മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ 14 വാങ്ങാൻ റെഡിയായിക്കോ..! നിർമാണം തുടങ്ങി ആപ്പിൾ; വില കുറഞ്ഞേക്കും

ആപ്പിൾ അവരുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങി. പുതിയ മോഡലുകൾ ഇറക്കിയാൽ, പൊതുവേ മാസങ്ങളോളം കഴിഞ്ഞാണ് ആപ്പിൾ അവയുടെ നിർമാണ് ഇന്ത്യയിൽ ആരംഭിക്കാറുള്ളത്. ഐഫോൺ 14ന്റെ കാര്യത്തിൽ, ഏറെ നേരത്തെയാണിത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോണിന്റെ നിർമ്മാണ പ്ലാന്റിൽ ഐഫോൺ 14 നിർമ്മിക്കാൻ തുടങ്ങുന്ന കാര്യം ആപ്പിൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നതിന്റെ ആവേശത്തിലാണ് തങ്ങളെന്നും ആപ്പിൾ പ്രതികരിച്ചു.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ ആപ്പിൾ ഏറ്റവും പുതിയ ഐഫോണുകൾ നിർമ്മിക്കുന്നത് ഇതാദ്യമാണ്. കലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ 2017ൽ ഐഫോൺ എസ്.ഇ ഇന്ത്യയിൽ നിർമിച്ചുകൊണ്ടാണ് തുടക്കമിട്ടത്. ഇന്ന്, ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13, ഇപ്പോൾ ഐഫോൺ 14 എന്നിവയുൾപ്പെടെ ഏറ്റവും നൂതനമായ ഐഫോണുകൾ ആപ്പിൾ രാജ്യത്ത് നിർമ്മിക്കുന്നു.


ഏതാനും ദിവസങ്ങൾക്കുള്ളിൽ മെയ്ഡ്-ഇൻ-ഇന്ത്യ ഐഫോൺ 14 പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്താൻ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ഫോണുകൾ ഇന്ത്യൻ വിപണിക്കും കയറ്റുമതിക്കും വേണ്ടിയുള്ളതായിരിക്കും.

ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്‌സ്‌കോണിന്റെ ഫാക്ടറിയിൽ നിന്നാണ് ഐഫോൺ 14 കയറ്റുമതി ​ചെയ്യുക. കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉത്പന്ന നിർമ്മാതാവും പ്രധാന ഐഫോൺ അസംബ്ലറുമാണ് ഫോക്സ്കോൺ.


ഇന്ത്യ ആപ്പിളിന്റെ ഒരു പ്രധാന വിപണിയായി മാറിക്കൊണ്ടിരിക്കുകയാണ്. 2022ലെ രണ്ടാം പാദത്തിൽ രാജ്യത്ത് ഇരട്ടി വരുമാനമാണ് അമേരിക്കൻ കമ്പനി നേടിയത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്നത് രാജ്യത്ത് കാര്യമായ നേട്ടമുണ്ടാക്കാൻ ആപ്പിളിനെ സഹായിക്കും. കാരണം, പുതിയ നീക്കം ഇന്ത്യയിൽ ഐഫോണുകളുടെ വില കുറയ്ക്കാനും സഹായിക്കും. അത് കൂടുതൽ ആളുകളെ ഐഫോണിലേക്ക് ആകർഷിക്കുകയും ചെയ്യും.

അതേസമയം, ഇന്ത്യയെ തങ്ങളുടെ പ്രധാന ആഗോള ഉൽ‌പാദന കേന്ദ്രങ്ങളാക്കാൻ ക്യൂപെർട്ടിനോ-ഭീമൻ തയ്യാറെടുക്കുകയാണെന്നാണ് ജെപി മോർഗനിലെ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാരംഭ ഘട്ടമെന്ന നിലക്ക്, ഈ വർഷം തന്നെ ഐഫോൺ 14 ന്റെ 5% നിർമാണം ഇന്ത്യയിലേക്ക് മാറ്റാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2025 ഓടെ ആപ്പിളിന്റെ ആഗോള ഉത്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Tags:    
News Summary - Apple Started Making iPhone 14 in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.