കാത്തിരിപ്പിനൊടുവിൽ ഗൂഗ്ൾ അവരുടെ പിക്സൽ 6 സീരീസ് അവതരിപ്പിച്ചിരിക്കുകയാണ്. സ്വന്തം ചിപ്സെറ്റുമായി എത്തുന്ന പിക്സൽ ഫോണുകളിൽ ഇത്തവണ, ഡിസൈനിലും കാര്യമായ മാറ്റങ്ങളാണുള്ളത്. 50 മെഗാപിക്സൽ ക്യാമറ, ഇൻഡിസ്പ്ലേ ഫിംഗർ പ്രിൻറ് സെൻസർ തുടങ്ങി, മുൻ മോഡലുകളിൽ കാണാൻ കഴിയാതിരുന്ന പല സവിശേഷതകളും ആറാമനിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
പിക്‌സൽ 6ന് നൽകിയിരിക്കുന്നത് 6.4 ഇഞ്ച് FHD+ AMOLED ഫ്ലാറ്റ് ഡിസ്‌പ്ലേയാണ്. അതേസമയം, പിക്സൽ 6 പ്രോയുടേത് 6.7 ഇഞ്ച് വലിപ്പമുള്ള QHD+AMOLED കർവ്ഡ് ഡിസ്‌പ്ലേയാണ്. 120Hz റിഫ്രഷ് റേറ്റും 6 പ്രോയുടെ ഡിസ്പ്ലേയ്ക്ക് നൽകിയിട്ടുണ്ട്. പിക്സൽ 6ലാകെട്ട 90Hz റിഫ്രഷ് റേറ്റ് മാത്രമാണ് നൽകിയത്.
50 മെഗാപിക്‌സൽ പ്രധാന ക്യാമറയാണ് 6 പ്രോയിലുമുള്ളത്. ഒപ്പം, 12എംപി അൾട്രാവൈഡ് ക്യാമറയും 48 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെൻസും പ്രോ വേരിയൻറിന് നൽകി. 6 പ്രോയിലുള്ളത് 11.1 എംപിയുടെ സെൽഫി ക്യാമറയാണ്. പിക്സൽ 6ലും 50 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയാണ് നൽകിയത്. 12 മെഗാപിക്‌സൽ, അൾട്രാവൈഡ് ക്യാമറയും 8 മെഗാപിക്‌സൽ സെൽഫി ക്യാമറയുമാണ് മറ്റ് സവിശേഷതകൾ.
കമ്പനിയുടെ ഇൻ-ഹൗസ് ഗൂഗിൾ ടെൻസർ ചിപ്‌സെറ്റ് കരുത്തേകുന്ന ആദ്യത്തെ സ്മാർട്ട്ഫോണുകളാണ് പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവ. ഇതുവരെ ഗൂഗ്ൾ പിക്സൽ ഫോണുകളിൽ ഉൾകൊള്ളിച്ചിരുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ പ്രൊസസറുകളോട് ഗുഡ്ബൈ പറഞ്ഞിരിക്കുകയാണ് ഗൂഗ്ൾ. 5ജി പിന്തുണയുള്ള ചിപ്സെറ്റാണ് ടെൻസർ.
ആൻഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ള ഗൂഗ്ൾ സ്റ്റോക് ആൻഡ്രോയ്ഡ് യൂസർ ഇൻറർഫേസാണ് പിക്സൽ 6 സീരീസിലുള്ളത്. മൂന്ന് വർഷത്തെ മേജർ ആൻഡ്രോയ്ഡ് അപ്ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ച് അപ്ഡേറ്റുകളും പുതിയ ഫോണുകൾക്ക് ഗൂഗ്ൾ നൽകിയേക്കും.
പിക്‌സൽ 6ൽ 8ജിബി റാമും 128 ജിബി, 256 ജിബി സ്റ്റോറേജ് വകഭേദങ്ങളുമാണുള്ളത്. എന്നാൽ, 6 പ്രോയിൽ 12 ജിബി റാമും 128ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് മോഡലുകളുമുണ്ട്. ഇരുഫോണുകളിലും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻറ് സെൻസറുമുണ്ടായിരിക്കും. Wi-Fi 6E, ബ്ലൂടൂത്ത് 5.2 എന്നിവയാണ് മറ്റ് സവിശേഷതകൾ.
പിക്സൽ 6ൽ 4,600 mAh ബാറ്ററിയും 6 പ്രോയിൽ 5,000mAh ബാറ്ററിയുമാണ് ഉൾകൊള്ളിച്ചത്. രണ്ട് ഫോണുകളും 30W വയേർഡ് ചാർജിങ്ങും 23W വയർലെസ് ചാർജിങ്ങും പിന്തുണക്കുന്നുണ്ട്. ഗൂഗിൾ പിക്സൽ 6 ബോക്സുകളിൽ ചാർജർ ഉൾപ്പെടുത്താത്തതിനാൽ പവർ അഡാപ്റ്റർ പ്രത്യേകമായി വാങ്ങേണ്ടിവരും.
പതിവുതെറ്റിച്ചുകൊണ്ട് ഗൂഗ്ൾ പിക്സൽ ഫോണുകളുടെ വിലയിൽ ഇത്തവണ അൽപ്പം വിട്ടുവീഴ്ച്ച വരുത്തിയിട്ടുണ്ട്. പിക്‌സൽ 6െൻറ പ്രാരംഭ വില 44,971 രൂപയാണ്. 67,494 രൂപയാണ് പിക്‌സൽ 6 പ്രോയുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.