ഐഫോൺ വാങ്ങാൻ വരട്ടെ..! പിക്സൽ 7 സീരീസുമായി ഗൂഗിൾ ഇന്ത്യയിലേക്ക്, വിലയും വിശേഷങ്ങളും

ഒടുവിൽ ഗൂഗിൾ തങ്ങളുടെ മുൻനിര പിക്‌സൽ ഫോണുകളുമായി ഇന്ത്യയിലേക്കെത്തുന്നു. ഫ്ലാഗ്ഷിപ്പ് മോഡലുകളായ പിക്സൽ 7, പിക്സൽ 7 പ്രോ എന്നിവ ഇന്ത്യയിൽ റിലീസ് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പിക്സൽ 6, 6 പ്രോ അടക്കം മുൻപത്തെ പല ഫ്ലാഗ്ഷിപ്പ് മോഡലുകളും ഗൂഗിൾ ഇന്ത്യയിൽ റിലീസ് ചെയ്തിരുന്നില്ല. ഇരുമോഡലുകളുടെയും ഔദ്യോഗിക ലോഞ്ച് തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും പിക്സൽ ഫോൺ ഇഷ്ടപ്പെടുന്നവർ എന്തായാലും ആവേശത്തിലാണ്.

പുതിയ പിക്സൽ ഫോണുകൾ ആഗോള വിപണിയിൽ ഒക്ടോബർ ആറിനാണ് അരങ്ങേറ്റം കുറിക്കുക, അതിനുശേഷമാകും ഇന്ത്യൻ വിപണിയിലെ റിലീസ് തീയതിയും വില വിവരവുമൊക്കെ ഗൂഗിൾ പ്രഖ്യാപിക്കുക. എന്നാൽ, ലോഞ്ച് ഇവന്റിന് മുന്നോടിയായി പിക്സൽ 7 സീരീസിന്റെ വില ഓൺലൈനിൽ ചോർന്നിരിക്കുകയാണ്.

എ.പി.കെ മിറർ സ്ഥാപകൻ ആർടെം റുസകോവ്‌സ്‌കി പുറത്തുവിട്ട വിശദാംശങ്ങൾ അനുസരിച്ച്, പിക്‌സൽ 7 സീരീസിന്റെ പ്രാരംഭ വില 599 ഡോളർ (ഏകദേശം 48,580 രൂപ) ആയിരിക്കും. പിക്സൽ 7 പ്രോയുടെ വില 899 ഡോളർ (ഏകദേശം 72,910 രൂപ) ആയിരിക്കുമെന്നുമാണ് പറയപ്പെടുന്നത്. നേരത്തെ ഇതേ വ്യക്തി പിക്സൽ 5ന്റെ വിലയും ഇതുപോലെ പുറത്തുവിട്ടിരുന്നു. അത് കൃത്യമാവുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ വില


പിക്സൽ 6എ എന്ന സ്‌മാർട്ട്‌ഫോണിന്റെ കാര്യത്തിലെന്നപോലെ ഇന്ത്യയിലെത്തുമ്പോൾ പിക്സൽ 7 സീരീസിന്റെ വില യുഎസിലുള്ളതിനേക്കാൾ കൂടുതലായിരിക്കും. 449 ഡോളറിനാണ് അമേരിക്കയിൽ പിക്സൽ 6എ അവതരിപ്പിച്ചത്, ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ഏകദേശം 36,417 രൂപ. എന്നാൽ, രാജ്യത്ത് ഔദ്യോഗികമായി 43,999 രൂപയ്ക്കാണ് ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. അമേരിക്കൻ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 7,582 രൂപയുടെ വർധനവുണ്ടായി. അതിനാൽ, പിക്സൽ 7 സീരീസിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാം.

ഡിസ്‌കൗണ്ട് ഓഫറുകൾ അടക്കം ഇന്ത്യയിൽ പിക്‌സൽ 7 സീരീസിന് ഏകദേശം 50,000 രൂപയോ 52,000 രൂപയോ നൽകേണ്ടി വരുമെന്ന് ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ട്വിറ്ററിലൂടെ അറിയിച്ചു. അങ്ങനെയെങ്കിൽ യഥാർത്ഥ വില 60,000 രൂപയിൽ താഴെയായിരിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. അതുപോലെ, പിക്സൽ 7 പ്രോയ്ക്ക് 899 ഡോളർ (ഏകദേശം 72,910 രൂപ) വിലവരും. അപ്പോൾ യഥാർത്ഥ വില ഏകദേശം 80,000 രൂപ ആയിരിക്കും.

പിക്സൽ 7 ഫീച്ചറുകൾ


പിക്‌സൽ 7, പിക്‌സൽ 7 പ്രോ എന്നീ മോഡലുകൾക്ക് രണ്ടാം തലമുറ ടെൻസർ ചിപ്‌സെറ്റാണ് കരുത്ത് പകരുകയെന്ന് ഗൂഗിൾ വെളിപ്പെടുത്തി. പിക്‌സൽ 6 ലൈനപ്പിന്റെ ഫസ്റ്റ്-ജെൻ ടെൻസറിന്റെ ഫോളോ-അപ്പ് ആയിരിക്കും പുതിയ പ്രോസസർ. മികച്ച പ്രകടനവും ബാറ്ററി ലൈഫും നൽകുന്നതായിരിക്കും പുതിയ ടെൻസർ ചിപ്സെറ്റ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള മികച്ച ഫീച്ചറുകൾ രണ്ടാം തലമുറ ടെൻസർ ചിപ്പിൽ പ്രതീക്ഷിക്കാം. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിപ്സെറ്റ് എഎംഡി ജിപിയുവിനൊപ്പം വരുമെന്ന് ചിലർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പിക്സൽ 7ന് 50 എംപി പ്രധാന ക്യാമറയും 12 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസും ഉണ്ടാകും, പിക്സൽ 7 പ്രോയ്ക്ക് 48 എംപി ടെലിഫോട്ടോ ലെൻസും ഉണ്ടാകും. ഡ്യൂറബിലിറ്റിക്ക്, ഗൊറില്ല ഗ്ലാസ് വിക്ടസിനൊപ്പം പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി പിക്സൽ 7 ലൈനപ്പിന് IP68 റേറ്റിങ്ങും ഉണ്ടായിരിക്കും.

പിക്സൽ 6 സീരീസിന്റെ ഇൻഡിസ്‍പ്ലേ ഫിംഗർ പ്രിന്റ് സെൻസറിൽ ഉപയോക്താക്കൾ വലിയ പ്രശ്നങ്ങൾ നേരിട്ടതിനാൽ പിക്സൽ 7 സീരീസിൽ അതിൽ മാറ്റം വരാനും സാധ്യതയുണ്ട്. 

Tags:    
News Summary - Google Pixel 7 and Pixel 7 Pro are coming soon to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.