് പ്രസിഡന്‍റ് അശോക് ഛദ്ദ പറഞ്ഞു.
കമ്പനിയുടെ പ്രമോട്ടര്‍മാരെക്കുറിച്ചും സാമ്പത്തിക വിവരങ്ങളും അക്കൗണ്ടുകളും സംബന്ധിച്ചും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആദായനികുതി വകുപ്പും കമ്പനിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. വ്യവസായികളുടെ പരാതിയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാര്‍ഡേര്‍ഡ്സിന്‍െറ (ബിസ്) സര്‍ട്ടിഫിക്കറ്റില്ലാതെ ഫോണ്‍ വില്‍ക്കുന്നത് സംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. കമ്പനിയുടെ രേഖകള്‍ പരിശോധിക്കാന്‍ യു.പി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. 
ഏഴ് കോടിയോളം പേര്‍ ബുക് ചെയ്തതായാണ് അറിവ്. പറഞ്ഞ തീയതിയായ ജൂണ്‍ 30ന് മുമ്പ് 25 ലക്ഷം ഫോണുകള്‍ നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കടകള്‍ വഴി 25 ലക്ഷം പേര്‍ക്കുകൂടി ഫോണുകള്‍ നല്‍കും. പ്രീബുക്കിങ് ആരംഭിച്ച ആദ്യത്തെ ദിവസം 30,000 ബുക്കിങ് കഴിഞ്ഞപ്പോള്‍ കമ്പനിയുടെ വെബ്സൈറ്റ് തകരാറിലായിരുന്നു. പലര്‍ക്കും മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ബുക്ക് ചെയ്യാനായില്ല. രണ്ടാമത്തെ ദിവസം വെബ്സൈറ്റ് തകരാര്‍ പരിഹരിച്ചു. ഇതോടെ ബുക്കിങ്ങിന് സൗകര്യമായെങ്കിലും പണമിടപാട് നടത്തിയിരുന്നില്ല. പണമടക്കാനുള്ള ലിങ്ക് പിന്നീട് ഇ മെയിലില്‍ അയച്ചുനല്‍കാമെന്നായിരുന്നു ബുക്കിങ് നടത്തിയവരെ അറിയിച്ചിരുന്നത്.
ഇത്തരത്തില്‍ ആര്‍ക്കും ഇമെയില്‍ ലഭിക്കാതിരുന്നപ്പോള്‍ കമ്പനിയും ഫ്രീഡം 251 ഫോണും തട്ടിപ്പാണെന്ന സംശയമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാങ്ങിയപണം തിരികെ നല്‍കാനും ഫോണ്‍ കാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ഉപഭോക്താക്കള്‍ക്കത്തെിക്കാനും കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.